അഡ്ലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റിലെ മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് ഓസ്ട്രേലിയക്ക് പാക്കിസ്ഥാന്റെ വെല്ലുവിളി. നാല് തവണ ലോകചാമ്പ്യന്മാരാവുകയും രണ്ട് തവണ രണ്ടാം സ്ഥാനക്കാരാവുകയും ചെയ്ത ഓസ്ട്രേലിയക്ക് തന്നെയാണ് ഇന്നത്തെ കളിയില്‍ മുന്‍തൂക്കം. ഇന്ന് ഇന്ത്യന്‍ സമയം രാവിലെ 9നാണ് മത്സരം ആരംഭിക്കുന്നത്.
1987, 1999, 2003, 2007 വര്‍ഷങ്ങളിലായിരുന്നു കംഗാരുക്കളുടെ ലോകകിരീടം. 1975, 1996 വര്‍ഷങ്ങളിലായിരുന്നു രണ്ടാം സ്ഥാനം. 2011ലെ കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തുപോയ അവരുടെ ലക്ഷ്യം ഇത്തവണ പാക്കിസ്ഥാനെ കീഴടക്കി സെമിയിലെത്തുക എന്നതുതന്നെയാണ്.
1992-ല്‍ ലോകചാമ്പ്യന്മാരായ പാക്കിസ്ഥാന് 1999-ല്‍ റണ്ണേഴ്സുമായി. കഴിഞ്ഞ ലോകകപ്പില്‍ സെമിയില്‍ കളിച്ച പാക്കിസ്ഥാന് ഇത്തവണ തുടര്‍ച്ചയായ രണ്ടാം സെമിയാണ് ലക്ഷ്യംവെക്കുന്നത്. ലോകകപ്പില്‍ ഇരുവരും തമ്മില്‍ ഒമ്പതാം തവണയാണ് ഏറ്റുമുട്ടുന്നത്. ഇതില്‍ നാല് തവണ വീതം ഇരുടീമുകളും വിജയിച്ചു. എന്നാല്‍ ലോകകപ്പില്‍ അവസാനം ഇരുവരും ഏറ്റുമുട്ടിയ അഞ്ച് കളികളില്‍ മൂന്നിലും പാക്കിസ്ഥാനായിരുന്നു വിജയം. ഈ കണക്കുകളിലാണ് പാക്കിസ്ഥാന്റെ പ്രതീക്ഷ.
എന്നാല്‍ പാക്കിസ്ഥാനെ അപേക്ഷിച്ച് മികച്ച ബാറ്റിംഗും ബൗളിംഗും ഓസ്ട്രേലിയക്കാണ്. ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ക്യാപ്റ്റന്‍ ക്ലാര്‍ക്കും ഷെയ്ന് വാട്സണും സ്റ്റീവന്‍ സ്മിത്തും വെടിക്കെട്ട് താരം ഗ്ലെന്‍ മാക്സ്വെല്ലും ബ്രാഡ് ഹാഡിനും അരങ്ങുതകര്‍ക്കാനിറങ്ങുമ്പോള്‍ പാക് ബൗളര്‍മാര്‍ വശംകെടും. അതുപോലെ മിച്ചല്‍ സ്റ്റാര്‍ക്കും ജോണ്‍സണും ഫോക്നറും ഉള്‍പ്പെടുന്ന പേസ് നിര ഏത് ബാറ്റിംഗ്നിരയെയും തകര്‍ത്തെറിയാന്‍ കഴിവുള്ളവരുമാണ്. 6 കളികളില്‍ നിന്ന് 15 വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാര്‍ക്കാണ് വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്ത്.
മറുവശത്ത് പാക്കിസ്ഥാന് പേസ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാന്റെ അഭാവത്തിലാണ് നിര്‍ണായകമായ ഇന്നത്തെ പോരാട്ടത്തിനിറങ്ങുക. ഇര്ഫാന് പകരം ഇഹ്ഷാന്‍ അലിയായിരിക്കും ഇന്ന് കളിക്കാനിറങ്ങുക. ബാറ്റിംഗ് നിരയും മികച്ച ഫോമിലല്ല. ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖ് മാത്രാണ് മികച്ച പ്രകടനം നടത്തുന്നത്. പൂളിലെ അവസാന മത്സരത്തില്‍ ദുര്‍ബരായ സ്കോട്ട്ലന്‍ഡിനെതിരെ ഓപ്പണര്‍മാരായ അഹമ്മദ് ഷെഹ്സാദും സര്‍ഫ്രാസ് അഹമ്മദും മറ്റു കളികളില്‍ പരാജയമായിരുന്നു.
പരിചയസമ്പന്നനായ യൂനിസ് ഖാനും ഷാഹിദ് അഫ്രീദിക്കും ഇതുവരെ മികച്ചൊരു ഇന്നിംഗ്സ് കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടില്ല. മിസ്ബക്കൊപ്പം ഉമര്‍ അക്മലാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തുന്ന താരം. എന്നാല്‍ ബാറ്റിംഗ് നിരയെ അപേക്ഷിച്ച് ബൗളര്‍മാര്‍ കുറച്ചുകൂടി മികവ് പ്രകടിപ്പിക്കുന്നുണ്ട്. വഹാബ് റിയാസ്, സൊഹൈല്‍ ഖാന് തുടങ്ങിയവരായിരിക്കും ബൗളിംഗ് ആക്രമണത്തിന്റെ കുന്തമുന. ലോക ക്രിക്കറ്റിലെ രണ്ട് കരുത്തന്മാര് ഇന്ന് നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശപ്പോരാട്ടത്തിനായിരിക്കും അഡ്ലെയ്ഡ് ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: