കാസര്‍കോട്: വാട്ടര്‍ അതോറിറ്റി വിതരണം ചെയ്ത ഉപ്പുവെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ എട്ട് ഡയാലിസിസ് മെഷീനുകള്‍ തകരാറിലായി. കഴിഞ്ഞ ശനിയാഴ്ചയാണ് മെഷീനുകള്‍ക്ക് തകരാറ് സംഭവിച്ച വിവരം ശ്രദ്ധയില്‍പ്പെടുന്നത്.
ഡയാലിസിസ് ചെയ്യേണ്ട രോഗികളുടെ ബന്ധുക്കള്‍ക്ക് ഉടന്‍ വിവരം കൈമാറി. അടുത്ത ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്യേണ്ട രോഗികള്‍ തന്നെ പകരം സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ടാണ് വിവരം കൈമാറിയത്.
എന്നാല്‍ എട്ടുമെഷീനുകളും തകരാറിലായിട്ടില്ലെന്നും ഏതാനും എണ്ണം തകരാറിലായതോടെ മറ്റുള്ളവയ്ക്കു കൂടി ഉപ്പുവെള്ളം കയറിയിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ നിര്‍ത്തിവെക്കുകയായിരുന്നുവെന്ന് ഡി.എം.ഒ. എ.പി. ദിനേശന് പറഞ്ഞു. കിര്ളോസ്കര് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവരെത്തി രണ്ട് ദിവസത്തിനകം തകരാര്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് വെള്ളമെത്തിക്കുന്നത് വാട്ടര്‍ അതോറിറ്റിയാണ്. ഒരു ഡയാലിസിസ് മെഷീന് കുറഞ്ഞത് 250 ലിറ്റര്‍ വെള്ളം ആവശ്യമാണ്. ഒരു ദിവസം ഒരു മെഷിനില്‍ 2 തവണയാണ് ഡയാലിസിസ് ചെയ്യുന്നത്.
ഒരു തവണ ചെയ്തു കഴിഞ്ഞാല്‍ റിവേഴ്സ് ഓസ്മോസിസ് പ്ലാന്റ് വൃത്തിയാക്കാനായി 250 ലിറ്റല്‍ വെള്ളമാണ് വേണ്ടി വരുന്നത്. ഒരു മെഷിന് മാത്രം ദിവസം 500 ലിറ്റര്‍ വെള്ളം വേണം. എട്ട് മെഷിനുകള്‍ക്ക് കൂടി ദിവസം 4000 ലിറ്റര്‍ വെള്ളമാണ് വേണ്ടി വരുന്നത്.
വാട്ടര്‍ അതോറിറ്റി പൈപ്പ് വഴി ടാങ്കില്‍ ഉപ്പുവെള്ളമെത്തിയത് അധികൃതരും അറിഞ്ഞിരുന്നില്ല. ഇതുപയോഗിച്ച് മെഷീന് ക്ലീന്‍ ചെയ്തതോടെയാണ് തകരാര്‍ സംഭവിച്ചത്. 10 ദിവസമായി വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണം നിര്‍ത്തിയിരിക്കുകയാണ്. അതിന് മുമ്പുള്ള ദിവസങ്ങളിലായിരിക്കണം ഉപ്പ് വെള്ളം കയറിയിട്ടുണ്ടാവുകയെന്ന് അധികൃതര്‍ പറയുന്നു.
പ്രതിദിനം 16 പേര്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സൗകര്യം പാവപ്പെട്ട രോഗികള്ക്കെറേ ഗുണം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: