സംസ്ഥാന സ്കൂള്‍ കലോത്സവം നാലു നാള് പിന്നിടുമ്പോള്‍ പോയിന്റ് ക്രമത്തില്‍ പാലക്കാട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 128 ഇനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ 497 പോയിന്റ് നേടി പാലക്കാട് മുന്നേറുമ്പോള്‍ 492 പോയിന്റോടെ കോഴിക്കോട് രണ്ടാം സ്ഥാനത്താണ്. 490 പോയിന്റ് നേടി മൂന്നാം സ്ഥാനത്തുള്ള മലപ്പുറം, കോഴിക്കോടിനെ മറികടക്കാനുള്ള തീവ്രപരിശ്രമത്തിലാണ്. ആതിഥേയ ജില്ല 448 പോയിന്റോടെ ഒമ്പതാം സ്ഥാനത്ത് തുടരുന്നു.
കഴിഞ്ഞ മൂന്ന് ദിവസത്തെ പോയിന്റ് നിലയിലും പാലക്കാടിനാണ് മുന്‍തൂക്കം.
കഴിഞ്ഞ ദിവസത്തെ അസ്വാരസ്യങ്ങളും സംഘര്‍ഷങ്ങളും പ്രധാന വേദിയായ പുത്തരിക്കണ്ടത്ത് ഇന്നില്ല. വിധികര്‍ത്താക്കളെക്കുറിച്ചും പ്രത്യേക ആക്ഷേപം ഇല്ല. എച്ച്എസ്എസ് വിഭാഗം മാര്‍ഗ്ഗം കളിയായിരുന്നു വേദയിലെ ആദ്യമത്സരം.
കലോത്സവത്തിന്റെ ആവേശം ചോര്ന്നതുപോലെയാണ് മത്സരങ്ങള്‍ മുന്നേറുന്നത്. മത്സരിക്കുന്നവര്‍ക്കും കൂടെ വരുന്നവര്‍ക്കും വേണ്ടി നടത്തുന്ന മേളയായി കലോത്സവം മാറുന്നു. വേദികളിലെ അസ്വാരസ്യം കാണികളെ അകറ്റുകയാണ്.
സംഘര്‍ഷം ഉണ്ടാവുകയാണെങ്കില്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെയും എസ്പിസി കേഡറ്റുകളെയും നിയോഗിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ വിദ്യാഭ്യാസ വകുപ്പിലെ പ്രധാന ചുമതലയുള്ളവര്‍ വേദികളില്‍ എത്തുന്നില്ലായെന്നും ഓഫീസുകളില്‍ ചെന്നാല്‍ ബന്ധപ്പെട്ടവരെ കാണാന്‍ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: