തലശ്ശേരി: ഇടതുപക്ഷ സര്‍ക്കാറിന്റെ പൊള്ളയായ പ്രഖ്യാപനങ്ങളുടെ കൂട്ടത്തില്‍ ഒരു പ്രഖ്യാപനമാണ് കൊലക്കേസ് പ്രതിയും വൈദ്യുതി മന്ത്രിയുമായ എം.എം.മണി ഞായറാഴ്ച കതിരൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടത്തിയത്. ഏറെ പ്രചാരണം കൊടുത്തും കുടുംബശ്രീക്കാരെ സെറ്റുസാരിയുടുപ്പിച്ചും സ്വീകരിച്ച് സ്കൂള്‍ ഗ്രൗണ്ടിലെത്തിച്ച് മന്ത്രി മണിയെക്കൊണ്ട് തലശ്ശേരി സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമാണെന്ന് പ്രഖ്യാപനം നടത്തിക്കുകയായിരുന്നു. എന്നാല്‍ പ്രഖ്യാപനം നടന്ന കതിരൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ എഐവൈ പദ്ധതിപ്രകാരം രണ്ട് വര്‍ഷം മുമ്പ് ബ്ലോക്ക് പഞ്ചായത്ത് പണിതു നല്കിയ തച്ചോളി രവിയുടെ വീട്ടില്‍പ്പോലും വൈദ്യുതി കണക്ഷന് ലഭിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തലശ്ശേരി മണ്ഡലമെന്നാല്‍ കതിരൂര്‍, എരഞ്ഞോളി, ന്യൂമാഹി, പന്ന്യന്നൂര്‍, ചൊക്ലി എന്നീ അഞ്ച് പഞ്ചായത്തുകളും പഴയ കോടിയേരി പഞ്ചായത്ത് ഉള്‍പ്പെടുന്ന തലശ്ശേരി മുനിസിപ്പാലിറ്റിയും ചേര്‍ന്നതാണ് തലശ്ശേരി നിയോജക മണ്ഡലം. ഈ മണ്ഡലത്തില്‍ ഏറ്റവും ദരിദ്രരായവരുടെ കൂട്ടത്തിലൊരാളാണ് അല്‍പ്പം മാനസിക വിഭ്രാന്തി കൂടിയുള്ള അറുപതുകാരനായ തച്ചോളി രവി. ഇയാള്‍ തനിച്ചാണ് ഈ വീട്ടില്‍ താമസിക്കുന്നത്. അവിടെരപ്പോലും വൈദ്യുതി കണക്ഷന് നല്‍കാത്തവരാണ് ഞായറാഴ്ച മന്ത്രിയെക്കൊണ്ട് കളളപ്രഖ്യാപനം നടത്തിച്ചത്. കതിരൂര്‍ പഞ്ചായത്തിലെ ചൊയ്യോടം എന്ന പതിനാലാം വാര്‍ഡ് മെമ്പര്‍ സിപിഐക്കാരനായ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ്. ഈ വാര്‍ഡ് മെമ്പര്‍ വാര്‍ഡിന്റെ ശാപമാണെന്നാണ് പ്രദേശത്തുള്ളവര്‍ പറയുന്നത്. മാസാമാസം പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന പണവും ആനുകൂല്യങ്ങളും മറ്റു കമ്മീഷനുകളും പോക്കറ്റിലാക്കുക എന്ന ഏക ജോലിയാണ് ഈ മെമ്പര്‍ ചെയ്യുന്നതെന്നാണ് ജനങ്ങളുടെ ആരോപണം. എന്നാല്‍ സിപിഐക്കാരുടെ വാര്‍ഡില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സിപിഎമ്മുകാര്‍ തടസ്സം നില്‍ക്കുകയാണെന്ന് സിപിഐക്കാര്‍ ആവലാതിപ്പെടുന്നു. കൂടാതെ സര്‍ക്കാറിന്റെ പല പദ്ധതി പരിപാടികളിലും സിപിഐക്കാരെ അടുപ്പിക്കാറില്ലെന്ന ആക്ഷേപവും അവര്‍ ഉന്നയിക്കുന്നു. ഇടതനായാലും വലതനായാലും പൊള്ള വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും മാത്രമാണ് നടത്തിവരുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. അതിന് ഉത്തമ ഉദാഹരണമാണ് പൊന്ന്യം നാലാംമൈലിലെ തച്ചോളി രവി എന്ന ആലംബഹീനന്റെ അനുഭവം. ഇതുപോലെ മണ്ഡലത്തില്‍ നിരവധി വീടുകള്‍ വൈദ്യുതി കണക്ഷനുവേണ്ടി കാത്തിരിക്കുന്നുണ്ട്. ഇവയൊന്നും കണ്ടില്ലെന്ന് നടിച്ചാണ് 20.84 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി പൂര്‍ത്തിയാക്കിയതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. നാല് കിലോമീറ്ററോളം ലൈന്‍ വലിച്ചെന്നും ഇവര്‍ പറയുന്നുണ്ട്. എന്നാല്‍ തച്ചോളി രവിക്ക് വൈദ്യുതി കണക്ഷന് നല്കാന് ലൈന്‍ വലിക്കേണ്ട കാര്യമില്ല. ആകെ 15 മീറ്റര്‍ സര്‍വ്വീസ് വയര്‍ മാത്രമേ ആവശ്യമുള്ളൂ. അതിനുപോലും താല്‍പ്പര്യം കാണിക്കാത്തവരാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ക്ഷണിച്ചുവരുത്തി തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകരെ സദസ്സിലിരുത്തി കള്ളപ്രഖ്യാപനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: