ഷൊര്‍ണൂര്‍: ട്രെയിന്‍ യാത്രകാരനെ അക്രമിച്ച് അഞ്ച് ലക്ഷം രൂപ കവര്‍ന്ന കേസിലെ മൂന്നംഗ സംഘത്തിലെ ഒരാളെ റെയില്‍വെ പോലീസ് പിടികൂടി.എറണാംകുളം മട്ടാഞ്ചേരി പനയംപിള്ളി നഗറിലെ മാളികവീട്ടില്‍ പറമ്പില്‍ ചക്കാടം വീട്ടില്‍ അഫ്സല് (29) നെയാണ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡി.വൈ.എസ്.പി വി.ഷറഫുദ്ദീന്റെ നേത്യത്വത്തിലുള്ള സംഘം ചൊവ്വാഴ്ച്ച രാത്രി എറണാകുളത്തെ ഒരു ക്ഷേത്രപരിസരത്തുവെച്ച് പിടികൂടുകയായിരുന്നു.എന്നാല്‍ പണവും മൊബൈലും ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്താന്‍ സാധിച്ചില്ല.
കഴിഞ്ഞ ശനിയാഴ്ച്ച രാത്രി പതിനൊന്നരയോടെ അമ്യത എക്സ്പ്രസ്സ് ഷൊര്‍ണൂര്‍ റെയില്‍വെ ജംങ്ഷനിലെ ഔട്ടറില്‍ എ ക്യാമ്പിനു സമീപം നിര്‍ത്തിയിട്ടപ്പോഴാണ് കവര്‍ച്ച നടന്നത് .മരുന്നു കമ്പനിയിലെ കളക് ക്ഷന്‍ എജന്റായ തൃശ്ശൂര്‍ മാടക്കത്തറ വിപിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് കയ്യിലുണ്ടായിരുന്ന അഞ്ച് ലക്ഷം രൂപയും രണ്ട് മൊബൈല്‍ ഫോണും തട്ടിയെടുത്ത് രക്ഷപ്പെട്ടത്.
തിരുവനന്തപുരത്തു നിന്ന് കളക്ഷന്‍ എടുത്ത് തിരിച്ച് തൃശ്ശൂരിലേക്ക് ചെന്നെ മെയിലില്‍ കയറിയതായിരുന്നു.എന്നാല്‍ ഉറക്കത്തില്‍ പെട്ടതിനാല്‍ തൃശ്ശൂരില്‍ ഇറങ്ങാന്‍ സാധിച്ചില്ല. പിന്നീട് അടുത്ത സ്റ്റോപ്പായ പാലക്കാട് ഇറങ്ങി. തിരിച്ച് തൃശ്ശൂരിലേക്ക് അമ്യത എക്സ്പ്രസ്സില്‍ കയറി. വിപിന്റെ കൂടെ ജനറല്‍ ബോഗിയില്‍ ഉണ്ടായിരിന്ന കൊച്ചി സ്വദേശികളായ മൂന്ന് പേര് ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു.
ട്രെയിനില്‍ വെച്ച് പിടിവലി നടന്നെങ്കിലും സഹയാത്രികര്‍ സുഹ്യത്തുക്കള്‍ തമ്മിലുള്ള തര്‍ക്കമാണെന്നു കരുതി ശ്രദ്ധിച്ചില്ല, പിന്നീട് ബോഗിയില്‍ നിന്ന് ഇറങ്ങി അടുത്ത കോച്ചില്‍ കയറാന്‍ ശ്രമിച്ച വിപിനെ ഇവര്‍ അക്രമിക്കുകയും ബാഗും മൊബൈലും തട്ടിയെടുത്ത് കടന്നു കളയുകയും ചെയ്തത്. ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസാണ് ഇയാളെ റെയില്‍വെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും പിന്നീട് ഒറ്റപ്പാലം താലൂക്ക് ആസ്പപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
എന്നാല്‍ സംഭവ ദിവസം ഷൊര്‍ണൂര്‍ എസ്.എം.പി ജംങ്ഷന് ഭാഗത്തു നിന്നും നടന്നു വന്ന രണ്ടു പേര് കാര്‍ വിളച്ച് കൊച്ചിയിലേക്ക് പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
ഈ കാര്‍ തൃശ്ശൂരില്‍ വെച്ച് കേടാവുകയും അവിടെ നിന്ന് വേറെ കാര്‍ പിടിച്ച് കൊച്ചിയിലേക് പോവുകയുമായിരുന്നു.ഇവര്‍ നല്കിയ വിവരങ്ങളാണ് പ്രതികളെ പിടിക്കാന്‍ പോലീസിനെ സഹായിച്ചത്.എന്നാല്‍ ഇപ്പോള്‍ പിടിയിലായ അഫ്സല് സംഭവം നടന്ന ദിവസം അമൃത എക്പ്രസ്സില്‍ തന്നെയാണ് എറണാകുളത്തേക് പോയത്.കൂടെയുണ്ടായിരുന്ന മറ്റു രണ്ടു പേരാണ് കാറില്‍ പോയതെന്നാണ് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമാകുന്നത്. പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: