ന്യൂദല്‍ഹി: വരുമാനനികുതി വേണ്ടെന്നുവെച്ച് സേവനനികുതിയിലും എക്സൈസ് നികുതിയിലും വന്‍പരിഷ്കാരങ്ങള്‍ അവതരിപ്പിച്ചും ബിജെപി തെരഞ്ഞെടുപ്പ് അജണ്ട തയ്യാറാക്കുന്നു. പാര്‍ട്ടി അധികം വൈകാതെ അവതരിപ്പിക്കാന്‍ പോകുന്ന വിഷന്‍-2025-ല്‍ ഇതുസംബന്ധിച്ച വ്യക്തമായ വിശദീകരണങ്ങളുണ്ടാകും.
വരുമാനനികുതി ഒഴിവാക്കി സര്‍ക്കാരിനു പകരം വരുമാനം കണ്ടെത്താനുള്ള ബദല്‍മാര്‍ഗങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്ന് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.
വരുമാനനികുതി ഈടാക്കുന്നത് നിലവില്‍ വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമാണ്. വിദ്യാഭ്യാസ സെസ്, സര്‍ചാര്‍ജ്, സെക്യൂരിറ്റീസ് ട്രാന്സാക്ഷന് ടാക്സ് തുടങ്ങിയവയും ഈ വിഭാഗത്തില്‍പ്പെടുന്നു. ഇവയെല്ലാം വേണ്ടെന്നുവെക്കുക വാസ്തവത്തില്‍ സാമ്പത്തികബാധ്യതയുണ്ടാക്കുന്നതാണെങ്കിലും ഇതിനുപകരം വരുമാനമാര്‍ഗം ഉണ്ടാക്കാവുന്നതാണെന്നാണ് കാഴ്ചപ്പാട്. സാധാരണ ജനങ്ങള്‍ക്ക് ബാധ്യതയുണ്ടാക്കാതെ ഒരു നികുതി സംവിധാനം എന്നതാണ് സങ്കല്‍പ്പം.
ഇതിനുപുറമെ, പെട്രോളിയം വസ്തുക്കളുടെ നികുതി പരിഷ്കരണവും ബിജെപി ആസൂത്രണം ചെയ്യുന്നുണ്ട്. ഒരു ലിറ്റര്‍ പെട്രോളിന് 40-50 രൂപക്ക് വിതരണം ചെയ്യാന്‍ പറ്റുന്ന സംവിധാനമാണ് ആസൂത്രണം ചെയ്യുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള നികുതി അധികമാണ്. അത് യുക്തിഭദ്രമാക്കണം. പെട്രോള്‍വില പരമാവധി ലിറ്ററിന് 50 രൂപയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് ചേര്‍ന്ന് യോഗത്തില്‍ വിഷന്‍ 2025-ല്‍ ഉള്‍പ്പെടുത്തേണ്ട ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. യോഗത്തില്‍ എല്‍.കെ. അദ്വാനി, പ്രതിപക്ഷനേതാക്കളായ സുഷമാസ്വരാജ്, അരുണ്‍ ജെറ്റ്ലി, രാജ്നാഥ്സിംഗ്, നിതിന്‍ ഗഡ്കരി, യശ്വന്ത് സിന്‍ഹ, സുബ്രഹ്മണ്യന്‍സ്വാമി തുടങ്ങിയവര്‍ പങ്കെടുത്തു.
നികുതി ഒഴിവാക്കല്‍ സാധ്യതയുടെ പഠനം നടത്തിയത് പൂനെ ആസ്ഥാനമായ ഒരു സ്ഥാപനമാണ്. ഇതുസംബന്ധിച്ച തീരുമാനമെടുക്കേണ്ട കമ്മറ്റിയുടെ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയും കണ്‍വീനര്‍ സുബ്രഹ്മണ്യന്സ്വാമിയുമാണ്.
നിലവില്‍ 15 രാജ്യങ്ങള്‍ വ്യക്തികളില്‍നിന്ന് വരുമാനനികുതി ഈടാക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: