തിരൂര്‍: തീരദേശ മേഖലയില്‍ അശാന്തി പടര്‍ത്തി സിപിഎമ്മും മുസ്ലീം ലീഗും. ഉണ്ണ്യാലില്‍ സിപിഎം-ലീഗ് സംഘര്‍ത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറേക്കരയില്‍ സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടികൊല്ലാന്‍ ശ്രമിച്ചു.
ഇന്നലെ പുലര്‍ച്ചെയാണ് ഉണ്ണ്യാലില്‍ സംഘര്‍ഷമുണ്ടായത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സിപിഎം നടത്തിയ അക്രമങ്ങള്‍ക്കുള്ള ലീഗിന്റെ തിരിച്ചടിയായിരുന്നു ഇത്. സിപിഎം പ്രദേശത്ത് ഒരു ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിന്റെ ഭാഗമായി ഗ്രൗണ്ടിലെത്തിച്ച ഉപകരണങ്ങള്‍ക്ക് കാവല്‍ കിടന്നവരെയാണ് ഇന്നലെ പുലര്‍ച്ചെ 40 ഓളം വരുന്ന അക്രമി സംഘം ആക്രമിച്ചത്. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്, ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ബാക്കി രണ്ടുപേരെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വലിയകന്മുട്ടാ കത്ത്നിസാര്(30), കാക്കാന്റെപുരക്കല് ഷബീര്‍(30), ചേക്കാമടത്ത് ഗഫൂര്‍(35), ജാറക്കടവത്ത് നൗഷാദ്(32), കുഞ്ഞാറകടവത്ത് ഇസ്മായില്‍(35), വലിയകമ്മുട്ടകത്ത് ഫൈജാസ്(28), പടിഞ്ഞാറേയില്‍ ഹര്‍ഷാദ്(28), ജാഫര്‍ കുഞ്ഞാലകത്ത് (38), ഫൈജാസ് ഫക്രകടവത്ത്(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമത്തിന് പിന്നില്‍ ലീഗാണെന്ന് ആരോപിച്ച് സിപിഎം നിറമരുതൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. ഓട്ടോറിക്ഷയും ബൈക്കും കാറുമടക്കം എട്ടോളം വാഹനങ്ങളും നശിപ്പിച്ചിട്ടുണ്ട്.
രണ്ടര പതിറ്റാണ്ടായി ജില്ലയുടെ കടലോര പ്രദേശമായ ഉണ്യാലില്‍ അശാന്തി വിതച്ച് സംഘര്‍ഷം തുടരുകയാണ്. സംഘര്‍ഷത്തില്‍ ഒരു ജീവന് വരെ നഷ്ടമായിരുന്നു. ലീഗ് പ്രവര്‍ത്തകനായ റാസിഖ് കൊലക്കേസ് പ്രതികളായ സിപിഎം പ്രവര്‍ത്തകരെ സുപ്രീംകോടതി വെറുതെ വിട്ടതോടെയാണ് ഈ തീരപ്രദേശത്ത് വീണ്ടും അക്രമസംഭവങ്ങള്‍ തലപൊക്കിയത്. മൂന്ന് മാസം മുമ്പ് 22 ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമികള്‍ തകര്‍ത്തിരുന്നു.മൂന്ന് ദിവസം മുമ്പും സിപിഎം പ്രവര്ത്തകന് അക്രമിക്കപ്പെട്ടിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് നിറമരുതൂര്‍ പഞ്ചായത്തില്‍ ഇന്ന് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വിവിധയിടങ്ങളില്‍ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. പഞ്ചായത്തില്‍ ഗതാഗതം സ്തംഭിച്ചു. കടകംമ്പോളങ്ങള്‍ ഭാഗികമായി തുറന്നു. സംഭവസ്ഥലത്ത് തിരൂര്‍ ഡിവൈഎസ്പി എ.ജെ.ബാബു, താനൂര്‍ സിഐ അലവി എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ അനിഷ്ഠം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ഡിവൈഎസ്പി അറിയിച്ചു.
പടിഞ്ഞാറേക്കരയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടികൊല്ലാന്‍ ശ്രമം. ഒബിസി മോര്‍ച്ച പഞ്ചായത്ത് കമ്മറ്റി നേതാവ് പടിഞ്ഞാറേപുരക്കല്‍ അറുമുഖന്റെ മകന് പി.പി.പ്രദീപ്()നാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രി തന്റെ തിരൂരിലെ ലോട്ടറി കട പൂട്ടി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. വാക്കാട് സ്റ്റേഡിയത്തിനടുത്തെത്തിയപ്പോള് റോഡിന് നടുവില്‍ കൂട്ടിയിട്ടിരിക്കുന്ന കല്ലുകള്‍ മാറ്റാന്‍ ബൈക്കില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഒളിച്ചിരുന്ന സിപിഎം സംഘം പ്രദീപിനെ വെട്ടുകയായിരുന്നു. കൈപ്പത്തി പൂര്‍ണ്ണമായും അറ്റുതൂങ്ങിയ അവസ്ഥയിലാണ്. കാലിനും തലക്കും നെഞ്ചിനും വെട്ടേറ്റിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ച പ്രദീപിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: