പൈങ്കുളം ചാക്യാരും 200 ശിഷ്യന്മാരും കലോത്സവ വേദി അടക്കി വാഴുന്നു. ക്ഷേത്രകലകളുടെ കുലപതി പൈങ്കുളം നാരായണചാക്യാരും ശിഷ്യന്മാരുമാണ് കലോത്സവത്തിലെ താരങ്ങളായിരിക്കുന്നത്.
പൈങ്കുളത്തിന്റെ കീഴില്‍ അഭ്യസിക്കുന്ന 200 വിദ്യാര്‍ത്ഥികളാണ് വിവിധ ക്ഷേത്രകലകളിലായി മാറ്റുരക്കുന്നത്. വിവിധ വിഭാഗങ്ങളിലായി ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം, പാഠകം എന്നീ ഇനങ്ങളിലാണ് ശിഷ്യര്‍ പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവര്‍ക്കെല്ലാം എ ഗ്രേഡും ലഭിക്കുന്നുണ്ട്.
നാരായണചാക്യാര്ക്ക് കലോത്സവം ഒരു മത്സരമല്ല, ക്ഷേത്രകലകള്‍ ജനങ്ങളിലേക്കെത്തിക്കണമെന്ന തീവ്രമായ ആഗ്രഹം കൂടി പിന്നിലുണ്ട്. ജീവനോപാധിയാക്കാന്‍ പ്രയാസമായ ക്ഷേത്രകലകള്‍ അഭ്യസിക്കാന്‍ കുട്ടികള്‍ കൂടുതല്‍ തയ്യാറാകുന്നത് ഇത്തരം മത്സര വേദികളില്‍ മാത്രമാണ്. അത്തരം വേദികളില്‍ മാത്രമാണ് കലകള്‍ ശ്രദ്ധിക്കപ്പെടുന്നതെന്നും ഇദ്ദേഹം പറയുന്നു. നാല്‍പ്പതോളം സ്കൂളുകളിലെ കുട്ടികള്‍ക്ക് വിവിധക്ഷേത്രകലകള് ചാക്യാര്‍ പഠിപ്പിക്കുന്നുണ്ട്. ഒറ്റ നിര്‍ബന്ധം മാത്രം, ഗുരുകുല സമ്പ്രദായത്തില്‍ വീട്ടില്‍ നിന്ന് പഠിക്കണം. മത്സരത്തിനല്ലാതെ കലയെ ഉപാസിക്കുന്നവര്‍ക്കായി തന്റെ അമ്മാവന് പൈങ്കുളം രാമന്ചാക്യാരുടെ പേരിലുള്ള കലാപീഠത്തില്‍ സൗകര്യവുമുണ്ട്. ഇത്രയും നാളത്തെ കലോപാസനയില്‍ ലഭിച്ച ശിഷ്യ സമ്പത്തും അനവധിയാണ്. കൂടിയാട്ടകലാകാരി ഡോ.ഹീരാനമ്പൂതിരി അടക്കമുള്ളവര്‍ അതില്‍പ്പെടുന്നു. ക്ഷേത്ര കലകള്‍ ജീവിതത്തോടൊപ്പം കൊണ്ടുനടക്കുന്ന ധാരാളം ശിഷ്യരും ചാക്യാര്‍ക്കുണ്ട്.
കഥകളിയും കൂടിയാട്ടവുമെല്ലാം യുനസ്കോ ഉള്‍പ്പെടെ അംഗീകരിച്ചിട്ടും കലോത്സവത്തില്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല എന്നതില്‍ ഏറെ വിഷമമുണ്ട് ഈ കലാകാരന്. പലപ്പോഴും പോരായ്മകളോടെയാണ് ക്ഷേത്രകലകള്‍ അവതരിപ്പിക്കാന്‍ സംഘാടകര്‍ സൗകര്യമൊരുക്കുന്നത്. അതുമാറി പ്രധാനവേദിയില്‍ ക്ഷേത്രകലകള്‍ അവതരിപ്പിക്കപ്പെടണമെന്ന അഗ്രഹമുണ്ട് ഈ ആചാര്യന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: