കൊച്ചി/ തൃശൂര്‍: എറണാകുളം ജില്ലയില്‍ വോട്ടെടുപ്പിനിടെ രണ്ട് മരണം. ഗുരുവായൂരില്‍ ഒരാളും മരിച്ചു. കോലഞ്ചേരി മാമല മഠത്തിപ്പറമ്പില്‍ എം.ആര്. മുരളീകുമാര്‍ (59), മരട് തെക്ക് കാരക്കാന്തറ വീട്ടില്‍ ഭിന്നശേഷിയുള്ള ബാബു (39) എന്നിവരാണ് മരിച്ചത്. രാവിലെ 10.30 ഓടെ വീടിന് സമീപത്തെ സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയ മുരളീകുമാര്‍ അസ്വസ്ഥതയെ തുടര്‍ന്ന് വോട്ട് ചെയ്യാനാകാതെ തിരികെ വീട്ടിലത്തെി കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സൂചന. തൃപ്പൂണിത്തുറ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഓഫിസറായിരുന്നു. ഭാര്യ: ഉഷ. മക്കള്‍: മീനു (ഇന്‍ഫോപാര്‍ക്ക് കാക്കനാട്), മീര (യു.എ.ഇ എക്സ്ചേഞ്ച്), മേഘ (വിദ്യാര്‍ഥി). സംസ്കാരം ഇന്ന്.
വോട്ട് ചെയ്ത ശേഷം ബൂത്തില്‍ നിന്നിറങ്ങുമ്പോഴാണ് ബാബു മരിച്ചത്. മരട് നഗരസഭ 22ാം ഡിവിഷനില്‍ ടി.വി ജങ്ഷനു സമീപത്തെ 12ാം നമ്പര്‍ അങ്കണവാടിയില്‍ സജ്ജീകരിച്ച ബൂത്തില്‍ രാവിലെ പത്തോടെ വോട്ട് ചെയ്തിറങ്ങുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ: സുജാത. മകന്: അശ്വിന്(അഞ്ച്) സംസ്കാരം ഇന്ന് ഒന്‍പതിന് നെട്ടൂര്‍ ശാന്തിവനത്തില്‍.
ഗുരുവായൂരില്‍ വോട്ട് ചെയ്യാനെത്തിയ ആള് ബൂത്തില്‍ കുഴഞ്ഞു വീണു മരിച്ചു.
ഗുരുവായൂര്‍ നഗരസഭ 1-ാം വാര്‍ഡിലെ വോട്ടര്‍ പുത്തംപല്ലി പുളിച്ചാറം വീട്ടില്‍ റസാഖാ(52)ണ് മരിച്ചത്. മമ്മിയൂര്‍ എല്‍.എഫ് കോളേജിലെ ബൂത്തില്‍ ഉച്ചതിരിഞ്ഞ് 2.30ന് വോട്ട് ചെയ്ത ഉടനെ റസാഖ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ രാജ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: ആസിയ. മക്കള്‍: റൗഫ് (അബുദാബി), നിസാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: