കോങ്ങാട്: ജില്ലാആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥമൂലം പ്രസവത്തിനിടെ ഇരട്ടകുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ പുനരന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്.
2013ല്‍ കോങ്ങാട് സ്വദേശികളായ ഷീജ-സേതുമാധവന് ദമ്പതികളുടെ ഇരട്ടകുട്ടികളാണ് പ്രസവത്തിനിടെ മരിച്ചത്. ഗര്‍ഭിണിയായിരുന്ന ഷീജ ആദ്യം കോങ്ങാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് ചികിത്സനടത്തിയത്. ഇതിനിടയില്‍ നിരവധിതവണ പരിശോധനകളും സ്കാനിങ്ങുകളും നടത്തി.എന്നാല്‍ റിസള്‍ട്ട് പരിശോധിച്ച ഡോക്ടറോ ബന്ധപ്പെട്ടാളുകളോ ഇരട്ടകുട്ടികളാണെന്ന് ദമ്പതികളോട് പറഞ്ഞിരുന്നില്ല.
ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ പറ്റില്ലെന്ന് പറഞ്ഞ് കയ്യൊഴിയുകയായിരുന്നു. മറ്റൊരു ആശുപത്രിയിലേക്ക് പോകുന്നതിനുള്ള റഫര്‍ ലെറ്റര്‍ നല്‍കുകയോ ആംബുലന്‍സ് അനുവദിക്കുകയോ ചെയ്തില്ല. ടാക്സി വിളിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ചാണ് ഇരട്ടകുട്ടികളാണെന്നും മരിച്ചതായും അറിയാന്‍ കഴിഞ്ഞത്.
സംഭവത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ഡിഎംഒ,ജില്ലാകളക്ടര്‍,ആരോഗ്യവകുപ്പ്മന്ത്രി,എംഎല്‍എ ഷാഫിപറമ്പില്‍, എം.ബി.രാജേഷ് എംപി, മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന് എന്നിവര്‍ക്ക് പരാതിനല്കിയെങ്കിലും നടപടിയുണ്ടായില്ല.
സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷം ആരോഗ്യവകുപ്പ് ജില്ലാ ആശുപത്രിയില്‍ നടത്തിയ റെയ്ഡില്‍ ആശുപത്രിയില്‍ ശരിയായ രീതിയില്‍ രേഖകള്‍ സൂക്ഷിക്കുന്നില്ലെന്നും പ്രസവങ്ങള്‍ നടക്കുന്നതിന്റെ യാതൊരു കണക്കും ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തു.
ജില്ലാമെഡിക്കല്‍ ഓഫീസര്‍ കമ്മീഷന് മുമ്പാകെസമര്പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇരട്ടക്കുട്ടികളാണെന്ന് പരാതിക്കാരോട് ഡോക്ടര്മാര്പറഞ്ഞിരുന്നതായി അവകാശപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ ഇരട്ടക്കുട്ടികളാണെന്ന് പരാതിക്കാര്‍ എങ്ങനെ മനസ്സിലാക്കിയെന്ന് ഡിഎംഒ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നില്ല.
സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പരിശോധനാ റിപ്പോര്ട്ടുകള്മാതൃഭാഷയിലായിട്ടില്ലെന്നും, ലാബിലെ റിസല്‍ട്ട് വിവരവുംപരിശോധിച്ച ഡോക്ടറുടെ നിഗമനങ്ങളും മലയാളത്തിലായിരുന്നെങ്കില്‍ പരാതി ഒഴിവാക്കപ്പെടുമായിരുന്നുവെന്നും കമ്മീഷന് പറഞ്ഞു.
ചികിത്സക്കെത്തുന്നവരോട് പ്രത്യേകിച്ച് ഗര്‍ഭിണികളോട് കാര്യങ്ങള്‍ പറഞ്ഞ്മനസ്സിലാക്കിക്കൊടുക്കേണ്ട ഉത്തരവാദിത്വം ഡോക്ടര്മാര്ക്കുണ്ട്. യഥാസമയത്തുള്ള ആശയവിനിമയത്തിന്റെ അപര്യാപ്തതയാണ് ഇതിനുകാരണമെന്നും കമ്മീഷന് വ്യക്തമാക്കി.ആംബുലന്‍സ് സൗകര്യം നല്‍കിയില്ലെന്ന പരാതി പരിശോധിക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുരുതരാവസ്ഥയിലുള്ള രോഗിക്കും മനോനില തെറ്റി നില്ക്കുന്ന ബന്ധുക്കള്ക്കുംകഴിയുന്നത്ര സഹായം ചെയ്തുകൊടുക്കേണ്ട ചുമതല ആശുപത്രി അധികൃതര്‍ക്കുണ്ട്. ഇത്മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷന് അംഗം.കെ.മോഹന്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: