ന്യൂദല്‍ഹി: ഭാരതത്തിന്റെ സാംസ്ക്കാരിക വൈവിധ്യവും സൈനിക ശക്തിയും വിളിച്ചോതി റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്പഥില്‍ പരേഡ് നടന്നു. ആയിരക്കണക്കിന് പേര് സാക്ഷികളായ റിപ്പബ്ലിക് പരേഡില്‍ കര-നാവിക-വ്യോമ സേനകളുടെ ശേഷി വിളിച്ചോതി. അബുദാബി കിരീടാവകാശി ഷെയ്ക് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന് മുഖ്യാതിഥിയായ ചടങ്ങില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി സല്യൂട്ട് സ്വീകരിച്ചു.
സൈനിക സ്മരണകള്‍ നിറഞ്ഞു നില്ക്കുന്ന ഇന്ത്യാഗേറ്റിലെ അമര്‍ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് റിപ്പബ്ലിക് ദിന പരേഡ് ചടങ്ങുകള്‍ക്ക് തുടക്കമിട്ടത്. മൂന്നു സൈനിക വിഭാഗങ്ങളിലെ മേധാവിമാരും പ്രധാനമന്ത്രിക്കൊപ്പം അമര്‍ജവാന്‍ ജ്യോതിയിലെത്തി. തുടര്‍ന്ന് രാജ്പഥിലെ വേദിയിലെത്തിയ പ്രധാനമന്ത്രി, പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്ക്കൊപ്പം രാഷ്ട്രപതിയെയും മുഖ്യാതിഥിയെയും വേദിയിലേക്ക് സ്വീകരിച്ചു.
149 അംഗ അബുദാബി സൈന്യമാണ് പരേഡില്‍ ആദ്യം മാര്‍ച്ച് ചെയ്തത്. അബുദാബിയുടെ മുപ്പതംഗ ബാന്റ്സംഘവും പരേഡില്‍ പങ്കെടുത്തു. തുടര്‍ന്ന് സൈനികശേഷി വിളിച്ചോതി മിസൈലുകളും യുദ്ധവിമാനങ്ങളും വിവിധ സൈനിക വിഭാഗങ്ങളുടെ മാര്‍ച്ചിനൊപ്പം രാജ്പഥ് കീഴടക്കി. വിവിധ സംസ്ഥാനങ്ങളുടേയും കേന്ദ്രമന്ത്രാലയങ്ങളുടേയും 17 നിശ്ചല ദൃശ്യങ്ങളും പരേഡിന്റെ ഭാഗമായി. തലസ്ഥാനത്തെ സ്കൂളുകളിലെ കുട്ടികള്‍ പങ്കെടുത്ത വിവിധ കലാപ്രകടനങ്ങളുമുണ്ടായി. അസാം റെജിമെന്റിലെ ഹവീല്‍ദാര്‍ ഹങ്പാന്‍ ദാദയ്ക്ക് മരണാനന്തര ബഹുമതിയായി പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര ചടങ്ങില്‍ രാഷ്ട്രപതി നല്കി.
ഹങ്പാന്‍ ദാദയുടെ ഭാര്യ ചസന് ലൊവാങ് അവാര്‍ഡ് ഏറ്റുവാങ്ങി. രണ്ടുകുട്ടികളെയും സൈന്യത്തിന്റെ ഭാഗമാക്കുമെന്ന് ചസന് ലൊവാങ് പിന്നീട് പ്രതികരിച്ചു.
കരസേനയുടെ 61-ാം കാവല്റിയിലെ കുതിരപ്പടയും മെക്കനൈസ്ഡ് ഇന്‍ഫന്ററി റജിമെന്റും ബീഹാര്‍ റെജിമെന്റും ഗൂര്‍ഖ ട്രെയിനിംഗ് സെന്ററും മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പും 103-ാം ഇന്‍ഫന്ററി ബറ്റാലിയനും ബിഎസ്എഫിന്റെ ഒട്ടകപ്പടയും പരേഡിന്റെ ഭാഗമായി. മലയാളിയായ ലഫ്റ്റനന്റ് അപര്‍ണ്ണ നായര്‍ നയിച്ച നാവികസേനയുടെ പരേഡില്‍ 144 പേര് പങ്കെടുത്തു. വ്യോമസേനയുടേയും ഒരു പ്ലാറ്റൂണ്‍ പരേഡില്‍ പങ്കെടുത്തു. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ കുട്ടികളും പരേഡിന്റെ ഭാഗമായി. ചടങ്ങുകള്‍ക്ക് ശേഷം ഒരു കിലോമീറ്ററോളം രാജ്പഥിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടന്ന് ജനങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചതും ശ്രദ്ധേയമായി.
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ദല്‍ഹിയില്‍ മാത്രം 60,000 സുരക്ഷാ സൈനികരെയാണ് വിന്യസിച്ചത്. കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെ യാതൊരുവിധ പ്രശ്നങ്ങളുമില്ലാതെയാണ് റിപ്പബ്ലിക് ദിനം കടന്നുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: