വാളയാര്‍: ജില്ലയുടെ കിഴക്കന്‍മേഖലയിലെ ചൂളകള്‍ക്കെതിരെ വിജിലന്‍സിനു പിന്നാലെ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും നടപടി തുടങ്ങി. പുതുശേരി സെന്‍ട്രല്‍ വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ വല്ലടി,കൊട്ടാമുട്ടി മേഖലകളില്‍ നടന്ന പരിശോധനയില്‍ 10 ലക്ഷം ഇഷ്ടികകള്‍ പിടിച്ചെടുത്തു.
ഉടമകള്‍ക്കെതിരെ പിഴയും ബന്ധപ്പെട്ട വകുപ്പില്‍ കേസെടുക്കാനും നിര്‍ദേശം നല്കി. കണ്ടുക്കെട്ടിയ ഇഷ്ടികകള്‍ ജില്ലാ നിര്‍മിതി കേന്ദ്രത്തിലേക്കു മാറ്റാനും നടപടി തുടങ്ങി. വല്ലടിയിലെ മൂന്നും കൊട്ടാമുട്ടിയിലെ രണ്ടും ചൂളകളിലായിരുന്ന പരിശോധന.
ആനപ്പേടി മുതലെടുത്ത് കര്‍ഷകരുടെ സ്ഥലം പാട്ടത്തിനെടുത്താണ് ചൂളകള്‍ പ്രവര്‍ത്തിച്ചിരുന്നത്.പ്രദേശത്ത് പതിനഞ്ചില്‍ പരം ചൂളകളാണു പ്രവര്‍ത്തിക്കുന്നത്.ഏക്കറു കണക്കിനു പാടങ്ങള്‍ ഇതിനായി നികത്തിയിട്ടുണ്ട്.വന്‍ തോതില്‍ മരങ്ങളും ഇവിടെ നിന്നു മുറിച്ചു നീക്കപ്പെട്ടു.
സീസണില്‍ 25 ലക്ഷത്തില്‍ പരം ഇഷ്ടികകള്‍ ഒരു ചൂളയില്‍ നിന്നു മാത്രം ഉല്പാദിപ്പിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച വിവരം. നിര്‍മിച്ചെടുക്കുന്ന ഇഷ്ടികകളിലെ വിറ്റുവരവില്‍ ഒരു വിഹിതമാണു കര്‍ഷകനു നല്‍കിയിരുന്നത്.
വില്ലേജ് ഓഫിസര്‍ ടി.കൃഷ്ണകുമാര്‍, സ്പെഷല്‍ വില്ലേജ് ഓഫിസര്‍ സുനേഷ്കുമാര്, അസി.ജിയോളജിസ്റ്റ് സുനില്‍കുമാര്‍, മിനറല്‍ റവന്യു ഇന്‍സ്പെക്ടര്‍ സിറാജ് എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.
പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കി സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ മുഴുവന്‍ ചൂളകളിലും തുടര്‍ ദിവസങ്ങളില്‍ പരിശോധന നടക്കുമെന്ന് ഉദ്യോഗസ്ഥ സംഘം അറിയിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്ത് നിന്ന് ലക്ഷങ്ങളുടെ ഇഷ്ടിക വിജിലന്‍സ് പിടികൂടി. 66 ലക്ഷം രൂപ പിഴയീടാക്കിയിരുന്നു.കഴിഞ്ഞദിവസം കൊല്ലങ്കോട് പല്ലശ്ശന എന്നിവിടങ്ങളിലും അനധികൃത ചൂളകള്‍ക്കെതിരെ നടപടിയെടുക്കുകയും 66 ലക്ഷം ഇഷ്ടികകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: