അന്തരിച്ച എം.ജി. വാസുദേവന്‍ നമ്പൂതിരി മാതൃകാ സ്വയംസേവകനായിരുന്നു. സംഘത്തിന്റെ സന്ദേശം അറിഞ്ഞ്, അതിന്റെ ഭാഗമാവുകയും സംഘാദര്‍ശത്തില്‍ ലയിച്ചു ജീവിക്കുകയും ചെയ്തു അദ്ദേഹം.
ആലപ്പുഴ ജില്ലയിലെ മണ്ണാര്‍ശാല ക്ഷേത്രത്തിന്റെ അധികാര കുടുംബാംഗമായിരുന്നു. 1967 കാലത്താണ് മണ്ണാര്‍ശാല പ്രദേശത്ത് ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനം തുടങ്ങുന്നത്. അക്കാലത്തുതന്നെ അദ്ദേഹം സംഘത്തിന്റെ സമ്പര്‍ക്കത്തില്‍വന്നു. ദൈനംദിന ശാഖയില്‍ പങ്കെടുത്തു. കടുത്ത ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്ന ക്ഷേത്രകുടുംബാംഗമായിരിക്കെ, യാഥാസ്ഥിതികതകള്‍ മറികടന്ന് അദ്ദേഹം സാധാരണക്കാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. സംഘത്തിന്റെ സാമൂഹ്യ സമരസത എന്ന ആശയം ഉള്‍ക്കൊള്ളുകയും അതു പ്രാവര്‍ത്തികമാക്കുകയും ചെയ്ത ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു വാസുദേവന്‍ നമ്പൂതിരി.
വീട് എല്ലാവര്‍ക്കുമായി തുറന്നിട്ടു. ഏതു പ്രവര്‍ത്തകര്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നുചെല്ലാമായിരുന്നു. അക്കാലത്തും ഇന്നത്തെ പോലെ എതിരാശയക്കാരില്‍നിന്ന് സംഘപ്രവര്‍ത്തനത്തിന് ആ പ്രദേശത്തും തടസ്സങ്ങള്‍ ഉണ്ടായിരുന്നു. പലപ്പോഴും അതു സംഘര്‍ഷത്തിലെത്തി. അപ്പോഴെല്ലാം പോലീസ് ആദ്യം അദ്ദേഹത്തിന്റെ വീട് സെര്‍ച്ച് ചെയ്യുമായിരുന്നു. പല കേസുകളിലും പ്രതിചേര്‍ത്തു. പലവട്ടം ഇതൊക്കെ സംഭവിച്ചിട്ടും സംഘപ്രവര്‍ത്തനത്തില്‍നിന്ന് ഒട്ടും മാറാതെ ഒപ്പം നിന്നു. നിത്യശാഖ മുടക്കിയിരുന്നില്ല. മണ്ഡല് കാര്യവാഹ് ആയി ഏറെക്കാലം പ്രവര്‍ത്തിച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 ജൂണില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കണ്ടുപിടിച്ച് അറസ്റ്റ് ചെയ്തു. പോലീസ് ‘പിടികൂടി’ അറസ്റ്റ് ചെയ്തവരില്‍ ഒരാളായിരുന്നു വാസുദേവന്‍ നമ്പൂതിരി. അടിയന്തരാവസ്ഥ പിന്‍വലിക്കുംവരെ, വിവിധ ജയിലുകളില്‍ കഴിഞ്ഞു. ഈ സംഭവത്തോടെ അദ്ദേഹത്തിന്റെ കുടുംബത്തിലെ മുഴുവന്‍ പേരും സംഘ പ്രവര്‍ത്തനത്തില്‍ നേരിട്ടും അല്ലാതെയും പങ്കാളികളായി. കുടുംബം മുഴുവന്‍ സംഘത്തോട് ആഭിമുഖ്യത്തിലായി.
മകന് കിരണിനെ എറണാകുളത്ത് പഠിക്കാനയച്ചപ്പോള്‍ ആര്‍എസ്എസ് പ്രാന്തകാര്യാലമായ മാധവ നിവാസിലാണ് അദ്ദേഹം താമസിപ്പിച്ചിരുന്നത്. എന്നും സംഘകാര്യങ്ങള്‍ അറിയുകയും അന്വേഷിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്ന ആ മുതിര്‍ന്ന ആദ്യകാല സ്വയംസേവകന്റെ ആത്മശാന്തിക്ക് പ്രാര്‍ത്ഥിക്കുന്നു, പ്രണാമങ്ങള്‍.
(ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യനാണ് ലേഖകന്‍)
അടിയന്തരാവസ്ഥ അദ്ദേഹം അനുഭവിച്ചു
വൈക്കം ഗോപകുമാര്‍
അടിയന്തരാവസ്ഥയിലെ ഭീകര മര്‍ദ്ദനത്തിന്റെ ഇരയായിരുന്നു അന്തരിച്ച വാസുദേവന്‍ നമ്പൂതിരി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് എന്നും പെരുമാറ്റ സ്വാതന്ത്ര്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വീട്ടില്‍ അടിയന്തരാവസ്ഥക്കാലത്ത് ധാരാളം പ്രവര്‍ത്തകര്‍ക്ക് അഭയം ലഭിച്ചിരുന്നു. പോലീസ് പിടിയിലാകാതെ ഒട്ടേറെ മുതിര്‍ന്ന പ്രവര്‍ത്തകരെ സംരക്ഷിച്ചുവെങ്കിലും വാസുദേവനും കുടുംബവും ഏറെ അനുഭവിച്ചു.
ഞാന്‍ അക്കാലത്ത് ആലപ്പുഴയില്‍ ജില്ലാ പ്രചാരകനായിരുന്നു. വാസുദേവന്‍ ആത്മാര്‍ത്ഥത മുറ്റിയ സ്വയംസേവകനും. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിനെതിരേ പ്രത്യക്ഷ സമരത്തിന് ആര്‍എസ്എസ് തീരുമാനിച്ചു. അറസ്റ്റുവരിച്ച ആദ്യസംഘത്തില്‍ വാസുദേവനുണ്ടായിരുന്നു. പിന്നീട് പുറത്തുവന്നു കഴിഞ്ഞ ഉടന്‍ ഡിആര്‍ഐ പ്രകാരം അറസ്റ്റു ചെയ്തു. അന്ന് വീടുവളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് വാസുദേവനെ പോലീസ് പിടികൂടിയത്. വീട്ടില്‍നിന്ന് പിടിച്ചിറക്കി, മര്‍ദ്ദിച്ച് ജീപ്പിലേക്ക് എടുത്തെറിയുകയായിരുന്നു. കണ്ടുനിന്ന ഭാര്യ ബോധംകെട്ടു വീണു. അവര്‍ക്ക് മരണംവരെ അത് മാനസികാഘാതമായിരുന്നു.
വാസുദേവന്‍ ഏറെ പരിക്കുകളേറ്റു. അവസാനം കാലില്‍ ഉണ്ടായ നീര്‍ക്കെട്ടും മുറിവും അന്നത്തെ പോലീസ് മര്‍ദ്ദനത്തിന്റെ ഫലമായിരുന്നു. അതിന്റെ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം കസേരയില്‍നിന്ന് വീണു പരിക്കേറ്റതും മരണം സംഭവിച്ചതും. 15 മാസം പൂജപ്പുര, വീയൂര്‍ ജയിലുകളില്‍ കഴിഞ്ഞു. രോഗിയായ ഭാര്യക്ക് കാണാനുള്ള സൗകര്യം കൂടി കണക്കാക്കിയാണ് തൃശൂരിലെ ജയിലിലേക്ക് മാറ്റം വാങ്ങിയത്.
അടിയന്തരാവസ്ഥാ പീഡിതരുടെ സംസ്ഥാന യോഗം ആലുവയില്‍ നടത്തിയപ്പോള്‍ വാസുദേവന്‍ വന്നിരുന്നു. പീഡതരെ സാമ്പത്തികമായി സഹായിക്കാന്‍ സന്നദ്ധത കാണിച്ചിരുന്നു. തികഞ്ഞ സംഘടനാ ബോധവും നിറഞ്ഞ ആത്മാര്‍ത്ഥതയും രാഷ്ട്രത്തോടുള്ള അര്‍പ്പണവുമായിരുന്നു അദ്ദേഹത്തിന്. വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും ഏറെ ക്ലേശങ്ങളും നഷ്ടങ്ങളും സഹിച്ചപ്പോഴും സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി നിന്നുവെന്നത് വാസുദേവനില്നിന്ന് മാതൃകയാക്കേണ്ട പാഠമാണ്.
(അടിയന്തരാവസ്ഥാ പീഡിത സഹായ സമിതി അദ്ധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: