കോട്ടയം: ആവേശത്തിരയില്‍ ആയിരങ്ങള്‍ നെഹ്രു സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയപ്പോള്‍ അക്ഷര നഗരി അക്ഷരാര്‍ത്ഥത്തില്‍ ഹരിത കുങ്കുമ ശോഭയില്‍ തിളങ്ങി. കത്തിക്കയറുന്ന ഉച്ചച്ചൂടിനെ വക വയ്ക്കാതെ ആയിരങ്ങളാണ് കോട്ടയത്ത് അമിത് ഷായെ വരവേല്‍ക്കാനെത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിക്കു മുമ്പ് തന്നെ സ്റ്റേഡിയത്തിലേക്ക് പ്രവര്‍ത്തകര്‍ പ്രവഹിക്കുകയായിരുന്നു. കോട്ടയം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളില്‍ നിന്നും വാഹനങ്ങള്‍ പ്രവര്‍ത്തകരേയും വഹിച്ച് എത്തിത്തുടങ്ങിയതോടെ നഗരം ആഘോഷത്തിമിര്‍പ്പിലായി.
കനത്ത പൊലീസ് സംവിധാനത്തിലും അച്ചടക്കത്തിന്റെ മഹത്വപൂര്‍ണമായ സംയമനത്തോടെ പ്രവര്‍ത്തകരെത്തി. കാത്തിരുന്ന ജനനായകര്‍ എത്താന്‍ അല്പം വൈകിയെങ്കിലും അക്ഷമ പ്രകടിപ്പിക്കാതെ കാത്തിരുന്ന ജനസഞ്ചയം വേറിട്ട കാഴ്ചയായി. നാടന്‍ പാട്ടിന്റെ ശീലുകളുമായി ഉണര്‍ത്തു പാട്ട് സംഘം വേദിയിലെത്തിയതോടെ ആവേശം അണപൊട്ടി. ഓരോ പാട്ടിനുമൊപ്പം താളം പിടിച്ച ജനക്കൂട്ടം മേളക്കൊഴുപ്പിന്റെ മാസ്മരിക താളത്തേലേക്കുയര്ന്നു.
സരിതയും സോളാറും അഴിമിതിയുമൊക്കെ നാടന്‍ പാട്ടിന്റെ താളത്തിലൂടെ ആസ്വാദകരിലേക്കെത്തിയപ്പോള് ഗായക സംഘത്തിനൊപ്പം സദസും മതിമറന്നു. തുടര്‍ന്നു പ്രസംഗിച്ച നേതാക്കളുടെ വാക്കുകള്‍ ജനസഹസ്രം നെഞ്ചിലേറ്റി. ഏറെ കാത്തിരിക്കാതെ ജന നായകര്‍ വേദിയിലേക്കെത്തി. അമിത് ഷായും കുമ്മനം രാജശേഖരനും അടക്കമുള്ള നേതാക്കള്‍. ഭാരത് മാതാ കീ ജയ് വിളിയോടെ നെഹ്്റു സ്റ്റേഡിയം ആര്‍ത്തിരമ്പിയപ്പോള്‍ സാക്ഷര നഗരത്തിന് അത് മുമ്പെങ്ങുമ്മില്ലാത്ത ആവേശാനുഭവമായി. കനത്ത സുരക്ഷാ സംവിധാനങ്ങളൊന്നും ജനക്കൂട്ടത്തിന് തടസമായില്ല.
ഓരോ പ്രവര്‍ത്തകരും തങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന ആവേശത്തിലായിരുന്നു. വിമോചന യാത്രയ്ക്കൊപ്പമെത്തിയ പുസ്തക ശാലയിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കുമൂലം സ്റ്റേഡിയത്തില്‍ കടക്കാനാകാതെ പുറത്തുനിന്നവരും ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: