അങ്ങാടിപ്പുറം: വള്ളുവനാട്ടിലെ പൂരമാമാങ്കത്തിന് തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തില്‍ തുടക്കമായി. പൂര പുറപ്പാട് ദിവസമായ ഇന്നലെ രാവിലെ പത്തിന് ആദ്യ ആറാട്ടിനായി പൂരം കൊട്ടിപ്പുറപ്പെട്ടു. സരോജിനി നങ്ങ്യാരമ്മയുടെ നങ്ങ്യാര്‍കൂത്തിനും കൂത്തുപുറപ്പാടിനും ശേഷമാണ് പൂരം പുറപ്പാട് നടന്നത്. മാതൃശാലയില്‍ പ്രത്യേക പുറപ്പാട് ചടങ്ങിനുശേഷം ഭഗവതിയുടെ പഞ്ചലോഹത്തിടമ്പ് കോലത്തില്വെച്ച് പുറത്തേക്ക് ആനയിച്ചു. വാദ്യമേളങ്ങളുടെയും കൊടിതോരണങ്ങളുടെയും അകമ്പടിയോടെ പൂരം ആറാട്ടിനായി വടക്കേനട ഇറങ്ങി. ആറാട്ടിനുശേഷം പൂരം കൊട്ടിക്കയറി. പഞ്ചാരിമേളത്തോടെ നാലമ്പലപ്രദക്ഷിണത്തിന് ശേഷം തിടമ്പ് മാതൃശാലയിലേക്ക് തിരിച്ചെഴുന്നള്ളിച്ചതോടെ പകല്‍പ്പൂരച്ചടങ്ങുകള്‍ സമാപിച്ചു. വൈകിട്ട് തിരുമുറ്റത്ത് ഓട്ടന്തുള്ളല്, നാഗസ്വരം, പാഠകം എന്നിവയും മഞ്ചേരി ഹരിദാസനും പനമണ്ണ ശശിയും ചേര്‍ന്നൊരുക്കുന്ന തായമ്പകയും അരങ്ങേറി. രാത്രി 9.30ന് രണ്ടാമത്തെ ആറാട്ടും കൊട്ടിയിറങ്ങി.
മൂന്നാം പൂരദിവസമായ നാളെയാണ് ഉത്സവ കൊടിയേറ്റം. നാലാംപൂരത്തിന് പൂരം മുളയിടല്‍, ഏഴാംപൂരത്തിന് ഉത്സവബലി. എട്ടാം പൂരദിവസമായ ഒമ്പതിനാണ് ഭഗവതിക്കും ഭഗവാനും ഒന്നിച്ചുള്ള ആറാട്ടെഴുന്നള്ളിപ്പ്. 11ന് പത്താംപൂരത്തിന്റെ പള്ളിവേട്ട ഏഴുന്നള്ളിപ്പും 12ന് പതിനൊന്നാം പൂരത്തിനുള്ള കാഴ്ചശീവേലിയും അനുബന്ധപൂരം എഴുന്നള്ളിപ്പും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: