കോഴഞ്ചേരി:ധാര്‍മ്മികത ഊതികെടുത്തുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് ഇന്ന് നിലനില്‍ക്കുന്നതെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ.
നൂറ്റിഅഞ്ചാമത് ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തില്‍ സനാതന ധര്‍മ്മ ശാസ്ത്രങ്ങളുടെ പ്രസക്തി ആധുനിക ജീവിതത്തില്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നല്ല ഗുണമുള്ള കുട്ടികളെ വളര്ത്തിയെടുക്കുവാന്വിദ്യാഭ്യാസത്തിലൂടെ ശ്രമിക്കണം. സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥികളെ അവരവര്‍ക്കും കുടുംബത്തിനും രാഷ്ട്രത്തിനും വലിയ ദുരന്തമായി മാറ്റിക്കൊണ്ടിരിക്കുന്നു.ഈ കാലഘട്ടത്തില്‍ എവിടെയാണ് നമുക്ക് ആശ്രയം എന്ന് ചിന്തിക്കുവാന്‍ തയ്യാറായില്ലായെങ്കില്‍ ഇനിയും ദുരന്തങ്ങള്‍ അധികരിക്കും. അതിന്റെ വര്‍ത്തമാനകാല ഉദാഹരണങ്ങള്‍ മാധ്യമങ്ങളിലൂടെ നമുക്ക് കാണാം. ഇന്നത്തെ തലമുറ വേണ്ടാത്തത് സ്വീകരിക്കുകയും ശീലിക്കുകയും ചെയ്യുന്നുള്ളൂ. ഇതിനു കാരണം അച്ഛനും അമ്മയും അദ്ധ്യാപകരുമാണ്.
സുഖത്തിനും സമ്പത്തിനും വേണ്ടി എന്തും ചെയ്യുന്ന കാലഘട്ടമാണിത്. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യാതിരിക്കുന്നത് അധര്‍മ്മമാണ്. സഹോദരങ്ങളുടെ ദുഃഖത്തില്‍,ഹൃദയത്തില്‍ അലിവുതോന്നാത്തവര്ക്ക് സമാധാനം ഉണ്ടാവുകയില്ല. അവര്‍ എത്ര ധ്യാനിച്ചാലും ധ്യാനം പൂര്‍ണ്ണമാവുകയില്ല.
സനാതന ധര്‍മ്മ ശാസ്ത്രങ്ങളിലെ മഹത്തായ ആശയങ്ങള്‍ നമ്മുടെ ജീവിതത്തെ എക്കാലത്തും ഉയര്ത്തിനിര്ത്തുവാന് പര്യാപ്തമായവയാണ്. ഇന്നു നാം നേരിടുന്ന ജീവിത പ്രശ്നങ്ങളെ ഇല്ലാതാക്കുവാനും ഒരു പരിധിവരെ അകറ്റി നിര്‍ത്തുവാനും നമ്മെ സഹായിക്കുന്നത് ഈ ആശയങ്ങളാണ്. അവ ശരിയായ രീതിയില്‍ പഠിക്കുവാനും ഗ്രഹിക്കുവാനും നമുക്ക് സാധിക്കുമ്പോള്‍ ഇന്നത്തെ വിഷമങ്ങള്‍ക്കും പരക്കം പാച്ചിലിനുമൊക്കെ പരിഹാരം കാണാന്‍ സാധിക്കും എന്നും സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: