തലശ്ശേരി: ഏഷ്യാനെറ്റ് ചാനല്‍ അവതരിപ്പിച്ച സെല്‍ മി ദി ആന്‍സര്‍ എന്ന പരിപാടിയിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ അണ്ടല്ലൂരിലെ ജൂനിയര്‍ ബേസിക് സ്കൂള്‍ വിദ്യാര്‍ത്ഥിനി വിസ്മയയുടെ അച്ഛന് സന്തോഷിനെ ബുധനാഴ്ച രാത്രിയാണ് സിപിഎം സംഘം വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. പരിപാടിയുടെ അവതാരകന് സിനിമാനടനും ഇപ്പോള്‍ സിപിഎം എംഎല്‍എയുമായ മുകേഷ് ആയിരുന്നു.
അന്ന് മുകേഷിനോട് വിസ്മയ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞത് ‘എന്റെ അച്ഛന് കൂലിപ്പണിക്കാരനാണ്, ഞങ്ങളുടെ വീട്ടില്‍ ടിവി ഇല്ലാത്തതിനാല്‍ അടുത്ത വീട്ടില്‍ പോയാണ് ‘സെല്‍ മി ദ ആന്‍സര്‍’ എന്ന പരിപാടി കാണുന്നത്. ഈ പരിപാടിയില്‍ നിന്ന് എനിക്ക് എത്ര രൂപ ലഭിച്ചാലും അത് അച്ഛന് വലിയൊരു സഹായമാകുമെന്നാണ്’. ഈ പരിപാടിയിലെ സംഭാഷണ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അണ്ടല്ലൂരിനും ധര്‍മ്മടത്തിനും മാത്രമല്ല, തലശ്ശേരിക്കും കണ്ണൂരിനും അഭിമാനമായി മാറിയ 13 കാരിയായ മകള്‍ എന്താണോ സ്വപ്നം കണ്ടത് അത് പൂവണിയാന്‍ അനുവദിക്കാതെയാണ് സിപിഎം നരാധമന്മാര് വിസ്മയയുടെ അച്ഛനെ നിഷ്ഠുരമായി വെട്ടിക്കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം ഇതില്‍ സിപിഎമ്മിന് പങ്കില്ല എന്ന പതിവ് പല്ലവിയല്ലാതെ ഏതെങ്കിലുമൊരു രാഷ്ട്രീയ കേസോ പരാതിയോ സിപിഎം സംഘം കൊലപ്പെടത്തിയ സന്തോഷിന്റെ പേരിലില്ല. എന്നാല്‍ ഇത് കുടുംബവഴക്കാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒരു നിസ്സാരമായ പരാതിയാണ് സിപിഎം ഉയര്‍ത്തിക്കാട്ടുന്നത്. ഭരണസ്വാധീനം ഉപയോഗിച്ച് നിരപരാധികളെ കേസില്‍പ്പെടുത്തി യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ കഴിയുമോ എന്നാണ് സിപിഎം നേതാക്കള്‍ തലപുകഞ്ഞാലോചിക്കുന്നത്. അതിനാവശ്യമായ പ്രചാരണവും കൊലപാതകം പുറത്തറിഞ്ഞ ഉടനെ സോഷ്യല്‍ മീഡിയ വഴിയും പിന്നീട് ദൃശ്യമാധ്യമങ്ങള്‍ വഴിയും നടത്തിവരികയാണ്.
ആദ്യകാല ഓട്ടോറിക്ഷാ ഡ്രൈവറും പിന്നീട് കൂലിപ്പണിക്കാരനുമായ സന്തോഷ് പാവപ്പെട്ട കുടുംബത്തിലെ അംഗമാണ്. സന്തോഷും ഭാര്യയും മക്കളായ സാരംഗ്, വിസ്മയ എന്നിവരും ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും ആവശ്യമായ വരുമാനം പോലുമില്ലാത്തതിനാല്‍ വളരെ ബുദ്ധിമുട്ടിയാണ് ജീവിതം മുന്നോട്ട് നയിച്ചത്. മക്കളുടെ വിദ്യാഭ്യാസത്തിനായി പലരോടും പലതവണ കടം വാങ്ങി. അതുകൊണ്ടുതന്നെ വീടിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സന്തോഷിന് കഴിയുമായിരുന്നില്ല. ഇപ്പോഴും ഒരു കൊച്ചുകൂരയില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി അതിനകത്താണ് ഈ കുടുംബം കഴിയുന്നത്.
ഈ കൂരക്കകത്ത് തന്നെയാണ് അറിവിന്റെ പ്രതിഭ തെളിയിച്ചുകൊണ്ട് വിസ്മയ ഏഷ്യാനെറ്റിന്റെ സെല്‍മി ദി ആന്‍സര്‍ പരിപാടിയില്‍ പങ്കെടുത്ത് ലോകശ്രദ്ധ പിടിച്ചുപറ്റിയത്. ഇക്കാര്യം വ്യക്തമായി അറിയാവുന്ന ആളും പ്രസ്തുത പരിപാടിയുടെ അവതാരകനുമായ മുകേഷ് അന്ന് വിസ്മയയെ വിസ്മയത്തോടെ നോക്കുകയും പുകഴ്ത്തിപ്പറയുകയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയും ചെയ്തതാണ്. അതുകൊണ്ടുതന്നെ സിനിമാനടനും എംഎല്‍എയുമായ ‘സഖാവ്’ മുകേഷ് വിസ്മയ എന്ന അണ്ടല്ലൂരിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മറക്കാനിടയില്ല.
വിസ്മയ, സന്തോഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: