തൃശൂര്‍: ചെറുതുരുത്തിയിലെ സ്വീകരണ കേന്ദ്രത്തില്‍ നിന്നും നോക്കെത്തും ദൂരത്തായിരുന്നു നിലനില്‍പ്പിനു കരച്ചില് പൊഴിയ്ക്കുന്ന നിള, ഒരു കണ്ണീര്‍ചാലുപോലെ. ഒരു നാടിന്റെ സംസ്കാരം ഇഴചേര്ത്തൊഴുകിയ നിളയെ പുല്‍ക്കാടുകള്‍ കീഴടക്കിയ കാഴച കണ്ടാണ് വിമോചന യാത്ര സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ പ്രവേശിച്ചത്. തണ്ണീര്‍ത്തട സംരക്ഷണ ദിനത്തില്‍ ഏറ്റവും പ്രസക്തിയുള്ള മുദ്രാവാക്യമായി വിമോചന യാത്ര മാറി. തണ്ണീര്‍ത്തട സംരക്ഷണത്തിനുള്ള പ്രതിജ്ഞയോടെയാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും ബിജെപി അദ്ധ്യക്ഷന്‍ കുമ്മനത്തിന്റെ വിമോചനയാത്ര ഇന്നലെ പരിപാടികള്‍ ആരംഭിച്ചത്.
നാടിന് മുഴുവന്‍ ജലം പകര്‍ന്ന ഭാരതപ്പുഴ മണല്‍ മാഫിയകള്‍ തീര്‍ത്ത മരണക്കുഴികളിലൂടെ കുടുംബങ്ങളുടെ കണ്ണീരൊഴുക്കുന്നതിന്റെ ആധികള്‍ ഉള്‍ക്കൊണ്ടായിരുന്നു സമരനായകന് കുമ്മനത്തിന്റെ പ്രസംഗം. കുന്നുകളും പുഴകളും ഇല്ലാതാക്കി പ്രകൃതിയെ നശിപ്പിക്കുന്ന അധികാര ശക്തികളില്‍ നിന്നുള്ള മോചനമാണ് വിമോചന യാത്രയുടെ ലക്ഷ്യമെന്ന് കുമ്മനം പറഞ്ഞു. പുഴകളുടെ മരണമണി മുഴങ്ങുന്നു. തണ്ണീര്‍ത്തടങ്ങള്‍ നികത്തി വിമാനത്താവളം പണിയാന്‍ ശ്രമിക്കുന്നു. വികസന പദ്ധതികളെന്ന് പറഞ്ഞ് പറ്റിക്കുകയാണ്. പരിസ്ഥിതിയെ നശിപ്പിച്ചുള്ള വികസനം ആര്‍ക്ക് വേണ്ടിയാണ്. എല്ലാ പരിസ്ഥിതി ദിനത്തിലും മന്ത്രിമാര്‍ വൃക്ഷത്തൈ നടുന്ന ചിത്രം മാധ്യമങ്ങളില്‍ കാണാറുണ്ട്. ഇതിലൊന്നെങ്കിലും വളര്‍ന്നതായി ആരും കണ്ടിച്ചില്ല. പരിസ്ഥിതിദിനം ആചരിക്കാനുള്ള അര്‍ഹത പോലും ഈ സര്‍ക്കാരിനില്ല. അടിസ്ഥാന പ്രശ്നങ്ങള്‍ അവഗണിക്കപപെടുന്നതിന്റെ ദുരന്തം വലുതായിരിക്കുമെന്ന് നിളയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കുമ്മനം വിവരിച്ചു.
വികസനമെത്താത്ത പാലക്കാടന്‍ ഗ്രാമങ്ങളുടെ ഹൃദയം കവര്‍ന്നാണ് വിമോചന യാത്ര ഇലെ വടക്കുന്നാഥന്റെ തിരുമുറ്റത്തെത്തിയത്. ഇടത്-വലത് മുണി ഭരണത്തിന്റെ ക്രൂരത ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടി വന്ന ജില്ലകളിലൊന്ന് പാലക്കാടാണെന്ന് യാത്രയിലെ കാഴ്ചകള്‍ വ്യക്തമാക്കി. സര്‍ക്കാരുകള്‍ അവഗണിച്ചവര്‍ക്ക് ആശ്വാസം പകര്‍ന്ന് യഥാര്‍ത്ഥ ജനകീയ ബദല്‍ സൃഷ്ടിക്കാനും ബിജെപിക്ക് സാധിച്ചു. ഇന്നലെ ആദ്യ സ്വീകരണകേന്ദ്രമായ ഒറ്റപ്പാലത്ത് മൂന്ന് ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കുമ്മനം നിര്‍വ്വഹിച്ചു. 75 കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്ന പദ്ധതി ഒറ്റപ്പാലം അമ്പലപ്പാറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പഞ്ചായത്തംഗം രമാദേവിയുടെ നേതൃത്വത്തില്‍ ബിജെപി സ്വന്തം ചെലവില്‍ നടപ്പിലാക്കുന്നത്. ജില്ലയിലെ വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.
ചെര്‍പ്പുളശ്ശേരിയിലെ സ്വീകരണത്തില്‍ കുമ്മനത്തിന്റെ ബന്ധുവായ സാവിത്രി അമ്മയും അനുഗ്രഹിക്കാനെത്തി. തൃശൂരില്‍ വന്‍ വരവേല്‍പ്പാണ് യാത്രക്ക് ലഭിച്ചത്. ആദ്യ സ്വീകരണ കേന്ദ്രമായ ചെറുതുരുത്തിയില്‍ ആയിരങ്ങള്‍ സമരനായകനെ സ്വീകരിക്കാനെത്തി. രാത്രി വൈകി വടക്കുന്നാഥന്റെ തിരുമുറ്റത്ത് നടന്ന സമാപനം മാറിയ തൃശൂരിന്റെ പരിച്ഛേദമായി മാറി.
വി.മുരളീധരന് ഉദ്ഘാടനം ചെയ്തു.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്, കെ. സുരേന്ദ്രന്, എ.എന്‍. രാധാകൃഷ്ണന്, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ പി.എം. വേലായുധന്, പ്രമീള സി.നായ്ക്, എന്‍.ശിവരാജന്, സംസ്ഥാന സെക്രട്ടറിമാരായ സി. കൃഷ്ണകുമാര്‍, വി.കെ. സജീവന്, ബി. ഗോപാലകൃഷ്ണന്, വക്താവ് ജെ. ആര്. പത്മകുമാര്‍, പാലക്കാട് ജില്ലാ പ്രസിഡണ്ട് ഇ. കൃഷ്ണദാസ്, തൃശൂര്‍ ജില്ലാ പ്രസിഡണ്ട് അഡ്വ എ. നാഗേഷ്, എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു. ഇന്നത്തെ യാത്ര കുന്നംകുളത്ത് ആരംഭിച്ച് പുതുക്കാട് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: