സ്വര്‍ഗ്ഗം പോലോരു രാജ്യം. ആ രാജ്യമിന്ന് ഐഎസ് ഭീകരരുടെ പിടിയിലമര്‍ന്ന് ചെളി കൂമ്പാരത്തിലേയ്ക്ക് താഴ്ന്ന് കൊണ്ടിരിക്കുകയാണ്. പറഞ്ഞ് വരുന്നത് സിറിയയെ കുറിച്ചാണ്. ചരിത്ര പ്രാധാന്യമുള്ള ഇവിടുത്തെ കെട്ടിടങ്ങളും വാസ്തു ശില്‍പ്പങ്ങളും യാതൊരു വിധത്തിലുള്ള ബഹുമാനവുമില്ലാതെ ഐഎസ് ഭീകരരാല്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു. എന്തിനേറെ പറയുന്നു, സിറിയ ഇന്ന് നരകമായി മാറിയിരിക്കുന്നു. അല്ല, ഐഎസ് സിറിയയെ നരകമായി മാറ്റിയിരിക്കുന്നു എന്നതാണ് വാസ്തവം.
ക്രൂരവും പൈശാചികതയും നിറഞ്ഞ ഐഎസിന്റെ ചെയ്തികള്‍ ജനങ്ങളില്‍ ഭീതി ജനിപ്പിച്ചിരിക്കുന്നു. സിറിയയിലുള്ള പുരുഷന്മാരെ ഐഎസ് മൃഗങ്ങള്‍ക്ക് തുല്യമായി അരിഞ്ഞ് വീഴ്ത്തുന്നു. സ്ത്രീകളേയും കുട്ടികളേയും ലൈംഗിക പീഡനത്തിനും അടിമകളായും ഉപയോഗിക്കുന്നു. തുടരെ തുടരെ ഐഎസില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന ഈ കൊടിയ പീഡനങ്ങളും ക്രൂരതകളും സിറിയയിലെ ജനങ്ങള്‍ക്കിടയില്‍ നിരവധി വിമത സംഘടനകളും ചെറു സൈന്യങ്ങളുമുണ്ടാകാന് കാരണമായി. അവ ഐഎസിന്റെ പിടിയിലമരുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും സംരക്ഷണമേകാന്‍ തുടങ്ങി.
അത്തരത്തില്‍ ഐഎസില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്ന സൈന്യങ്ങളിലൊന്നാണ് വുമണ്‍ പ്രൊട്ടക്ഷന്‍ യൂണിറ്റ് (ഡബ്ല്യു.പി.ഒ). ഈ സംഘടനയിലുള്ള എല്ലാവരും തന്നെ സ്ത്രീകളാണ്. അവര്‍ക്ക് ഐഎസില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിനായി പ്രത്യേക പരിശീലനവും ലഭിച്ചിട്ടുണ്ട്. ആയോധന കല, ദ്വന്ദ്വയുദ്ധം, ആയുധങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവയില്‍ പ്രാവീണ്യം നേടിയ സ്ത്രീകളാണിവര്‍.
ഭയരഹിതമായി ഭീകരരെ നേരിടാനും രാജ്യത്തെ സംരക്ഷിക്കാനും കച്ചക്കെട്ടി ഇറങ്ങി തിരിച്ച ഈ സംഘടനയിലെ സ്ത്രീകളില്‍ ഒരാളാണ് ‘ലേഡി മഗധീര’. യഥാര്‍ത്ഥ പേര് രഹന. 100 ഐഎസ് ഭീകരരെയാണ് ഇവള് തനിച്ച് വകവരുത്തിയത്. സിറിയയിലെ അതിര്‍ത്തി നഗരമായ കോര്ബാനിയില് പോരാട്ടം നടത്തുന്നതിനിടെയാണ് രഹനയെ ലോകം അറിഞ്ഞു തുടങ്ങുന്നത്. സമാധാനത്തിന്റെ അടയാളം കാട്ടി നില്ക്കുന്ന ഇവളുടെ ചിത്രം സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. രഹനയെ ഐഎസ് ഭീകരര്‍ പിടികൂടി തലയറത്തതായും റിപ്പോര്‍ട്ടുകളുണ്ട്. സംഘടനയിലെ തന്നെ രഹനയോടടുത്ത സുഹൃത്തുക്കള്‍ പറയുന്നത്, അത്തരത്തില്‍ സംഭവിച്ചിട്ടില്ലെന്നും ഐഎസില്‍ നിന്ന് രഹന രക്ഷപ്പെട്ടെന്നുമാണ്. അതിനായി അവള്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അത്ര പെട്ടെന്ന് അവളെ കീഴ്പ്പെടുത്താന്‍ കഴിയില്ലെന്നും ഇവര്‍ വാദിക്കുന്നു.
അതേസമയം രഹന 100 ഐഎസ് ഭീകരരെ കൊന്നെന്ന വാദം തെറ്റാണെന്ന് ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സിറിയയിലെ ജനങ്ങള്‍ പറയുന്നത്, അവള് മികച്ചൊരു അഭ്യാസിയാണ്. പക്ഷെ ഐഎസ് ഭീകരര്‍ രഹനയെ ലക്ഷ്യം വയ്ക്കുമെന്ന ഭീതിയില്‍ ഇവരാരും ഭീകരരെ വധിച്ച കാര്യത്തില്‍ പ്രതികരിക്കുന്നുമില്ല.
എന്തായാലും രാജ്യത്തിന്റെ സംരക്ഷണമേറ്റെടുത്ത് മുന്നിട്ടിറങ്ങിയിരിക്കുകയാണ് രഹന. അവള്‍ക്ക് പുറമേ ഇന്ന് പതിനായിരത്തിലധികം സ്ത്രീകളാണ് വുമണ്‍ പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ അംഗങ്ങളായുള്ളത്. ഐഎസിന്റെ ചെയ്തികള്‍ക്ക് വിലങ്ങ് തടിയാകാന്‍ ഈ സംഘടനയ്ക്ക് സാധിക്കുന്നുണ്ടെന്നത് വസ്തുതയാണ്.
സംഘടനയില്‍ തന്നെയുള്ള അരിന്‍ മിര്ക്കാനെന്ന സ്ത്രീയും പോരാട്ട വീര്യത്തിന് അടിവരയിട്ടിരിക്കുകയാണ്. 10 ഭീകരരെ കൊലപ്പെടുത്തി സിറിയയിലെ ഒരു ഗ്രാമം ഇവര്‍ രക്ഷിച്ചെടുത്തു.
പൊതുവേ ഈ സംഘടനയിലുള്ളവര്‍ അറിയപ്പെടുന്നത് ‘ ഗേള്‍സ് വിത്ത് ഗണ്‍സ്’ (തോക്കുകളോട് കൂടിയ പെണ്‍കുട്ടികള്‍) എന്നാണ്. ഭീകരരെ ചെറുക്കുന്നതിലൂടെ, രാജ്യത്തെ സംരക്ഷിക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഇവര്‍ പ്രചോദനമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: