പാസ് വേഡില്ലാത്ത ഒരു ലോകം ഇന്ന് സങ്കല്‍പ്പിക്കാനേ കഴിയില്ല. ഇത് ഡിജിറ്റല്‍ ലോകമാണ്. ബാങ്കിടപാടുകള്‍ വരെ ഡിജിറ്റലായിക്കഴിഞ്ഞിരിക്കുന്ന ഇക്കാലത്ത് പാസ് വേഡുകളാണ് ലോകത്തെ നിയന്ത്രിക്കുന്നതെന്ന് വേണമെങ്കില്‍ പറയാം.
അക്കങ്ങളും അക്ഷരങ്ങളുമൊക്കെ ചേര്‍ത്ത് വളരെ ദൈര്‍ഘ്യമേറിയതും ശക്തവുമായ പാസ് വേഡുകള്‍ എല്ലാവരും ഉണ്ടാക്കാറുണ്ട്. എന്നാല്‍ അവ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ നാമെല്ലാം വളരെ പിന്നിലാണെന്നതാണ് വസ്തുത. പെട്ടന്നു മറക്കുന്നു എന്ന കാരണത്താല്‍ പലരും 123456 പോലെ വളരെ ദുര്‍ബലമായ പാസ് വേഡുകള്‍ ഉപയോഗിക്കാറുണ്ട്.
എന്നാല്‍ പാസ് വേഡുകളുടെ കാലം കഴിഞ്ഞെന്നാണ് ഡിജിറ്റല്‍ ലോകത്തു നിന്നുളള പുതിയ വിശേഷം. പുതിയ തിരിച്ചറിയല്‍ സംവിധാനം പാസ് വേഡുകളുടെ സ്ഥാനം കയ്യടക്കാന്‍ പോകുന്നു. മള്‍ട്ടി ഫാക്ടര്‍ ഓഥന്റിക്കേഷന്(MFA) എന്നാണ് ഈ പുതിയ സംവിധാനം അറിയപ്പെടുന്നത്. പാസ് വേഡും സ്മാര്‍ട്ട് കാര്‍ഡും കൂടിച്ചേര്‍ന്നതാണ് ഈ പുതിയ രീതി. വിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമായിരിക്കാന്‍ ഇതു സഹായിക്കും.
പാസ് വേഡിന്റെ വിശ്വാസ്യത ചോദ്യചിഹ്നമായതോടെ ഇപ്പോള്‍ത്തന്നെ പലരും ബയോമെട്രിക് സുരക്ഷാസംവിധാനങ്ങളിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. പാസ് വേഡുകളുടെ സുവര്‍ണകാലം അസ്തമിച്ചു തുടങ്ങിയെന്ന് ചുരുക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: