കോഴഞ്ചേരി: പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി 325 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പമ്പാ ജലസേചന കനാലുകള്‍ തുറന്നുവിടാത്തതില്‍ ജനരോഷമുയരുന്നു. 2016 ഡിസംബര്‍ വടശേരിക്കരയില്‍ കനാല്‍ ഭിത്തി തകര്‍ന്നിട്ട് അഞ്ച് മാസമായിട്ടും പണി പൂര്‍ത്തിയാക്കി വെള്ളം തുറന്നുവിടാത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ജനശാക്തീകരണ ഗവേഷണകേന്ദ്രം ആരോപിച്ചു.
ഈ മാസം ആദ്യ ആഴ്ചയില്‍ കനാല്‍ തുറക്കുമെന്ന് പിഐപി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നല്കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. പത്തനംതിട്ട ജില്ലയിലെ റാന്നി, കോഴഞ്ചേരി, തിരുവല്ല, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി, കായംകുളം താലൂക്കുകളിലെ 21,135 ഹെക്ടര്‍ സ്ഥലത്തു ജലസേചനം നടത്തുന്നതാണ് ഈ കനാല്‍.
വേനല്‍ക്കാലത്ത് കനാല്‍ പ്രദേശങ്ങളിലെ കിണറുകളും കുളങ്ങളും ജലസമ്പുഷ്ടമാക്കുമായിരുന്നു. വേനല്‍ കടുത്തപ്പോള്‍ രണ്ട് ജില്ലകളില്‍ കുടിവെള്ള വിതരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വ്യക്തികളും ഒരു ദിവസം ശരാശരി പത്തുലക്ഷം രൂപ ചെലവാക്കുന്നുണ്ട്.
കനാല്‍ വെള്ളത്തെ ആശ്രയിച്ച് കൃഷിയിറക്കിയ വാഴ, വെറ്റില, പച്ചക്കറി കൃഷിക്കാര്‍ വിളകള്‍ നശിച്ച് നഷ്ടത്തിലായിരിക്കുകയാണ്. കനാലിന്റെ അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതാണു കനാലുകള്‍ തകരാന്‍ കാരണം.
കനാല്‍ കടന്നു പോകുന്നയിടങ്ങളിലെ അറ്റകുറ്റപ്പണികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിക്കണമെന്ന് ജനശാക്തീകരണ ഗവേഷണ കേന്ദ്രം ആവശ്യപ്പെട്ടു. പിഐപി കനാല്‍ അറ്റകുറ്റപ്പണി നടത്തി അടിയന്തിരമായി തുറന്നു വിടാന്‍ മനുഷ്യാവകാശ കമ്മിഷന് ഇടപെടണമെന്നു കാട്ടി സംഘടന മനുഷ്യാവകാശ കമ്മിഷന് ഹര്‍ജി നല്കി.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കമ്മിഷന് എതിര്‍കക്ഷികളായ ജലവിഭവകുപ്പ് സെക്രട്ടറി, പിഐപി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലാ കലക്ടര്‍മാര്‍ എന്നിവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ തീരുമാനിച്ചു.
പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കാന്‍ കര്‍ഷകരുടെയും സന്നദ്ധസംഘടനകളുടെയും യോഗം ഇന്നു ആറന്മുളയില് കൂടും.
ജില്ലാ പ്രസിഡന്റ് പി.സി.രാജന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വല്ലന ബാലന്, സംസ്ഥാന സമിതിയംഗം എം.ബി.ദിലീപ് കുമാര്‍, ഹരിപ്രസാദ്, സെബീനാ അലാവുദ്ദീന്‍, രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: