കാഞ്ഞങ്ങാട്: തണ്ട് തുരപ്പന്‍ പുഴു കയറി കൃഷി നശിച്ചു. പുല്ലൂര്‍ വിഷ്ണുമംഗലം 11ാം വാര്‍ഡില്‍ വാര്‍ഡ് തലത്തില്‍ ഏറ്റവും നല്ല കര്‍ഷകയ്ക്കുള്ള അവാര്‍ഡ് നേടിയ പരേതയായ പള്ളയില്‍ തളക്കുളത്ത് കുന്നുമ്മല്‍ വീട്ടില്‍ കുഞ്ഞിക്കുട്ടിയമ്മയുടെ മകള്‍ പി.ടി.പത്മാവതിയുടെ വാഴയാണ് ഈ രീതിയില്‍ നശിച്ചു ഉണങ്ങിയത്. പുല്ലൂര്‍ പെരിയ കൃഷി ഭവനില്‍ 300 വാഴയ്ക്ക് ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ടായിരുന്നു. ഏകദേശം ആറ് മുതല്‍ ഏഴ് വരെ പടന്ന വരെ വിരിഞ്ഞിട്ടുള്ള കുലകളാണ് നശിച്ചത്. ഇക്കൊല്ലം വിഷുവിന് കൊത്തുവാന്‍ പാകമായിരുന്ന കുലകളാണ് തണ്ട് തുരപ്പന്‍ കാരണം വില്ക്കുവാന് കഴിഞ്ഞിട്ടില്ല. എല്ലാകുലകളും മൂപ്പ് എത്താത്ത രീതിയില്‍ കറിക്കായ പരുവത്തില്‍ നില്‍ക്കുകയാണ്. പുഴു വന്നില്ലായിരുന്നെങ്കില്‍ കുലകള്‍ ഏകദേശം 800 രൂപ തോതില്‍ കിട്ടുമായിരുന്നു. 3,00,000 രൂപയുടെ നഷ്ടമുണ്ട്. പടന്നക്കാട് കാര്‍ഷിക കോളേജ് ഫാമില്‍ നിന്നും മേന്മ ജൈവ കീടനാശിനി വാങ്ങി ഇഞ്ചക്ട് ചെയ്തിരുന്നു. ഇതിനും കുറെ പണച്ചെലവായി. 300 വാഴക്ക് നിലം ഒരുക്കല്‍ മുതല്‍ കുലച്ച് പടന്ന വിരിയും വരെ കൂലി ചെലവും മറ്റും അടക്കം 100000ല്‍ പരം രൂപ ചെലവായി. ബാങ്കില്‍ നിന്നും 50000 രൂപ വായ്പയെടുത്തും കൈയില്‍ നിന്ന് ബാക്കി എടുത്തുമാണ് ഇത്രയും ചെലവാക്കി വാഴ കൃഷി നടത്തിയത്. അവസാനം വാഴയുടെ സ്ഥിതി ഈ നിലയുമായി. ഇനി എന്ത് എന്ന് ചിന്തിച്ച് മാനസികമായി തകര്‍ന്നിരിക്കുകയാണ് ഇവരുടെ കുടുംബം. വാഴ ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ട് എന്ന് പരിഗണിച്ച് എന്തെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കര്‍ഷക കുടുംബം
പ്രതികരിക്കാൻ ഇവിടെ എഴുതുക: