റോം: ഇറ്റാലിയന്‍ ലീഗ് സീരി എയില്‍ കരുത്തരായ ജുവന്റസും എസി മിലാനും സമനിലയില്‍ കുടുങ്ങിയപ്പോള്‍ ഇന്റര്‍ മിലാന് തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. ജുവന്റസിനെ 2-2ന് സെസെനയാണ് സമനിലയില്‍ തളച്ചത്. അറ്റ്ലാന്റയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്റര്മിലാന് ഗംഭീര വിജയം സ്വന്തമാക്കിയത്.
ഇന്ററിന് വേണ്ടി രണ്ടാം മിനിറ്റില്‍ ഷെര്ദാസന് ഷാഖിരി പെനാല്‍റ്റിയിലൂടെയും 37, 63 മിനിറ്റുകളില്‍ ഗ്വാറിനും 72-ാം മിനിറ്റില്‍ പലാസിയോയും ഗോളുകള്‍ നേടിയപ്പോള്‍ അറ്റ്ലാന്റയുടെ ആശ്വാസഗോള്‍ നേടിയത് 27-ാം മിനിറ്റില്‍ മൊറാലസായിരുന്നു. 52-ാം മിനിറ്റില്‍ അറ്റ്ലാന്റയുടെ ബെനാൂലൊയിന് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളിപൂര്ത്തിയാക്കിയത്.
മറ്റൊരു മത്സരത്തില്‍ എസി മിലാനെ നപ്പോളിയാണ് 1-1ന് സമനിലയില്‍ തളച്ചത്. റോമയും പാര്‍മയും തമ്മിലുള്ള പോരാട്ടവും ഇരുടീമുകള്‍ക്കും ഗോളടിക്കാന്‍ കഴിയാതെ സമനിലയില്‍ കലാശിച്ചപ്പോള്‍ ഗനോവ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വെറോണയെയും ലാസിയോ 1-0ന് ഉദിനെസെയെയും ചീവോ 2-1ന് സാംപദോറിയയെയും പരാജയപ്പെടുത്തി. ലീഗില്‍ 23 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ജുവന്റസ് 54 പോയിന്റുമായി ഒന്നാം സ്ഥാനത്തും 47 പോയിന്റുമായി റോമ രണ്ടാം സ്ഥാനത്തും 42 പോയിന്റുകളുമായി നാപോളി മൂന്നാം സ്ഥാനത്തും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: