തിരുവനന്തപുരം: അനന്തപുരിക്ക് ഞങ്ങളുടെ ഉറപ്പുകള്‍ എന്ന പേരില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ നഗരത്തിന്റെ പോരായ്മകള്‍ ചൂണ്ടികാണിച്ച് ബിജെപി കുറ്റപത്രം പുറത്തിറക്കിയിരുന്നു. ബിജെപിക്ക് നഗര ഭരണം ലഭിച്ചാല്‍ നടപ്പിലാക്കുന്ന വികസന രേഖയാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നഗര വികസനത്തിന് ഊന്നല്‍ നല്കുന്ന ഈ ഉറപ്പുകള്‍ സാങ്കേതിക രംഗത്തെയും ആസൂത്രണ രംഗത്തേയും വിദഗ്ധരുടെ പാനലില്‍ നിന്ന് രൂപംകൊണ്ടതാണെന്ന് പ്രകടനപത്രിക പ്രകാശനം നിര്‍വ്വഹിച്ച് മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍ പറഞ്ഞു.
നിഷേധ രാഷ്ട്രീയമല്ല ബിജെപിയുടെ രീതി. അതുകൊണ്ടാണ് കുറ്റപത്രം പുറത്തിറക്കിയ ബിജെപി ഒരവസരം ലഭിച്ചാല്‍ ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പുള്ള വികസന പദ്ധതികള്‍ പൊതുജന സമക്ഷം സമര്‍പ്പിക്കുന്നത്. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് സാദ്ധ്യമാകുന്ന സമഗ്ര നഗരവികസനമാണ് ബിജെപി പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുപ്പത് വര്‍ഷം മുന്‍പ് ഭാരതത്തിലെ മേയര്‍മാരുടെ സമ്മേളനം തിരുവനന്തപുരത്ത് നടന്നു. അന്ന് രാജ്യ വ്യാപകമായി നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും ശുചിത്വമുള്ള നഗരമായി തെരഞ്ഞെടുത്തത് തിരുവനന്തപുരത്തെ ആയിരുന്നു. ഇന്ന് ഈ നഗരം മാലിന്യ മലയായിരിക്കുന്നു – രാജഗോപാല്‍ ആരോപിച്ചു.
അഴിമതിയില്‍ മുങ്ങിയ ഭരണമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അരങ്ങേറിയത്. സിപിഎം നേതാവും എം എല്‍ എ യുമായ ശിവന്‍കുട്ടി തന്നെ ഇത് പരസ്യമായി പറഞ്ഞതാണ്. കഴിഞ്ഞ 15 വര്‍ഷമായി ബിജെപി ഭരിക്കുന്ന കാസര്‍ഗോട് ജില്ലയിലെ മഥൂര്‍ പഞ്ചായത്തിനെയാണ് മികച്ച പഞ്ചായത്തായി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. ബിജെപി ഭരിച്ചാല്‍ ഈ കോര്‍പ്പറേഷനും രാജ്യത്തെ നമ്പര്‍ വണ്‍ ആകുമെന്ന് അദ്ദേഹം പറഞ്ഞു.
അരനൂറ്റാണ്ടു കാലമായി തലസ്ഥാന വാസികളെ പറഞ്ഞു പറ്റിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമായത് നരേന്ദ്രമോദി സര്‍ക്കാര്‍ 800 കോടി രൂപ അനുവദിച്ചതിനാലാണ്. കഴക്കുട്ടം കാരോട് ബൈപാസിന് 670 കോടി, 50000 കോടി രൂപയുടെ അമൃത് നഗരം പദ്ധതിയില്‍ തിരുവനന്തപുരത്തെയും ഉള്‍പ്പെടുത്തി, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇ ഗവേര്‍ണന്‍സ് നടപ്പിലാക്കാന്‍ 13.48 കോടി, ആര് സി സിയെ സ്റ്റേറ്റ് ക്യാന്‍സര്‍ സെന്ററായി പ്രഖ്യാപിച്ച് അടിസ്ഥാന സൗകര്യ വികസനത്തിന് 120 കോടി ഇങ്ങനെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ അനന്തപുരിക്ക് ധാരാളം പദ്ധതികളാണ് അനുവദിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അനന്തപത്മനാഭ നഗര വികസന പദ്ധതി തലസ്ഥാനം നേരിടുന്ന ഗുരുതര പ്രശ്നങ്ങള്‍ക്ക് പരിഹാരമാര്‍ഗമെന്ന നിലയ്ക്കണ് വിഭാവനം ചെയ്തിരിക്കുന്നത്. ഡ്രെയിനേജ് പ്രശ്നങ്ങള്‍ക്ക് പരിഹാരമായി സ്മാര്‍ട്ട് ഡ്രെയിനേജ്, ശ്രീ വിദ്യാധിരാജ റോഡ് വികസന പദ്ധതി, നഗരത്തില്‍ നിന്ന് നക്ഷത്ര റോഡുകള്‍, ഇന്റലിജന്റ് ട്രാഫിക് കണ് ട്രോള്‍ സിസ്റ്റം, മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം, വൈകുണ്ഠ സ്വാമികള്‍ മുന്തിരി കിണര്‍ കുടിവെള്ള പദ്ധതി, നേതാജി യുവ വികാസ് കേന്ദ്ര, എ പി ജെ അബ്ദുള്‍ കലാം സ്റ്റുഡന്റ്സ് വെല്‍ഫയര്‍ പ്രോഗ്രാം, ശ്രീനാരായണഗുരു പാര്‍പ്പിട പദ്ധതി, മഹാത്മ അയ്യങ്കാളി സാമൂഹ്യ ക്ഷേമപദ്ധതി, സേതുലക്ഷ്മീഭായി വനിതാ ശാക്തീകരണ പദ്ധതി, വേലുക്കുട്ടി അരയന് തൊഴിലാളി ക്ഷേമ പദ്ധതി, ഡോ. പല്‍പ്പു ആരോഗ്യ മിഷന്, വ്യാപാര വ്യവസായ മേഖല, അവഗണിക്കപ്പെടുന്നവര്‍ക്ക് ആത്മവിശ്വാസം, മാതൃകാനഗരം, ശ്രീ ചിത്തിരതിരുനാള്‍ അന്താരാഷ്ട്ര വേദ പഠനകേന്ദ്രം, ക്ഷേത്ര നഗരം പദ്ധതി എന്നിങ്ങനെ സമ്പൂര്‍ണ വികസന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ് പ്രകടനപത്രിക.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രകടനപത്രിക പ്രകാശന ചടങ്ങില്‍ വക്താവ് വി. വി. രാജേഷ്, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ ജെ. ആര്. പത്മകുമാര്‍, സി. ശിവന്‍കുട്ടി, ദേശീയസമിതി അംഗം കരമന ജയന്, നടന് കൊല്ലം തുളസി, ജില്ലാ ജനറല്‍ സെക്രട്ടറി കല്ലയം വിജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: