മലപ്പുറം: ജിഷ്ണുവിന്റെ മാതാപിതാക്കളോട് പോലീസ് ചെയ്തത് സാംസ്കാരിക കേരളത്തിന് തന്നെ അപമാനമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മുഖാമുഖംപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഇങ്ങനെ ഒരുസംഭവം ഒരിക്കലും ഉണ്ടാവരുതായിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിവന്ന് പറയുന്നതും മകന് നഷ്ടപ്പെട്ട ഒരമ്മ പറയുന്നതും രണ്ടായി തിരിച്ചറിയാനുളള കഴിവുണ്ടാവണം. പോലീസ് അന്വേഷത്തില്‍ ജിഷ്ണുവിന്റെ മാതാപിതാക്കള്‍ തൃപ്തരല്ലെന്നും അതില്‍ പ്രതിഷേധിച്ച് ഡിജിപി ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുമെന്നും നേരത്തെ അറിയിച്ചിരുന്നതാണ്. അങ്ങനെ വന്നവരോട് മനുഷ്യത്വരഹിതമായ സമീപനമാണ് പോലീസ് കാണിച്ചത്. ഡി.ജി.പി. ഓഫീസിന് മുന്നില്‍ സമരങ്ങളും, പ്രകടനങ്ങളും പ്രക്ഷോഭങ്ങളും നടത്താന്‍ അനുവദിക്കില്ലെന്ന നിബന്ധനയെ എതിര്‍ക്കുന്നില്ല.
എന്നാല്‍ മകന് നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദനയെ സമരമായിട്ടല്ല കാണേണ്ടത്. അത് കേള്‍ക്കാനും അറിയാനുമുളള കാരുണ്യത്തിന്റെ മനസ് ഇല്ലാതെ പോയതാണ് പ്രശ്നം. പോലീസ് സ്റ്റേഷന് കൈയ്യേറാനോ, സംഘര്‍ഷമുണ്ടാക്കാനോ വന്നതല്ലവര്. സാങ്കേതികത്വമല്ല, മനുഷ്യത്വമാണ് ഒരുജനാധിപത്യ ഭരണകൂടം പുലര്‍ത്തേണ്ടത്. സമരത്തിന് ഇടയില്‍ ജിഷ്ണുവിന്റെ ബന്ധുക്കളല്ലാത്തവര്‍ ഉണ്ടായിരുന്നെങ്കില്‍ അവരെ മാറ്റി കുടുംബത്തെ അവിടെ നിറുത്താമായിരുന്നു. അതല്ലാതെ കുടുംബത്തെ മാറ്റേണ്ട ആവശ്യമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നെന്ന സിപിഎമ്മിന്റെ ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ജിഷ്ണുവിന്റെ കുടുംബം സിപിഎമ്മുകാരും ഭാരവാഹികളുമാണെന്നത് കൊടിയേരി മറക്കരുതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: