കൊച്ചി: ആദിശങ്കരന് ദിഗ്വിജയക്കൊടി പാറിച്ച മണ്ണിലൂടെ കരയും കായലും കീഴടക്കി യജ്ഞരഥം രാജനഗരിയില്‍. ആത്മീയാചാര്യന്മാരുടെ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങിയ വിമോചനയാത്ര എറണാകുളത്തെ ആവേശത്തിലേറ്റിയാണ് പ്രായണം തുടരുന്നത്.
തൃശൂരില്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ സന്ദര്‍ശിച്ചാണ് കുമ്മനം ഇന്നലെ യാത്രക്ക് തുടക്കംകുറിച്ചത്. ചാലക്കുടിയിലെ ആദ്യസ്വീകരണത്തോടെ വിമോചനയാത്ര തൃശൂര്‍ ജില്ലയോട് വിടപറഞ്ഞു. രണ്ടുദിവസം തൃശൂരില്‍ പര്യടനം തുടര്‍ന്ന യാത്രക്ക് അവസാന സ്വീകരണകേന്ദ്രത്തില്‍ ആവേശോജ്വല വരവേല്‍പ്പാണ് ലഭിച്ചത്. ആദിശങ്കരന്റെ ആത്മീയാനുഭൂതി നിറഞ്ഞുനില്ക്കുന്ന എറണാകുളം ജില്ലയിലേക്ക് അതിര്‍ത്തിയില്‍ നിന്നും നൂറുകണക്കിന് യുവാക്കള്‍ ബൈക്കുകളുടെ അകമ്പടിയോടെ വരവേറ്റു.
തുടര്‍ന്ന് ജീവനകലയുടെ ആചാര്യന് ശ്രീശ്രീ രവിശങ്കറിെന സ്വീകരിക്കാന്‍ കുമ്മനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക്. ശ്രീശ്രീയുടെ അനുഗ്രഹം വാങ്ങി അദ്ദേഹത്തേടൊപ്പം അല്പനേരം ചെലവഴിച്ചാണ് കുമ്മനം അങ്കമാലിയിലെ സ്വീകരണത്തിന് എത്തിയത്. മണിക്കൂറുകളോളം വൈകിയിട്ടും കത്തുന്ന ഉച്ചവെയില്‍ സമരനായകന്റെ സാന്നിധ്യത്തില്‍ അലിഞ്ഞില്ലാതായി.
വൈപ്പിനില്‍ നിന്നും മട്ടാഞ്ചേരിയിലേക്ക് ജങ്കാറിലൂടെ കായല്‍ മുറിച്ചുകടന്ന് യാത്ര എത്തിയത് കൗതുകമായി.
കൊടുംക്രൂരതകള്‍ക്ക് മുന്നില്‍ പകച്ചുപോയ ജനതക്ക് അഭയമേകിയ മട്ടാഞ്ചേരിയിലെ തെരുവുകള്‍ ആവേശപൂര്‍വം സഹിഷ്ണുതയുടെ പ്രചാരകനെ സ്വീകരിച്ചു. വാണിജ്യനഗരിയുടെ പ്രതാപം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ച ആഘോഷത്തിനിടയിലും ദുഃഖിപ്പിക്കുന്നതായി. സാമൂഹ്യപരിഷ്കരണത്തിന്റെ പാരമ്പര്യം പേറുന്ന അഴകിയകാവ് ക്ഷേത്രത്തിന് മുന്നില്‍ കേരളത്തിന്റെ വിമോചനത്തിനുള്ള കാഹളമായി യാത്രാനായകന്റെ വാക്കുകള്‍ ജനങ്ങള്‍ ഏറ്റുവാങ്ങി.
തൃപ്പൂണിത്തുറയില്‍ രാജകീയ വരവേല്‍പ്പാണ് യാത്രക്ക് ലഭിച്ചത്. ബാര്ക്കോഴയിലൂടെ നാടിനെ നാണംകെടുത്തിയ മന്ത്രി ബാബുവിന്റെ മണ്ഡലത്തില്‍ അഴിമതിക്കെതിരായ മുന്നേറ്റമായി സമ്മേളനം മാറി. അഴിമതി അലങ്കാരമാക്കുന്ന ജനപ്രതിനിധികളായി മുഖ്യമന്ത്രിയും മന്ത്രിമാരും അധഃപതിച്ചുവെന്ന് കുമ്മനം പറഞ്ഞു. രാഷ്ട്രീയ ധാര്‍മികതയില്‍ വിശ്വാസമുണ്ടെങ്കില്‍ മന്ത്രിസഭ ഒന്നടങ്കം രാജിവെച്ച് ജനവിധി തേടണം, അദ്ദേഹം ആവശ്യപ്പെട്ടു.
വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, കെ. സുരേന്ദ്രന്, എ.എന്‍. രാധാകൃഷ്ണന്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം. വേലായുധന്, കെ.പി. ശ്രീശന്‍മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ബി.ഗോപാലകൃഷ്ണന്, എ.കെ. നസീര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ്ബാബു, എസ് സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണുസുരേഷ്, ജില്ലാ പ്രസിഡന്റ് എന്‍.കെ.മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. യാത്ര ഇന്ന് എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ നിന്ന് ആരംഭിച്ച് മൂവാറ്റുപുഴയില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: