ബോധവല്‍ക്കരണത്തിന്റെയും മുന്കരുതലിന്റെയും ജാഗ്രതയുമായി ഇന്ന് ലോകം മുഴുവന്‍ ക്യാന്‍സര്‍ ദിനം ആചരിക്കുമ്പോള്‍ കടുത്ത ആശങ്കയില്‍ തന്നെയാണ് ജനം. കടലോരം കുഴിച്ചു ജീവിക്കുംപോലെ ക്യാന്‍സര്‍ ഞണ്ടുകള്‍ മനുഷ്യശരീരം കടലോരമാക്കുന്നതിന്റെ പേടിയാണ് എല്ലായിടത്തും. മരണത്തിനു മറ്റൊരു പേരെന്ന നിലയില്‍ വരെ ക്യാന്‍സറിനെ കാണുന്നുണ്ട് മനുഷ്യന്. ക്യാന്‍സര്‍ മാരകരോഗമായി പകര്‍ച്ചപോലെ വ്യാപിക്കുമ്പോഴും വൈദ്യ ശാസ്ത്രത്തിന്റെ വായു വേഗത്തിലുള്ള വളര്‍ച്ചയിലും ഈ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുന്നത് അല്‍പ്പമാത്രം. അതാകട്ടെ നേരത്ത കണ്ടു പിടിച്ചാലെന്ന വിഷമകരമായ അവസ്ഥയിലും.
ഓരോ വര്‍ഷവും ഫെബ്രുവരി നാലിന് ആഗോള പദ്ധതിയായി ക്യാന്‍സര്‍ ദിനം ആചരിക്കുന്നു. ലോക ജനതയെ മുഴുവന്‍ ക്യാന്‍സറിനെതിരെ പങ്കാളിയാക്കുക എന്നതാണ് ഈ ദിനെകൊണ്ട് ലക്ഷ്യമാക്കുന്നത്. ലക്ഷക്കണക്കിന് ആളുകളെ മാരകമായ ഈരോഗത്തില്‍ നിന്നും തടയുന്നതിലേക്കായി സര്‍ക്കാരുകളേയും വ്യക്തികളേയും ആരോഗ്യ വിദ്യാഭ്യാസത്തിലേക്കും ബോധവല്‍ക്കരണത്തിലേക്കും നയിക്കാനുമാണ് ഈ ദിനംകൊണ്ട് ഉദ്ദേശിക്കുന്നത്. തൊണ്ണൂറ് ലക്ഷത്തോളം പേരാണ് ഓരോ വര്‍ഷവും ക്യാന്‍സര്‍ ബാധിതതരായി മരിക്കുന്നത്. ഇവരില്‍ നാല്പതു ലക്ഷത്തോളംപേര്‍ മുപ്പതിനും എഴുപതിനും മധ്യേ പ്രായമുള്ളവരാണ്.
കോശവിഭജനത്തിനെ നിയന്ത്രിക്കുന്ന ജീനുകളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് ക്യാന്‍സറിന്റെ അടിസ്ഥാന കാരണം. വിവിധ കാരണങ്ങള്‍കൊണ്ട് ജനിതക ഘടനയില്‍ മാറ്റമുണ്ടാകാം. പുകയില, മദ്യം, രാസവസ്തുക്കള്‍, റേഡിയേഷന്, കീടനാശിനികള്‍ തുടങ്ങിയവ ജനിതക ഘടനനയ്ക്കു മാറ്റമുണ്ടാക്കാം. മാതാപിതാക്കളില്‍ നിന്നും പാരമ്പര്യമായി ലഭിച്ച ജനിതക മാറ്റം സംഭവിച്ച ജീനുകള്മൂലം ക്യാന്‍സര്‍ വരാം. ഇതു പക്ഷേ അഞ്ചു മുതല്‍ എട്ടു ശതമാനം വരെയാണ്.
ആധുനിക ജീവിതശൈലി രോഗങ്ങളില്‍ മുന്‍ പന്തിയിലാണ് ക്യാന്‍സര്‍. ഭക്ഷണത്തില്‍ നിന്നും അന്തരീക്ഷ മലിനീകരണത്തില്‍ നിന്നുമൊക്കെ ഈ മാരകരോഗം പിടിപെടാം. നേരത്തെ കണ്ടെത്തിയാല്‍ ഈരോഗം ചികിത്സിച്ചു ഭേദമാക്കാനാവുമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇതിന്റെ ലക്ഷണങ്ങള്‍ മിക്കവാറും കണ്ടു തുടങ്ങുന്നത് വൈകിയാണ്. അതു താമസിച്ചുപോയ ചികിത്സയ്ക്കും അതുവഴി രോഗമൂര്‍ച്ഛയ്ക്കും കാരണമാകും. എന്നാല്‍ ക്യാന്‍സറിന്റെ ഗുരുതരാവസ്ഥയില്‍ വൈദ്യശാസ്ത്രം തന്നെ ഉപേക്ഷിച്ച അപൂര്‍വം ചിലര്‍ അപാരമായ മനശക്തിയാല്‍ രോഗം പൂര്‍ണ്ണമായും മാറി ജീവിതത്തിലേക്കു തിരിച്ചു വന്നിട്ടുണ്ട്. പ്രശസ്ത പത്രപ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാ മേനോന് തന്നെ മികച്ച മാതൃക.
ഇന്നും വൈദ്യശാസ്ത്രത്തെ വെല്ലുവിളിക്കുകയാണ് ക്യാന്‍സര്‍. ഫലപ്രദമായ മരുന്ന് ഇപ്പഴും വിദൂരം. കണ്ടുപിടിച്ചെന്നു പറയുന്നവ താല്‍ക്കാലികം മാത്രം. ക്യാന്‍സര്‍ ചികിത്സിച്ച് പാവപ്പെട്ടവന് എല്ലാം നഷ്ടപ്പെടുമ്പോള്‍ കോടികള്‍ കൊയ്യുകയാണ് നമ്മുടെ പല ആശുപത്രികളും. ആശുപത്രി രക്ഷപെടാന്‍ ക്യാന്‍സര്‍ ചികിത്സമാത്രം മതിയെന്നു വന്നിരിക്കുന്നു. ഇന്നുംപൊതു സമൂഹത്തിന് ക്യാന്‍സര്‍ നിഗൂഢ രോഗമാണ്. അതിനെക്കുറിച്ചു പറയുന്നതും കേള്‍ക്കുന്നതും രഹസ്യമായാണ്. വന്നാല്‍ രക്ഷയില്ലെന്ന വിശ്വാസമാണ് ഈ രഹസ്യത്തിനാധാരം. പണ്ട് വസൂരി രോഗത്തെക്കുറിച്ചു പറയുന്നതു തന്നെ പേടിയായിരുന്നെന്നതുപോലെ.
പ്രതീക്ഷയും ആത്മവിശ്വാസവുമാണ് ജീവിതം എന്നുള്ളതിനാല്‍ ക്യാന്‍സറല്ല ഏതുരോഗത്തിനും എന്തിനും അതീതമായി നാം ജീവിക്കുകതന്നെ ചെയ്യും എന്ന ദൃഢ പ്രതിജ്ഞ തന്നെവേണം നമുക്ക് ഈ ക്യാന്‍സര്‍ ദിനവും ആവശ്യപ്പെടുന്നത് അതുതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: