പത്തനംതിട്ട: കടുത്ത വേനലില്‍ നദികളിലെ ജലനിരപ്പ് ക്രമാതീതമായി താണത് ശുദ്ധജല വിതരണ പദ്ധതികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. ജില്ലയിലെ പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ നീരൊഴുക്ക് നാമമാത്രമായി. പലയിടത്തും നദികള്‍ ഇടമുറിയുമോയെന്ന ആശങ്കയും നിലനില്ക്കുന്നു. ഈ സാഹചര്യത്തിലാണ് നദീതീരങ്ങളിലെ കിണറുകളില്‍ നിന്നുമുള്ള പമ്പിംഗ് തടസപ്പെടുന്നത്. പലയിടത്തും തടയണകള്‍ ഉള്ളതുകൊണ്ടു മാത്രമാണ് കിണറുകളില്‍ ജലനിരപ്പ് ക്രമീകരിക്കാനാകുന്നത്. എന്നാല്‍ വേനല്‍ തുടര്‍ന്നാല്‍ ഇതും അവതാളത്തിലാകും.
ചെറുതും വലുതുമായ 18 ജലവിതരണ പദ്ധതികള്‍ പമ്പാനദിയുടെ തീരങ്ങളില്‍ മാത്രമുണ്ട്. നദീതീരങ്ങളിലുള്ള കിണറുകളില്‍ നിന്നു പമ്പു ചെയ്യുന്ന വെള്ളം ക്ലോറിനേഷന് മാത്രം നടത്തി വിതരണം ചെയ്യുകയാണ് പതിവ്. പദ്ധതികള്‍ക്കൊന്നും തന്നെ ശുദ്ധീകരണശാലകളില്ല. വെള്ളം ഇല്ലാത്തതും ചെളി കലരുന്നതും കാരണം പലയിടങ്ങളിലും ജലവിതരണം ഭാഗികമായി മാതമ്രേ നടക്കുന്നുള്ളൂ. പമ്പാനദിയിലെ പെരുന്തേനരുവി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വെച്ചൂച്ചിറ ജലവിതരണ പദ്ധതിയുടെ പ്രവര്‍ത്തനം വെള്ളത്തിന്റെ കുറവുമൂലം താളെ തെറ്റുമെന്നാണ് ഉപയോക്താക്കളുടെ ഭയം. പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ വെച്ചൂച്ചിറ പഞ്ചായത്ത് മുഴുവനായും പഴവങ്ങാടി, അങ്ങാടി പഞ്ചായത്തുകളുടെ ഭാഗിക മേഖലകളും ഗുരുതരമായ ജലക്ഷാമത്തിന്റെ പിടിയിലാകും.
നാറാണംമൂഴി പഞ്ചായത്തിലാകട്ടെ അഞ്ച് ശതമാനം ആളുകള്‍ക്കുപോലും പദ്ധതിപ്രകാരം കുടിവെള്ളം ലഭിക്കുന്നില്ല. ഇവിടെ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്ന കുടിവെള്ള പദ്ധതികളില്ല.
മണിമലയാറ്റില്‍ ജലനിരപ്പ് കുറഞ്ഞതു കാരണം കോട്ടാങ്ങല്‍, മല്ലപ്പള്ളി, കല്ലൂപ്പാറ, കവിയൂര്‍, ഇരവിപേരൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ ശുദ്ധജലവിതരണ പദ്ധതികള്‍ക്കാണ് പ്രതിസന്ധിയുണ്ടായിരിക്കുന്നത്. മുന്‍കാലങ്ങളില്‍ വേനല്‍ക്കാലത്ത് ചാക്കില്‍ മണല്‍നിറച്ച് പദ്ധതികളോടു ചേര്‍ന്നു താത്കാലിക തടയണകള്‍ നിര്‍മിച്ചിരുന്നു. ഇത്തരത്തില്‍ വെള്ളം തടഞ്ഞുനിര്‍ത്തുന്നതോടെ കിണറുകളില്‍ വെള്ളം എത്തിക്കൊണ്ടിരുന്നു. തടയണ നിര്‍മാണത്തിന് ഇത്തവണ ഇതേവരെ അനുമതിയായിട്ടില്ല. അച്ചന്‍കോവിലാര്‍ തീരങ്ങളിലെ കോന്നി, കൈപ്പട്ടൂര്‍, പന്തളം തുടങ്ങിയ പ്രദേശങ്ങളിലെ ജലവിതരണ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളും ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്. വരള്‍ച്ചയുടെ രൂക്ഷത കൂടുതല്‍ ദൃശ്യമാകുന്നത് ജില്ലയിലെ നദികളുടെ ഇന്നത്തെ അവസ്ഥ കാണുമ്പോഴാണ്. അച്ചന്‍കോവില്‍ തൂവല്‍മലനിരകളില്‍ നിന്നുത്ഭവിക്കുന്ന അച്ചന്‍കോവിലാറിന്റെ പ്രഭവകേന്ദ്രം മാസങ്ങള്‍ക്കു മുമ്പേ വറ്റിവരണ്ടു. കാട്ടുചോലകളും അരുവികളും വെള്ളച്ചാട്ടങ്ങളും ഇല്ലാതായതോടെ അച്ചന്‍കോവില്‍ ഭാഗത്ത് നദി നീര്ച്ചാലുമാത്രമാണ്. തൂവല്‍മലയുടെ മറുഭാഗത്തു തമിഴ്നാട്ടിലേക്കുള്ള തോടുകളും അരുവികളും വരണ്ട് മേക്കര അടക്കമുള്ള സംഭരണികള്‍ മാസങ്ങള്‍ക്കു മുമ്പേ വറ്റിവരണ്ടതാണ്.
മണിമലയാറിന്റെ സ്ഥിതിയും ദയനീയമാണ്. ഉത്ഭവകേന്ദ്രങ്ങളില്‍ നീരൊഴുക്ക് നിലച്ച നദിയില്‍ കെട്ടിനില്‍ക്കുന്ന ജലം മാത്രമാണ് നീരുറവയായി ഒഴുകുന്നത്. പമ്പാനദിയില്‍ നീരൊഴുക്ക് നിലച്ചിരിക്കുകയാണ്.
പോഷകതോടുകള്‍ വറ്റിവരണ്ടതും പലതും അപ്രത്യക്ഷമായതുമാണ് പമ്പ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
കിഴക്കന്‍ മേഖലയില്‍ പലയിടത്തും നദി ഇടമുറിയുമോയെന്ന് ആശങ്കയുണ്ട്. ജലസംഭരണികളില്‍ നിന്നുള്ള വെള്ളം ഇടയ്ക്കൊക്കെ ഒഴുകിവരുന്നതു മാത്രമാണ് നദിയുടെ ജലസമ്പത്ത്. വരള്‍ച്ച കൂടുതല്‍ രൂക്ഷമായാല്‍ ഭൂരിപക്ഷം ജലവിതരണ പദ്ധതികളുടേയും പമ്പിംഗ് മുടങ്ങും. കുടിവെള്ള വിതരണത്തിന് തദ്ദേശസ്ഥാപനങ്ങള്‍ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ജനജീവിതം ദുരിതമായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: