പത്തനംതിട്ട: കോന്നിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യഷോപ്പ് മാങ്കുളം ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരെ നടക്കുന്ന ജനകീയ സമരത്തില്‍ സിപിഎമ്മിന് അടവുനയം.
ഏഴുദിവസമായി തുടരുന്ന സമരത്തിന്റെ തുടക്കം മുതല്‍ സിപിഎം നേതാക്കളാരും തന്നെ രംഗത്ത് എത്തിയിരുന്നില്ല. കോണ്‍ഗ്രസിന്റെ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളാണ് പ്രദേശവാസികളുടെ സമരത്തിന് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് എംഎല്‍എ അടൂര്‍ പ്രകാശ് സമരത്തില്‍ സജീവമായി. ഇതോടെ ഇതൊരു കോണ്‍ഗ്രസ് രാഷ്ട്രീയ സമരമായി വരുത്തി തീര്‍ക്കാനാണ് സിപിഎം നേതാക്കള്‍ ശ്രമിച്ചത്. ഇവര്‍ സമരം പൊളിക്കാന്‍ രഹസ്യ നീക്കങ്ങള്‍ നടത്തുന്നതായു നാട്ടുകാര്‍ ആരോപിക്കുന്നു.
മദ്യഷാപ്പ് മാറ്റിസ്ഥാപിച്ച മാങ്കുളം ജംഗ്ഷനില്‍ പ്രദേശവാസികള്‍ നടത്തുന്ന റോഡ് ഉപരോധ മടക്കമുള്ള സമര പരിപാടിയില്‍ സിപിഎം അനുഭാവികളായവരും സജീവമാണ്. എന്നാല്‍ പ്രാദേശിക വികാരം ഭയന്ന് ഇവരെ പിന്തിരിപ്പിക്കാന് സിപിഎം നേതൃത്വത്തിന് ഇടപെടാനുമാകുന്നില്ല. ഈ സാഹചര്യത്തില്‍ നേതൃനിരയിലുള്ളവര്‍ സമരപ്പന്തലില്‍ എത്തുന്നില്ലെങ്കിലും അണികള്‍ സമരത്തിന് സഹായവുമായി സജീവമാണുതാനും. എംഎല്‍എ കടിഞ്ഞാണ്‍ ഏറ്റടുത്ത സമരം വിജയിച്ചാല്‍ അത് സിപിഎമ്മിന് പ്രാദേശികമായി ക്ഷീണമാണുതാനും. പക്ഷെ സംസ്ഥാന ഭരണം കയ്യാളുന്ന സിപിഎമ്മിന് ബിവറേജസ് കോര്‍പ്പറേഷന്റെ നീക്കത്തിനെതിരെ സമരം ചെയ്യാനും പരിമിതികളുണ്ട്. സമരം ഏഴു ദിവസം പിന്നിടുമ്പോള്‍ വിജയിക്കുക എന്നത് എംഎല്‍എക്കും കോണ്‍ഗ്രസിനും അഭിമാന പ്രശ്നമായി മാറിയിരിക്കുന്നു. മദ്യഷാപ്പ് അവിടെ നിന്നും മാറ്റിയാല്‍ പ്രദേശത്ത് കുറെക്കുടി സ്വാധീനം ഉറപ്പിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ.
സമരം തുടരുന്നതിനിടെ ഇന്നലെ മദ്യശാല തുറന്നെങ്കിലും സമരക്കാരുടെ എതിര്‍പ്പ് കാരണം വില്‍പ്പന നടത്താനായില്ല. സമരക്കാരെത്തുന്നതിന് മുന്‍പ് ഏഴു മണിയോടെ മാനേജര്‍ അടക്കം ആറു ജീവനക്കാരും കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചിരുന്നു. അടുര്‍ ഡിവൈഎസ്പി എസ്.റഫീക്കിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി. വിവരമറിഞ്ഞ് സ്ത്രീകളടക്കം നാട്ടുകാര്‍ സംഘടിച്ചെത്തിയെങ്കിലും കെട്ടിടത്തിന് സമീപത്തേക്ക് കടക്കാന്‍ പോലീസ് അനുവദിച്ചില്ല. തുടര്‍ന്ന് ചൈനാമുക്ക് ളാക്കൂര്‍ റോഡ് രണ്ടിടങ്ങളില്‍ സമരക്കാര്‍ ഉപരോധിച്ചു. വെയിലിനു പരിഹാരമായി റോഡിനു കുറുകെ ടാര്‍പ്പോളിനും വലിച്ചുകെട്ടി സമരം കുടുതല്‍ ശക്തമാക്കി. സമരപ്പന്തലില്‍ ഇരിക്കുന്നവര്‍ക്ക് കുടിവെള്ളവും ആഹാരവും തയ്യാറാക്കി നല്കാന് നാട്ടുകാരുടെ സംഘം സജീവമായി. ഇതിനിടെ ഉപരോധവും മറികടന്ന് ചിലര്‍ മദ്യം വാങ്ങാന്‍ ശ്രമിച്ചത് സമരക്കാരെ പ്രകോപിപ്പിച്ചു. പോലിസ് ഇടപെട്ട് അന്തരീക്ഷം ശാന്തമാക്കുകയായിരുന്നു. ഒരാഴ്ചയായി തുടരുന്ന റോഡ് ഉപരോധം ഉപജീവനമാര്‍ഗ്ഗം തടയുന്നതായി പരാതിയുമായി ഒരു സംഘം ഓട്ടോറിക്ഷാ തൊഴിലാളികളും സമരപ്പന്തലിലെത്തി, പോലീസ് ഉദ്യോഗസ്ഥര്‍ ഇവരേയും പിന്തിരിപ്പിക്കുകയായിരുന്നു.
ബിവറേജസ് കോര്പ്പറേഷന് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഷോപ്പ് തുറന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനമായ ഇത് തുറന്നു പ്രവര്‍ത്തിക്കാന്‍ സംരക്ഷണം നല്കാന് നിര്‍ദ്ദേശമുള്ളതായി പോലീസ് ഉദ്യോഗസ്ഥരും പറഞ്ഞു. എന്നാല്‍ സമരക്കാരെ പ്രകോപിക്കേണ്ട എന്നു കരുതിയാണ് മദ്യം വാങ്ങാന്‍ എത്തുന്നവരെ പോലീസ് പിന്തിരിപ്പിക്കുന്നതു.
എക്സൈസ് മന്ത്രിയെ പലതവണ ഫോണില്‍ ബന്ധപ്പെട്ടതായും, മദ്യഷോപ്പ് ഇവിടെ നിന്നും മാറ്റുമെന്ന് ഉറപ്പു നല്‍കിയതായും അടൂര്‍ പ്രകാശ് എംഎല്‍എ പറഞ്ഞു. ഷോപ്പ് മാറ്റുന്നതു വരെ പ്രക്ഷോഭം തുടരാനാണ് സമരസമിതിയുടെ തീരുമാനം. ഡ്രൈഡേയായ ഇന്നും സമരം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: