പത്തനംതിട്ട: പ്രീ പ്രൈമറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കും ആയമാര്‍ക്കും ശമ്പള വര്‍ധന അനുവദിക്കണമെന്നും എയ്ഡഡ് മേഖലയില്‍ നിയമനാംഗീകാരം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രീ പ്രൈമറി എംപ്ലോയീസ് അസോസിയേഷന് നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് 10,000 കത്തുകള്‍ അയയ്ക്കും.
സര്‍ക്കാര്‍ സ്കൂളുകളിലെ പ്രീ പ്രൈമറി അധ്യാപകര്‍ക്ക് 2012 മുതല്‍ ഹൈക്കോടതി ഉത്തരവു പ്രകാരം ശമ്പളം അനുവദിച്ചിരുന്നു. എന്നാല്‍ എയ്ഡഡ് മേഖലയില്‍ ഈ നിയമം ബാധകമായില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എയഡഡ് മേഖലയിലെ പ്രീ പ്രൈമറി അധ്യാപകരെയും അംഗീകരിക്കാമെന്ന് നിയമസഭയില്‍ മന്ത്രി ഉറപ്പു നല്‍കിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. എയ്ഡഡ് പ്രീ പ്രൈമറി അധ്യാപകര്‍ക്കും സര്‍ക്കാര്‍ ശമ്പളം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടെങ്കിലും നടപടി ഉണ്ടായില്ല.
2012നു ശേഷം ജോലിയില്‍ പ്രവേശിച്ച ഗവണ്മെന്റ് പ്രീ പ്രൈമറി അധ്യാപകര്‍ക്ക് മിനിമം വേതനം 23,000 രൂപയാക്കുക, ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള 500 രൂപയുടെ വേതനവര്‍ധന എയ്ഡഡ് മേഖലയിലും ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷന് ഉന്നയിച്ചു.
മുഖ്യമന്ത്രി, വിദ്യാഭ്യാസ, ധനകാര്യമന്ത്രിമാര്‍ക്കും കത്തുകള്‍ അയയ്ക്കും. സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഹെഡ്പോസ്റ്റ് ഓഫീസിനു മുമ്പില്‍ മുന്‍മന്ത്രി കെ.പി. രാജേന്ദ്രന് നിര്‍വഹിക്കും. സംസ്ഥാന പ്രസിഡന്റ് കുര്യന് മാത്യു, ഭാരവാഹികളായ വി.എന്‍. ബീനാകുമാരി, എം. മഞ്ജു, എസ്.ആര്. സിന്ധു, ആബിദ മുഹമ്മദ്, കെ.ബി. ജിഷാമോള്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: