കോഴഞ്ചേരി:നാട്ടുകാരെ പിഴിഞ്ഞും ഭീഷണിപ്പെടുത്തിയും ധനസമാഹരണം നടപ്പിലാക്കിയ കോഴഞ്ചേരിയിലെ നിരീക്ഷണ ക്യാമറകള്‍ കണ്ണടച്ചിട്ട് കാലമേറെയായെങ്കിലും കണ്ടില്ലെന്ന ഭാവത്തിലാണ് അധികൃതര്‍. ജില്ലയിലെ ആദ്യ ജനമൈത്രി പോലീസ് സ്റ്റേഷനായ ആറന്മുളയില് ആവിഷ്കരിച്ച് കോഴഞ്ചേരി പഞ്ചായത്തിന്റെയും വ്യാപാരികളുടെയും സഹായത്തോടെയാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്. ഇതിനായി പിരിച്ചെടുത്ത തുകയെകുറിച്ച് അന്നേ പരാതികള്‍ ഉയര്‍ന്നിരുന്നു. സ്റ്റേഷനില്‍ എത്തുന്ന വാദികളോടും പ്രതികളോടും ടൗണിലെ വ്യാപാരികളോടും വാഹന ഉടമകളോടും തൊഴിലാളികളോടും വരെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് പണം വാങ്ങിയിരുന്നു. ടൗണ്‍, സി. കേശവന്സ്ക്വയര്, പൊയ്യാനില്‍ ജംഗ്ഷന് , ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ച് ഇവ കേബിള്‍ വഴി പോലീസ് എയ്ഡ് പോസ്റ്റില്‍ കമ്പ്യൂട്ടര്‍ സംവിധാനത്തിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം ക്യാമറ സ്ഥാപിക്കുന്നതിന് പോസ്റ്റിട്ട് ടൗണിലേക്ക് കേബിള്‍ വലിച്ചു. എയ്ഡ് പോസ്റ്റില്‍ കമ്പ്യൂട്ടറും സ്ഥാപിച്ചു. ഉദ്ഘാടനം പൊടിപൊടിച്ചു. കാലം അധികം കഴിയുംമുമ്പ് കമ്പ്യൂട്ടര്‍ പൊടിപിടിച്ച് കേടായി. കമ്പ്യൂട്ടര്‍ നന്നാക്കിയെടുത്തപ്പോഴേക്കും ക്യാമറകള്‍ ഒന്നൊന്നായി കേടാകാന്‍ തുടങ്ങി. പൊയ്യാനില്‍ ജംഗ്ഷനില്‍ നിന്നായിരുന്നു തുടക്കം. ആദ്യം ഒടിഞ്ഞു തൂങ്ങി ഏറെക്കാലം കിടന്ന ക്യാമറ പിന്നെ കണ്ടതുമില്ല. ഇപ്പോള്‍ പോസ്റ്റും ഇല്ലെന്നായി. ജില്ലാ ആശുപത്രിക്ക് സമീപത്തുള്ള ക്യാമറയിലേക്കുള്ള കേബിള്‍ മുറിഞ്ഞതോടെ ഇതില്‍ നിന്നുള്ള നിരീക്ഷണവും നിലച്ചു. ഏറെക്കാലം ക്യാമറ പോസ്റ്റില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇത് നഷ്ടപ്പെട്ടതായാണ് സൂചന. പ്രധാന ജംഗ്ഷനുകളിലെ ക്യാമറകള്‍ നഷ്ടപ്പെട്ടെങ്കിലും ടൗണിലെ ക്യാമറകള്‍ വീണ്ടും പ്രവര്‍ത്തിച്ചു. ക്യാമറയില്‍ കുടുങ്ങി വന്‍ മോഷ്ടാക്കളെ പിടികൂടിയതായി അന്നത്തെ പോലീസ് അധികാരികള്‍ പറയുകയും ചെയ്തു. നിരീക്ഷണത്തിനായി കമ്പ്യൂട്ടര്‍ സ്ഥാപിച്ചിരിക്കുന്ന എയ്ഡ് പോസ്ററില്‍ സ്ഥിരം ജീവനക്കാര്‍ ഇല്ലാതായതോടെ വീണ്ടും സംവിധാനം പാളി. ടൗണിലേക്ക് ആകെ ഒരു ട്രാഫിക് വാര്‍ഡനെയാണ് നിയോഗിച്ചിരിക്കുന്നത്. എയ്ഡ് പോസ്റ്റിന് അകത്തും പുറത്തുമായുള്ള ഡ്യൂട്ടിക്കിടെ കമ്പ്യൂട്ടര്‍ നോക്കി നിയന്ത്രിക്കാനും കഴിഞ്ഞില്ല. ഇതോടെ പ്രവര്‍ത്തനം മന്ദീഭവിച്ച സംവിധാനത്തിലെ അവസാനത്തെ ക്യാമറസി. കേശവന് സ്ക്വയറിലുള്ളതും പണി മുടക്കി. മാസങ്ങള്‍ക്കകം ഇവിടെയുള്ള പോസ്റ്റും ഒടിഞ്ഞു ഇപ്പോള്‍ പ്രവര്‍ത്തിക്കാതെ കമ്പ്യൂട്ടര്‍ മാത്രം ബാക്കിയായി. ടൗണിലെ ഗതാഗത ക്രമീകരണത്തിന് പുത്തന്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം വന്നിട്ടും കാലങ്ങളേറെയായി. പുതിയത് നടന്നുമില്ല പഴയത് നഷ്ടമാവുകയും ചെയ്ത അവസ്ഥയാണ് ഇപ്പോള്‍ കോഴഞ്ചേരിയിലുള്ളത്. മോഷ്ടാക്കളെ കണ്ടെത്താന്‍ സ്ഥാപിച്ച ക്യാമറകള്‍ നശിപ്പിച്ചവരെയെങ്കിലും കണ്ടെത്തണമെന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: