പന്തളം: കേന്ദ്ര ഫണ്ട് അടക്കം ത്രിതലപഞ്ചായത്തിലെയും എംഎല്‍എ മാരുടെയും ഫണ്ടുകള്‍ വിനിയോഗിച്ച് സ്കൂളുകളില്‍ ശൗചാതയങ്ങളും മൂത്രപ്പുരകളും നിര്‍മ്മിക്കുന്നുണ്ടെങ്കിലും ഇവ വൃത്തിയായും വെടിപ്പായും പരിരക്ഷിക്കാനുള്ള തുടര്‍ നടപടികള്‍ ഇല്ലാത്തത് സ്കൂളുകളിലെ പ്രധാന പോരായ്മയായി നില്ക്കുന്നു. സ്കുള് പരിസരം കാടുകയറുന്നതും തടയാവുന്നില്ല. ചുറ്റുമതിലുകള്‍ ഇല്ലാത്തത് പല സ്കൂളുകളിലും സാമൂഹികവിരുദ്ധരുടെ താവളങ്ങള്‍ക്ക് ഇടയാക്കുന്നു. പന്തളം വിദ്യാഭ്യാസ ഉപജില്ലയില്‍ പന്തളം നഗരസഭ, പന്തളം തെക്കേക്കര, തുമ്പമണ്‍ ഗ്രാമപഞ്ചായത്തുകളിലായി എല്‍പി, യുപി വിഭാഗങ്ങളിലായി 26ഉം, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 6ഉം സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളാണുള്ളത്. കൂടാതെ, പ്ലസ് ടൂ വരെയുള്ള മൂന്ന് സിബിഎസ്ഇ സ്കൂളുകളും എന്‍ഐഒഎസ്, സംസ്ഥാന പാഠ്യപദ്ധതി എന്നിവ പിന്തുടരുന്ന 10 വരെയുള്ള ഓരോ സ്കൂളുമുള്‍പ്പെടെ പത്തോളം സ്കൂളുകള്‍ സ്വകാര്യ അണ് എയ്ഡഡ് സ്കൂളുകളുമുണ്ട്.ഇവിടെയുള്ള സ്കൂളുകളില്‍ പൊതുവേയുള്ളത് മെച്ചപ്പെട്ട സൗകര്യങ്ങളാണ്. ഒന്നോ രണ്ടോ സ്കൂളുകളില്‍ കെട്ടിടങ്ങളുടെ പരിമിതിയുണ്ടെങ്കിലും അദ്ധ്യാപകരുടെ പരിമിതി അനുഭവപ്പെട്ടിരുന്നില്ല. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് താല്‍ക്കാലികമായി അദ്ധ്യാപകരെ നിയമിച്ചാണ് കഴിഞ്ഞ അദ്ധ്യയന വര്‍ഷം സ്കൂളുകള്‍ പ്രവര്‍ത്തിച്ചത്. കെട്ടിടങ്ങളുടെ പരിമിതികള്‍ എംഎല്‍എ, എംപി ഫണ്ടുകളുപയോഗിച്ച് അടുത്ത അദ്ധ്യയന വര്‍ഷം തന്നെ പരിഹരിക്കുമെന്ന് എഇഒ വിജയം പറഞ്ഞു. പൂഴിക്കാട് ഗവ. യുപി സ്കൂളിന് എംഎല്‍എ ഫണ്ടില്‍ നിന്നും ബസ്സും ഹൈടെക് ക്ലാസ് മുറിയും അനുവദിച്ചിരുന്നു. നൂറില്‍ താഴെ കുട്ടികളുള്ള പൊങ്ങലടി ഗവ. എല്പിഎസ്സിന് എംഎല്‍എ ഫണ്ടുപയോഗിച്ച് സ്കൂള്‍ ബസ് വാങ്ങാനും കെട്ടിടം പണിയാനും നടപടികളായി. ഉപജില്ലയിലെ എല്ലാ സ്കൂളുകളിലും കുട്ടികളുടെയും അദ്ധ്യാപകരുടെയും എണ്ണത്തിനാനുപാതികമായി അത്ര മെച്ചമല്ലെങ്കിലും ടോയ്ലറ്റുകളുണ്ട്. തട്ടയില്‍ ഒരിപ്പുറം ജിഎല്പിജിഎസില് ടോയ്ലറ്റിന്റെ പുറകുഭാഗം ഒരു വര്‍ഷം മുമ്പ് ഇടിഞ്ഞു താണത് ശരിയാക്കാന്‍ നടപടിയെടുക്കണം. ഇവിടെ എംഎല്‍എ ഫണ്ടുപയോഗിച്ച് സ്കൂളിനു കെട്ടിടം പണിയാന്‍ അനുമതിയായിട്ടുണ്ട്. അതേപോലെതന്നെ ക്ലാസ്സ് മുറികളും ടോയ്ലറ്റുകളും വൃത്തിയായി സൂക്ഷിക്കാന്‍ മതിയായ ആളില്ലാത്തത് വലിയ പോരായ്മയാണ്. എല്ലാ ക്ലാസ്സ് മുറികളിലും ഫാനുകളുണ്ട്. മങ്ങാരം ഗവ. യുപി സ്കൂളില്‍ എംഎല്‍എ ഫണ്ടില്‍ നിന്നും ഒരു ഡിജിറ്റല്‍ ക്ലാസ്സ് മുറിയും എംപിയുടെ ഫണ്ടില്‍ നിന്നും ഒരു സ്മാര്‍ട്ട് ക്ലാസ്സ് മുറിയും അനുവദിച്ചിട്ടുണ്ട്. പഴയ കെട്ടിടത്തില്‍ ലൈബ്രറിയായി ഉപയോഗിക്കുന്ന മുറിയില്‍ ഇപ്പോഴുണ്ടായിട്ടുള്ള ചോര്‍ച്ച പരിഹരിക്കാനായി പന്തളം നഗരസഭ 1 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇവിടെ എസ്എസ്എ ഫണ്ടുപയോഗിച്ച് ജൈവ പാര്‍ക്ക് ആരംഭിക്കുന്നതിന്റെ ഭാഗമായി ചെടികളും മറ്റും നട്ടു തുടങ്ങി. ഇവിടുത്തെ പഴയ രീതിയിലുള്ള അടുക്കള വലിപ്പം കൂട്ടി ആധുനിക രീതിയിലുള്ളതാക്കുന്നതിനുവേണ്ട നടപടികളുണ്ടാകണം.സ്കൂളുകളിലെ ഉച്ചഭക്ഷണം പദ്ധതി കഴിഞ്ഞ വര്‍ഷം മുടക്കമില്ലാതെ നടന്നു. യൂണിഫോമുകളും കൃത്യമായി നല്കി. ഈ വര്‍ഷവും അതിനു മുടക്കം വരാതെ നടപ്പാക്കാനുള്ള ശ്രമത്തിലാണ്. എല്‍പി സ്കൂളുകളൊഴികെ മിക്ക സ്കൂളുകളിലും ഭേദപ്പെട്ട കമ്പ്യൂട്ടര്‍ ലാബുകളും ലൈബ്രറികളുമുണ്ട്. എന്നാല്‍ പാഠപുസ്തകങ്ങളുടെ കാര്യം കഴിഞ്ഞ വര്‍ഷം തൃപ്തികരമായിരുന്നില്ല. എല്ലാ പുസ്തകങ്ങളും കിട്ടിയെങ്കിലും അത് സമയത്തിനു കിട്ടിയിരുന്നില്ല. ഈ വര്‍ഷം ഇതുവരെ ഒരു പാഠപുസ്തകവും എത്തിയിട്ടില്ല. സ്കൂളുകളില്‍ ജലക്ഷാമത്തിന്റെ ബുദ്ധിമുട്ടുകളും ഇവിടെ കുറവായിരുന്നു. തങ്ങളെ ക്ലാസ്സുകളെടുക്കുന്ന ചുമതലയില്‍ നിന്നൊഴിവാക്കിയാല്‍ സ്കൂളിന്റെ മൊത്തത്തിലുള്ള നിലവാരമുയര്‍ത്തുന്ന കാര്യത്തില്‍ ശ്രദ്ധിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രഥമാദ്ധ്യാപകര്‍ പറയുന്നത്. പ്രവൃത്തി പരിചയം, ഫിസിക്കല്‍ എജ്യൂക്കേഷന്‍, ആര്‍ട്ട് എജ്യൂക്കേഷന്‍ എന്നിവയ്ക്ക് എസ്എസ്എയില്‍ നിന്നും കഴിഞ്ഞ വര്‍ഷം അദ്ധ്യാപകരെ വിട്ടു നല്‍കിയിരുന്നത് കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു. ഈ വര്‍ഷവും അതു തുടരും.ഇവിടെയുള്ള സ്കൂളുകളഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം സ്കൂള്‍ പരിസരത്തു വളര്‍ന്നു നില്ക്കുന്ന കാടുകള്‍ നീക്കം ചെയ്യാത്തതാണ്. മിക്ക സ്കൂളുകളിലെയും അവസ്ഥ ഇതുതന്നെ. ഈ കാടുകളില്‍ വിഷജന്തുക്കളോ മറ്റെന്തെങ്കിലുമുണ്ടോ എന്നൊന്നും ചിന്തിക്കാതെയാണ് കുട്ടികള്‍ ഇവിടെയെല്ലാം ഓടിക്കളിക്കുന്നത്. ഇവയൊന്നും നീക്കം ചെയ്യുന്നതിനുള്ള ഫണ്ടുകളും സ്കൂളുകള്ക്കനുവദിക്കാറില്ല. അതിനാല്‍ അദ്ധ്യയന വര്‍ഷം തുടങ്ങുന്നതിനു മുമ്പുതന്നെ ഇത്തരം കാടുകള്‍ നീക്കം ചെയ്യുന്നതിനും പിന്നീട് കാടു വളരാതിരിക്കുന്നതിനും വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണം. ഇതിനായി തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. ഉപജില്ലയിലെ അണ് എയ്ഡഡ് സ്കൂളുകളെല്ലാംതന്നെ ഭേദപ്പെട്ട രീതിയില്‍ ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് ക്ലാസ്സുകള്‍ എടുക്കുന്നതിനുള്ള മത്സരത്തിലാണ്. അതിനാല്‍ ഇത്തരം സ്കൂളുകളില്‍ കുട്ടികള്‍ക്ക് അഡ്മിഷന് ലഭിക്കുന്നതിനുള്ള തിരക്കും മാസങ്ങള്‍ക്കു മുമ്പേ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: