റിയൊ ഡി ജനീറോ: ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ഒളിമ്പിക്സ് ഗ്രാമത്തിൽ ദേശീയ പതാക ഉയർന്നു. കായികതാരങ്ങളെയും ഒഫീഷ്യലുകളെയും സാക്ഷിനിർത്തിയാണ് ത്രിവർണ പതാക റിയൊയുടെ മാനത്ത് പാറിപ്പറന്നത്. ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് എൻ. ശ്രീനിവാസൻ, അത്ലറ്റിക്സ് ഫെഡറേഷൻ ഇന്ത്യ ജനറൽ സെക്രട്ടറി സി.കെ. വൽസൻ, ഇന്ത്യൻ ഒളിമ്പിക്സ് ചെഫ് ഡി മിഷൻ രാകേഷ് ഗുപ്ത തുടങ്ങിയവരും രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി പ്രതിനിധികളും പങ്കെടുത്തു.
ഒളിമ്പിക് വില്ലേജ് മേയറും മുൻ ബാസ്ക്കറ്റ്ബോൾ താരവും രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവുമായ ജാനറ്റ് അർകെയ്ന് വെള്ളിയിൽ തീർത്ത രണ്ട് ആനകളുടെ ശിൽപ്പവും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ലോഗോ മുദ്രണം ചെയ്ത് സ്വർണം പൂശിയ മയിലിന്റെ രൂപവും സമ്മാനിച്ചു.
ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4.30നാണ് 31-ാമത് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. വിപുലമായ ചടങ്ങുകളാണ് മാരക്കാന സ്റ്റേഡിയത്തിൽ അരങ്ങേറുന്നത്.
കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിലെന്നപോലെ ഇത്തവണയും ചലച്ചിത്ര സംവിധായകരാണ് റിയോയിലെ ദൃശ്യവിസ്മയത്തിനും ചുക്കാൻ പിടിക്കുന്നത്.
പ്രശസ്ത ബ്രസീലിയൻ സംവിധായകൻ ഫെർണാണ്ടോ മിരാലസ് നേതൃത്വം നൽകും. ലോക ക്ലാസിക്കുകളിൽ ഒന്നായ ‘സിറ്റി ഓഫ് ഗോഡി’ന്റെ സംവിധായകനാണ് ഫെർണാണ്ടോ മിരാല്ലസ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്ട് എന്നാണ് മിരാലസ് ഇതിനെ വിശേഷിപ്പിച്ചത്. ബ്രസീലിയൻ സംവിധായകരായ ആൻഡ്രുച്ച വാഡിങ്ടൺ, ഡാനിയേല തോമസ് എന്നിവരും മിരെല്ലാസിനൊപ്പമുണ്ട്.
ഒളിമ്പിക്സിന്റെ അവസാനവട്ട ഒരുക്കങ്ങൾ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി യോഗം വിലയിരുത്തി. ബ്രസീൽ ലോകത്തെ ഏറ്റവും സമ്മോഹനമായ കായിക പേരാട്ടത്തിന് സജ്ജമായിക്കഴിഞ്ഞതായി ഐഒസി പ്രസിഡന്റ് തോമസ് ബാക് പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: