അകത്തേത്തറ: ആദിവാസി ക്ഷേമത്തിന് സര്‍ക്കാര്‍ കോടികള്‍ തുലയ്ക്കുമ്പോഴും വീട്നിര്മ്മിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചീക്കുഴി ആദിവാസികോളനിയില്‍ വെളിച്ചമെത്തിയില്ല.
ആദിവാസികള്‍ കിടന്നുറങ്ങുന്നത് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ ഒഴിഞ്ഞ വീട്ടില്‍.അകത്തേത്തറ ചെക്കിനിപ്പാടം ചീക്കുഴി ആദിവാസികോളനിലാണ് വീട് നിര്‍മിച്ച് ഒന്‍പതു വര്‍ഷം കഴിഞ്ഞിട്ടും കെഎസ്ഇബി കനിവ് കാണിക്കാത്തത്.
വീട്ടുനമ്പര്‍ പതിച്ചു കിട്ടാത്തതാണ് വൈദ്യുതി ലഭിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്. പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ് അഞ്ച് വീടുകളാണ് ഇവിടെ നിര്‍മിച്ചിട്ടുള്ളത്. വീട്ടുനമ്പര്‍ പതിച്ചുകിട്ടാത്തതിനാല് ഒരു വീട്ടിലും വയറിങ് പ്രവൃത്തികള്‍ നടത്തിയിട്ടില്ല.
വൈദ്യുതി ലഭിക്കാത്തതിനാല്‍ കോളനിക്കാരുടെ ആശ്രയം മണ്ണെണ്ണവിളക്കാണ്. കോളനിക്ക് മുന്നിലെ റോഡിലുള്ള തെരുവുവിളക്കാണ് ഇവര്‍ക്ക് അല്പമെങ്കിലും ആശ്വാസം.
വനമേഖലയോട്ചേര്ന്നു കിടക്കുന്നതിനാല്‍ കാട്ടാനശല്യം ഏറെയുള്ള പ്രദേശം കൂടിയാണിത്. വീടുകളിലൊന്നിലും വെളിച്ചമില്ലാത്തതിനാല്‍ നേരമിരുട്ടുമ്പോഴേ തൊട്ടടുത്ത സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ ഒഴിഞ്ഞുകിടക്കുന്ന വീട്ടില്‍ ആദിവാസികള്‍ അഭയം തേടും. വര്‍ഷങ്ങളായി അഞ്ച് ആദിവാസികുടുംബങ്ങള്‍ ഇത്തരത്തില്‍ ദുരിതമനുഭവിക്കുകയാണ്.
വീടുനിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതാണ് ഇവര്‍ക്ക് വൈദ്യുതി ലഭിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നതെന്നും വയറിങ് പ്രവൃത്തികള്‍ ഉള്‍പ്പെടെ വീടിന്റെ ബാക്കി നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചാല്‍ കോളനിയിലേക്ക് വൈദ്യുതിയെത്തിക്കാനുള്ള നടപടിയെടുക്കുമെന്നുമാണ് ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: