കോഴിക്കോട്: സത്യത്തിന്റെ തുറമുഖത്ത് കലാകേരളത്തിന്റെ വസന്തം പൂത്തിറങ്ങി. കളിവിളക്ക് തെളിയുകയും ഉത്സവക്കൊടിയുയരുകയും ചെയ്തു. ഇനി കോഴിക്കോട് നഗരത്തിന് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ആറു രാപ്പകലുകള്‍.
വിസ്മയം തീര്‍ത്ത ഘോഷയാത്രയോടെയാണ് 55-ാം സ്കൂള്‍ കലോത്സവ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. വൈകിട്ട് 3 മണിയോടെ കടപ്പുറത്ത് നിന്നാരംഭിച്ച ഘോഷയാത്ര ഉത്തരമേഖലാ എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡി ഫഌഗ് ഓഫ് ചെയ്തു. 4.30 ഓടെ മുഖ്യ വേദിയില്‍ സ്വാഗത സംഗീതശില്‍പ്പം അരങ്ങേറി.
മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ മുഖ്യ വേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ലോകത്ത് മറ്റൊരിടത്തും കാണാത്ത കലോത്സവമാണിവിടെ നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒന്നാം സ്ഥാനത്തെത്തുന്നവരും വിജയിക്കാന്‍ കഴിയാത്തവരും ഒരേ മനസ്സോടെ കലോത്സവത്തെ കാണണമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്് അദ്ധ്യക്ഷത വഹിച്ചു. അപ്പീലുകള്‍ പരമാവധി കുറച്ച് കലോത്സവത്തിന്റെ കാലതാമസം കുറയ്ക്കുന്നതിന് എല്ലാവരും സഹകരിക്കണം. 214 ഇനങ്ങള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 232 ഇനങ്ങള്‍ ആയി വര്‍ദ്ധിച്ചിട്ടുണ്ട്. പ്രൈസ് മണിയിലും വര്‍ദ്ധന വരുത്തി. മാധ്യമങ്ങള്‍ തെറ്റുകള്‍ മാത്രം പെരുപ്പിച്ച് കാട്ടരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണ ഭട്ട് സ്വാഗതം പറഞ്ഞു. മന്ത്രിമാരായ എം.കെ. മുനീര്‍, കെ.സി. ജോസഫ്, എം.പി മാരായ എം.കെ. രാഘവന്, എം.ഐ ഷാനവാസ്, എം.എല്‍എ മാരായ പി.ടിഎ റഹിം, വി.എം ഉമ്മര്‍, പുരുഷന് കടലുണ്ടി, ഇ.കെ. വിജയന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, ജില്ലാ കലക്ടര്‍ സി.എ. ലത, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രാവിലെ മുഖ്യ വേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണഭട്ട് പതാക ഉയര്‍ത്തി. വി.എം ഉമ്മര്‍മാസ്റ്റര്‍ എം.എല്‍എ, സി. പി. ചെറിയമുഹമ്മദ്, വി.കെ. മൂസ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായെത്തിയ കലാപ്രതിഭകളുടെ രജിസ്ട്രേഷന് രാവിലെ 10 മണിക്ക് ബിഇഎം സ്കൂളില്‍ ആരംഭിച്ചു. ഉദ്ഘാടനം ചടങ്ങിനു ശേഷം മുഖ്യ വേദിയില്‍ ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടമത്സരത്തിന് തുടക്കമായി
മറ്റുവേദികളിലായി കേരള നടനം, കുച്ചുപ്പുടി, മൂകാഭിനയം, പഞ്ചവാദ്യം, നാടന്‍ പാട്ട്, കഥകളി, വട്ടപ്പാട്ട്, ഗാനാലാപനം, ലളിതഗാനം മത്സരങ്ങള്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: