കോഴഞ്ചേരി: കലോത്സവനഗരിയിലെ കൊച്ചാട്ടന്റെ ചായക്കടയാണ് അടിപൊളി. പരമ്പരാഗത രീതിയിലുള്ള തനിനാട്ടിന്‍പുറത്തെ ചായക്കടയാണിത്. എന്നാല്‍
സെന്റ് തോമസ് കോളജിലെ എന്‍എസ്എസ് വോളണ്ടിയര്‍മാരാണ് ഇത് ഒരുക്കിയിരിക്കുന്നതെന്ന് മാത്രം. കോളജിലെ എന്‍എസ്എസ് യൂണിറ്റ് ദത്തെടുത്ത കുരങ്ങുമലയിലെ നിര്‍ധനയായ റീനയുടെ കുടുംബത്തിന് തലചായ്ക്കാന്‍ ഒരു കൂരയൊരുക്കാനുള്ള ശ്രമമാണ് ചായക്കടയിലൂടെ. ഇതിനായി പ്രോഗ്രാം ഓഫീസര്‍മാരായ പ്രൊഫ. സൂസന്ന ഫിലിപ്പ്, പ്രൊഫ. അരുണ്‍ ജോണ്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ചായകടയുടെ പ്രവര്‍ത്തനം. എന്‍എസ്എസ് വോളണ്ടിയര്‍ സെക്രട്ടറിമാരായ തിലക് ആര് നായര്‍, ശില്‍പ്പ സൂസന് സണ്ണി എന്നിവരുടെ നേതൃത്വത്തില്‍ 150 വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയയുടെ ഫലമാണ് ഈ ചായക്കട. ഇവിടെ ചപ്പാത്തിയടക്കം പ്രഭാത ഭക്ഷണം, തണ്ണിമത്തന്, മോരുംവെള്ളം, ഐസ്ക്രീം, വൈകീട്ട് ദോശ, അവല് എന്നുവേണ്ട മിക്കവാറും നാടന്‍ ഭക്ഷണങ്ങള്‍ ലഭിക്കും. കൊച്ചാട്ടന്റെ ചായക്കടയൊരുക്കാന് എന്‍എസ്എസ് വോളന്റിയര്‍മാര്‍ക്ക് ആവശ്യമായ ഓലയും മറ്റു സാധനങ്ങളും ലഭിച്ചത് മാരാമണ്‍ കണ്വന്ഷന് നഗരിയില്‍ നിന്നുമാണ്. കടയിലേക്കാവശ്യമുള്ള പലവ്യജ്ഞനങ്ങള് മാത്രമാണ് കുട്ടികള്‍ പുറത്തു നിന്നും വാങ്ങുന്നത്. മറ്റ് അവശ്യവസ്തുക്കള്‍ എന്‍എസ്എസ് വോളന്റിയര്‍മാരും സഹപാഠികളും അവരവരുടെ വീടുകളില്‍ നിന്നും ഇവിടെയെത്തിക്കും. കടയിലൂടെ സ്വരൂപിക്കുന്ന തുകകൂടി ഉപയോഗിച്ച് ജൂണ്‍ മാസത്തില്‍ തന്നെ ഭവന നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: