കോഴഞ്ചേരി: ഷൈനും ഷൈനിന്റെ ആളും കലോത്സവത്തിനെത്തി. മത്സരിക്കാനല്ല, എല്ലാം ക്യാമറകളില്‍ പകര്‍ത്താന്‍. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് എബ്രിഡ് ഷൈനും സംഘവുമാണ് കലോത്സവനഗരിയിലെ ചലനങ്ങളെല്ലാം ഒപ്പിയെടുത്തത്.
ചിത്രീകരണം പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ ശ്രദ്ധേയമായ പൂമരം എന്ന സിനിമയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കലോത്സവ വേദിയിലും എത്തിയത്. അഭിനയമല്ലാതെ വിദ്യാര്‍ത്ഥികളുടെ സ്വാഭാവിക ചലനങ്ങള്‍ ഒപ്പിയെടുക്കാനാണ് നാല് ക്യാമറാ യൂണിറ്റുമായെത്തിയ അണിയറ പ്രവര്‍ത്തകരുടെ ശ്രമം. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന സീനുകള്‍ പൂമരം എന്ന സിനിമയുടെ ഭാഗമായി മാറുമെന്ന് സംവിധായകന് എബ്രിഡ്ഷൈന്‍ പറഞ്ഞു. മൂന്നുദദിവസം കലോത്സവ നഗരിയില്‍ ഷൂട്ട് തുടരാനാണ് ഇപ്പോളത്തെ തീരുമാനം. സെന്റ് തോമസ് കോളേജിലെ വിവിധ മത്സരവേദികളുടെ പരിസരങ്ങള്‍ പൂര്‍ണ്ണമായും പൂമരം ടീമിന്റെ ക്യാമറയുടെ പരിധിയിലാണ്. 1983,ആക്ഷന്‍ ഹീറോബിജു എന്നീ ചിത്രങ്ങളിലൂടെ പുതുതലമുറയ്ക്ക് പ്രിയങ്കരനായ സംവിധായകനോടൊപ്പം സെല്‍ഫിയെടുക്കാനുള്ള തിരക്കിലാണ് വിദ്യാര്‍ത്ഥികള്‍.
ഞാനും ഞാനുമെന്റാളും..ആ നാല്‍പ്പതുപേരും.. എന്ന ഗാനം റിലീസ് ചെയ്തതോടെ ഏറെ പ്രതീക്ഷയോടെയാണ് പൂമരം എന്ന സിനിമയെ പുതുതലമുറ കാത്തിരിക്കുന്നത്. പ്രശസ്ത ചലച്ചിത്രതാരം ജയറാമിന്റെ മകന് കാളിദാസന് അഭിനയിക്കുന്നു എന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ ജയറാം തന്റെ മകന്റെ സിനിമ എല്ലാവരും കാണണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: