വരകള്‍ വീഴുന്ന പ്രതലത്തിന്റെ പരിധിയ്ക്കപ്പുറമാണ് ഒരു കാര്‍ട്ടൂണിന്റെ പ്രഹരശേഷി. ചിരിയെ ഉണര്‍ത്തുകയും ചിന്തയെ ആക്രമിക്കുകയും ചെയ്യുന്ന രസതന്ത്രം. ആയിരം വാക്കുകള്‍ കൊണ്ട് പറയാനുദ്ദേശിക്കുന്നത് ഒരു വരയിലൊതുക്കുന്ന മാന്ത്രികത. അതിലൂടെ പറയുന്നത് ചിലപ്പോള്‍ പ്രാദേശികമോ അന്തര്‍ദേശീയമോ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളോ ആയിരിക്കാം. അത് കൊള്ളേണ്ടിടത്ത് കൊള്ളും. മനസ്സിലിങ്ങനെ ആഴത്തില്‍ പതിയും.
മലയാളിക്ക് പക്ഷെ ലോകോത്തര കാര്ട്ടൂണുകള് അത്ര പരിചിതമായിരിക്കില്ല. ലോക പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളുടെ ചിന്തകളുടെ തലം എത്രത്തോളമാണെന്ന് അത് കണ്ടുതന്നെ അറിയണം. ജലക്ഷാമം കൊണ്ട് പൊറുതിമുട്ടുമ്പോള്‍ ഒരു തുള്ളി വെള്ളത്തിന്റെ മൂല്യം അളക്കാനാവുമോ?. ഒരു ജലകണം മൂന്ന് കുട്ടികള്‍ക്ക് വീതിച്ചു നല്‍കാനുള്ള ഒരമ്മയുടെ ശ്രമം ചൈനീസ് കാര്‍ട്ടൂണിസ്റ്റായ ലിയു ക്വാങ് ചിത്രീകരിക്കുമ്പോള്‍ അത് പലതും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
സിറിയയില്‍ നിന്ന് യൂറോപ്പിലേക്കുള്ള പലായനത്തിനിടെ ബോട്ടുതകര്‍ന്ന് മരിച്ച അലന് കുര്‍ദിയെന്ന ബാലന് ഇന്നും മനസ്സിലൊരു നീറ്റലാണ്. കടല്‍ത്തീരത്ത്, ആ കുഞ്ഞുബാലന് സ്വപ്നം കണ്ടുറങ്ങുകയാണെന്നെ ആര്‍ക്കും തോന്നൂ.
ആ അലന്റെ കുഞ്ഞു സ്വപ്നത്തെ കാര്‍ട്ടൂണിലൂടെ ആവിഷ്കരിക്കുകയാണ് സാവോ യൂന്സെങ് എന്ന ചൈനീസ് കാര്‍ട്ടൂണിസ്റ്റ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരത കാര്‍ട്ടൂണിലൂടെ ചിത്രീകരിക്കുകയാണ് ബ്രസീലിയന്‍ കാര്‍ട്ടൂണിസ്റ്റ് റേ കോസ്റ്റ. അടുത്തകാലത്തായി കാര്‍ട്ടൂണിസ്റ്റുകളുടെ ഇഷ്ടതാരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ. ബരാക് ഒബാമയും തൊട്ടടുത്തുണ്ട്. മഹാത്മാ ഗാന്ധി, എപിജെ അബ്ദുള്‍ കലാം, നെല്‍സണ്‍ മണ്ടേല, തെരേസ മേ, മറഡോണ, കുട്ടികളുടെ പ്രിയപ്പെട്ട മിസ്റ്റര്‍ ബീന്‍ ഇവരൊക്കെത്തന്നെ കാര്‍ട്ടൂണിസ്റ്റുകളുടെ വരയില്‍ നിറയുന്നു.
30 രാജ്യങ്ങളില്‍ നിന്നായി 83 കാര്‍ട്ടൂണിസ്റ്റുകളുടെ 100 കാര്ട്ടൂണുകള് രചനകളാണ് ടൂണ്‍സ് ഓഫ് ദ ഇന്റര്‍നാഷണല്‍ എന്ന് പേരിട്ടിരിക്കുന്ന അന്താരാഷ്ട്ര കാര്‍ട്ടൂണ്‍ പ്രദര്‍ശനിയില്‍ നിറയുന്നത്. എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ച പ്രദര്‍ശനം നാളെ അവസാനിക്കും. ചിരിയും ചിന്തയും നിറയുന്ന ശ്രദ്ധേയമായ കാര്‍ട്ടൂണുകളിലൂടെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: