പരപ്പനങ്ങാടി: കടുത്ത വേനലില്‍ ജില്ലയുടെ തന്നെ പ്രധാന ജലസ്രോതസായ കടലുണ്ടിപ്പുഴയിലെ ജലസമൃദ്ധി വിസ്മൃതിയിലേക്ക്.
പണ്ട് ഏപ്രില്‍-മെയ് മാസങ്ങളില്‍ അനുഭവപ്പെട്ട രീതിയിലുള്ള രൂക്ഷമായ വരള്‍ച്ചയാണ് ഇത്തവണ ഫെബ്രുവരിയില്‍ തന്നെ തുടങ്ങിയിരിക്കുന്നത്. കൃഷിക്കും കുടിവെള്ളത്തിനുമായി കടലുണ്ടിപ്പുഴയുടെ ഇരുകരകളിലുമായി നിരവധി പമ്പുഹൗസുകള്‍ ഉണ്ടെങ്കിലും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനാല്‍ പലതിന്റെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. വരള്‍ച്ച നേരിടാനായി ജല അതോറിറ്റിയും ജലസേചന വകുപ്പും ജില്ലാ ഭരണകൂടവും പ്രത്യേകം കര്‍മ്മപദ്ധതികള്‍ തയ്യാറാക്കിയെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ല.
ജല ലഭ്യത കുറഞ്ഞതിനാല്‍ ഇതിനകം പമ്പിങ്ങ് നിര്‍ത്തിവെച്ച പമ്പ് ഹൗസ് കിണറുകളിലേക്ക് വെള്ളമെത്തിക്കാന്‍ കനാലുകള്‍ കീറുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ഇതിന് സാധ്യമല്ലാത്ത ഇടങ്ങളില്‍ ആഴക്കൂടുതല്‍ ഉള്ള ഭാഗങ്ങളില്‍ കൂടുതല്‍ മോട്ടോറുകള്‍ സ്ഥാപിച്ച് പമ്പ് ഹൗസുകളിലേക്ക് വെള്ളമെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു.
ജലഅതോറിറ്റി പരപ്പനങ്ങാടി ഡിവിഷനു കീഴിലുള്ള കക്കയം, വേങ്ങര, വാക്കിക്കയം, പനമ്പുഴ, കക്കാട്, കല്ലക്കയം, പാറക്കടവ്, പാലത്തിങ്ങല്‍ പമ്പ് ഹൗസുകളുടെ പ്രവര്‍ത്തനത്തെയാണ് ജലദൗര്‍ലഭ്യം ഏറെ ബാധിക്കുന്നത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് വെള്ളമെത്തിക്കുന്ന പമ്പ് ഹൗസിലേക്ക് കൂടുതല്‍ മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് ഇപ്പോള്‍ വെള്ളമെത്തിക്കുന്നത്.
കടുത്ത വരള്‍ച്ച നേരില്‍ കണ്ട് കേന്ദ്രസര്‍ക്കാര്‍ ഒരു വര്‍ഷം മുമ്പ് തന്നെ വരള്‍ച്ചാ മുന്‍കരുതല്‍ പദ്ധതികള്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കേരള സര്‍ക്കാര്‍ സ്ഥിതിഗതികള്‍ ഗൗരവത്തിലെടുക്കാത്തതിനാലാണ് ജനങ്ങള്‍ക്ക് കുടിവെള്ളം മുടങ്ങുന്ന സാഹചര്യമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: