കാസര്‍കോട്: മെയ് 5മുതല്‍ 7 വരെ ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പട്ടം പറത്തല്‍ മേളയില്‍ കൊച്ചിയിലെ കൈറ്റ് ലൈഫ് ഫൗണ്ടേഷന്റെ മഹാബലി പട്ടവും വൈബ്രന്റ് കൈറ്റ് ക്ലബ്ബ് ഗുജറാത്തിന്റെ ഗജവീരനും വണ്‍ ഇന്ത്യാ കൈറ്റ് ടീമിന്റെ കഥകളിയും ടൈഗര്‍ കൈറ്റും ഇന്തോനേഷ്യയില്‍ നിന്നുള്ള ബട്ടര്‍ഫ്ലൈയും ബേക്കലിന്റെ വാനില്‍ മൂന്ന് ദിവസങ്ങളിലായി പാറിപ്പറക്കും.
110 അടി വലുപ്പമുള്ള ലോകത്തിലെ ഏറ്റവും വലിയ കഥകളി പട്ടവും വമ്പന്‍ സര്‍ക്കിള്‍ കൈറ്റും കഴിഞ്ഞവര്‍ഷത്തെ മേളയിലെ പ്രധാന ഇനമായിരുന്നു. വണ്‍ ഇന്ത്യാ കൈറ്റിന്റെ ഏറ്റവും പുതിയ പട്ടമായ 35 അടി വലുപ്പമുള്ള ടൈഗര്‍ കൈറ്റും വിദേശ ടീമുകളുടെ നിരവധി സര്‍ക്കിള്‍ കൈറ്റും ഇന്ത്യയില്‍ ആദ്യമായി ബേക്കലിലെത്തും.
ചൈനയില്‍ ബീജിങ്ങില്‍ വെച്ച് നടന്ന ലോക പട്ടം പറത്തല്‍ മേളയില്‍ പ്രദര്‍ശിപ്പിച്ച ടൈഗര്‍ കൈറ്റ് ആദ്യമായാണ് ഇന്ത്യയില്‍ എത്തുന്നത്. വൈകീട്ട് 3 മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ രാത്രി 9 മണിക്ക് സമാപിക്കും. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര പട്ടം പറത്തല്‍ മേളയാണ് ബേക്കലില്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: