കല്‍പ്പറ്റ : കേരള ഫുട്ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ ജില്ലാ ഫുട്ബോള്‍ അസോസിയേഷനും സ്പോര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ പ്രമോഷന് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച വയനാട് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് കല്‍പ്പറ്റ എസ്കെഎംജെ ഫഌഡ്ലിറ്റ് മൈതാനിയില്‍ തുടക്കം. വൈകുന്നേരം 6.30ന് വയനാട് മെറ്റഡോറിയ അരങ്ങേറ്റുന്ന സംഗീത പരിപാടിയോടെയാണ് ജില്ലാ ആസ്ഥാനത്ത് ഫുട്ബോള്‍ വിരുന്നിനു ആരംഭം. രാത്രി ഏഴിന് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫുട്ബോളര് യു.ഷറഫലി നിര്‍വഹിക്കും. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉമൈബമൊയ്തീ ന്‍കുട്ടി അധ്യക്ഷത വഹിക്കും. വൈസ് ചെയര്മാന് പി.പി.ആലി, ജില്ലാ സ്പോര്‍ട്സ് കൗ ണ്‍സില്‍ പ്രസിഡന്റ് എം.മധു, ജില്ലാഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് എം.ജെ. വിജയപദ്മന്‍, സ്പോര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ പ്രമോഷന് കൗണ്‍സില്‍ പ്രസിഡന്റ് അബ്ദുല്ല കല്ലങ്കോടന്‍, ചാമ്പ്യന്‍ഷിപ്പ് ജനറല്‍ കണ്‍വീനര്‍ പി.കബീര്‍ എന്നിവര്‍ പ്രസംഗിക്കും.
ഉദ്ഘാടന മത്സരത്തില്‍ നോവ അരപ്പറ്റയും പ്ലാന്റേഷന് ലേബര്‍ ക്ലബ് പെരുങ്കോടയും ഏറ്റുമുട്ടും. ഒക്സ്ഫഡ് ഫുട്ബോള്‍ ക്ലബ് മുണ്ടേരിയും മുട്ടില്‍ കല്ലാട്ട് സ്പൈസസും തമ്മിലാണ് രണ്ടാമത് മത്സരം. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ ദിവസവും രണ്ട് മത്സരങ്ങള്‍ ഉണ്ടാകും. ജില്ലയില്‍നിന്നു തെരഞ്ഞെടുത്ത 16 ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്. ഓരോ ടീമിലും രണ്ട് വിദേശതാരങ്ങളും ക്ലബ്, ഐഎസ്എല്‍ കളിക്കാരും ഉണ്ടാകും. അതിനാല്‍ത്തന്നെ ആവേശം നിറയുന്നതാകും മത്സരങ്ങള്‍. ചാമ്പ്യന്‍ഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനു ഒരുക്കം പൂര്‍ത്തിയായതായി സംഘാടക സമിതി ഭാഹവാഹികള്‍ പറഞ്ഞു. ഒരേ സമയം 5000 പേര്‍ക്ക് ഇരുന്നു കളികാണാന്‍ സൗകര്യമുള്ളതാണ് ഗാലറി. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 25 സിസിടിവി ക്യാമറകള്‍ സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: