എലിപ്പനി അഥവാ വീല്‍സ് ഡിസീസ് ഒരു സാംക്രമിക രോഗമാണെന്നും അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും മെഡിക്കല്‍ വിഭാഗം. ലെപ്റ്റോസ്പൈറ രോഗാണുക്കളാണ് എലിപ്പനി പരത്തുന്നത്. എലി, കാര്‍ന്നുതിന്നുന്ന മറ്റു ജീവികള്‍, വളര്‍ത്തുമൃഗങ്ങള്‍, കുറുക്കന് എന്നിവയില്‍ ഈ രോഗാണുക്കളെ കണ്ടെത്തിയിട്ടുണ്ട്.
കേരളത്തില്‍ എലികളിലാണ് ഈ രോഗാണുക്കളെ കൂടുതലായി കണ്ടുവരുന്നത്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് എലിപ്പനി. എലിമൂത്രത്താല്‍ അശുദ്ധമായ ജലം, മണ്ണ്, ഫലവര്‍ക്ഷങ്ങള്‍, ആഹാരം എന്നിവയിലൂടെ രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നു. മലിന ജലത്തില്‍ കുളിക്കുകയോ ചെളിയിലും വെള്ളക്കെട്ടുകളിലും പണിയെടുക്കുകയോ രോഗാണു കലര്‍ന്ന ആഹാരം, വെള്ളം എന്നിവ ഉപയോഗിക്കുകയോ ചെയ്യുന്നവര്‍ക്ക് രോധബാധയ്ക്ക് സാധ്യതയുണ്ട്.
രോഗ ലക്ഷണങ്ങള്‍
രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ ശരാശരി 10 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. പെട്ടന്നുള്ള പനി, തലയുടെ മുന്‍ഭാഗങ്ങളിലും കണ്ണുകള്‍ക്ക് ചുറ്റിലും ശക്തിയായ വേദന, ഇടുപ്പിലും കണങ്കാലിലുമുള്ള മാംസപേശികളില്‍ വേദന, കണ്ണിന് ചുവപ്പുനിറം തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. മഞ്ഞപ്പിത്തം, ദേഹത്ത് രക്തം പൊടിയല്, എന്‍കഫലൈറ്റിസ്, വൃക്ക തകരാര്‍ തുടങ്ങിയ രോഗ ലക്ഷണങ്ങളും ക്രമേണ കാണപ്പെടുന്നു.
ചികിത്സ
എലിപ്പനി രോഗത്തിന് ഫലപ്രദമായ ചികിത്സ നിലവിലുണ്ട്. തക്കസമയത്ത് രോഗനിര്‍ണയം നടത്തി ചികിത്സിച്ചാല്‍ രോഗം ഭേദമാക്കാന്‍ സാധിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സ ലഭ്യമാണ്. കൂടാതെ രോഗപ്രതിരോധമെന്ന നിലയില്‍ ഡോക്സിസൈക്ലിന്‍ ഗുളിക നല്‍കുന്നതിനുള്ള സംവിധാനങ്ങളും എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും സജ്ജീകരിച്ചിട്ടുണ്ട്.
പ്രതിരോധ നടപടികള്‍
പരിസര ശുചിത്വം പാലിക്കുക എന്നത് രോഗപ്രതിരോധത്തില്‍ പ്രധാനമാണ്. ആഹാര പദാര്‍ത്ഥങ്ങള്‍ മൂടിവയ്ക്കുക, ആഹാര പദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍ വീട്ടുപരിസരങ്ങളില്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുവാന്‍ ഉപയോഗിക്കുക എന്നിവയാണ് രോഗം പടരാതിരിക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍. വെള്ളത്തില്‍ കലര്‍ന്നിട്ടുള്ള അണുക്കളെ നശിപ്പിക്കാന്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിക്കാം.
പാടത്ത് പണിയെടുക്കുന്നവരും മലിനജലവുമായി സമ്പര്‍ക്കമുള്ള ജോലി ചെയ്യുന്നവരും, ഇറച്ചിവെട്ട്, കൈതകൃഷി തുടങ്ങിവ ജോലികളില്‍ ഏര്‍പ്പെടുന്നവരും കയ്യുറകള്‍, ബൂട്ട് തുടങ്ങിയവ ഉപയോഗിക്കണം. എലി നിയന്ത്രണത്തിനുള്ള ഉപാധികള്‍ വീടുകളില്‍ സ്വീകരിക്കണം. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരെ സമീപിച്ച് പ്രതിരോധ മരുന്ന് കഴിക്കണം. സ്വയം ചികിത്സ അപകടമാണ്,
രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: