പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകണമെങ്കില്‍ മൂലധന സമാഹരണം ഫലപ്രദമാകണം. ഹര്ഷന് ബ്രദേഴ്സ് പറഞ്ഞതിനപ്പുറത്തു വ്യക്തിപരമായി തങ്ങള്‍ക്കു മറ്റൊന്നും അവരവരുടെ നിലയില്‍ സ്വരുക്കൂട്ടാനാവില്ലെന്ന് ടി.വി.ക്കും വിന്‍സന്റിനും നന്നായറിയാം.
കൃത്യമായ സാധ്യത ചൂണ്ടിക്കാട്ടാനും തന്റേതായ വഴിയില്‍ സഹായഹസ്തം നീട്ടുവാനും പ്രാപ്തനും സുസമ്മതനുമായ ഒരാളെകൂടെ കൂട്ടണം. ആരെ? അന്നത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവും അഭിഭാഷക പ്രമാണിയുമായിരുന്ന ടി.എം. വര്‍ഗീസിനെ സമീപിച്ചാലോ? ആ നിര്‍ദ്ദേശം പിറന്നത് ആരുടെ ബുദ്ധിയിലായാലും ടിവിയും വിന്‍സന്റും ആലോചിച്ചു സമയം കളഞ്ഞില്ല. ഇരുവരും ചേര്‍ന്ന് നേരെ ടി.എം. വര്‍ഗീസിനെ തിരുവനന്തപുരത്തു പുളിമൂട്ടിലുള്ള കോണ്‍ഗ്രസ് ഓഫീസില്‍ ചെന്നു കണ്ടു.
ഉദയാ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കണമെന്ന് വര്‍ഗീസ് ഉപദേശിച്ചു. താനൊരു ഷെയര്‍ എടുക്കാമെന്ന് സമ്മതിച്ചു. ഒപ്പം കൊല്ലത്തെ കശുവണ്ടി മുതലാളിയായ വെണ്ടര്‍ കൃഷ്ണപിള്ളയ്ക്കും. (ധനലക്ഷ്മി വിലാസം കൃഷ്ണപിള്ളയെന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ലോകശ്രദ്ധയിലേക്കുയര്‍ന്ന നിരവധി ചിത്രങ്ങള്‍ പില്ക്കാലത്തു നിര്‍മ്മിച്ച ജനറല്‍ പിക്ചേഴ്സ് രവി ഇദ്ദേഹത്തിന്റെ പുത്രനായിരുന്നു.) പ്ലാന്ററായ ചേപ്പാട്ടു മാത്തുക്കുട്ടിയ്ക്കും കോണ്‍ഗ്രസ് നേതാവായ ഇ. ജോണ്‍ ഫിലിേപ്പാസിനും ഓരോ ശുപാര്‍ശക്കത്തും നല്കി.
ആദ്യത്തെ രണ്ടുപേരുടെയും നിയമോപദേശകനായിരുന്നു കൃഷ്ണപിള്ള. മൂന്നാമത്തെയാള്‍ കോണ്‍ഗ്രസ് നേതൃനിരയിലെ സതീര്‍ത്ഥ്യനും. മൂവരും ടി.എം. വര്‍ഗീസിന്റെ ശുപാര്‍ശയെ മാനിച്ച് സംരംഭത്തില്‍ ഷെയറുകളെടുക്കുവാന് സന്നദ്ധരായി.കാര്യങ്ങള്‍ അത്രയുമിണങ്ങിവന്ന സന്തോഷത്തില്‍ ടിവിയും വിന്‍സന്റും മടങ്ങി. വിന്‍സന്റിന്റെ ജ്യേഷ്ഠന് സെബാസ്റ്റിയന്കുഞ്ഞുകുഞ്ഞു ഭാഗവതരെക്കൂടി കമ്പനിയില്‍ പങ്കാളിയാക്കി. ആലപ്പുഴയില്‍ ഒരു വാടകകെട്ടിടത്തിനു മുന്പില് ‘ഉദയാ പിക്ചേഴ്സ്’ എന്നെഴുതിയ ബോര്‍ഡ് തൂങ്ങി. കാറ്റും മഴയും വെയിലും കൊണ്ട് അതവിടെ ഏറെക്കാലം തൂക്കിയിട്ടു എന്നല്ലാതെ ധനസമാഹരണത്തിലോ സ്ഥാപനവഴിയെയോ കാര്യമായ മുന്നേറ്റമൊന്നുമുണ്ടായില്ല പക്ഷേ!
ഇതിനിടയില്‍ ടി.വി. തോമസിന് ആദ്യനാളുകളിലെപ്പോലെ സജീവമായി നിര്മ്മാണകേന്ദ്ര പ്രവര്‍ത്തനങ്ങളില്‍ സജീവമായും പ്രത്യക്ഷമായും സഹവര്ത്തിയ്ക്കാനാവാതെ വന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ടിവി അതിനകം കരുത്തനായ സമുന്നത നേതാവായി മാറിക്കഴിഞ്ഞിരുന്നു. അതിന്റെ തിരക്കുകള്‍ വേണ്ടതിലേറെ. പുന്നപ്ര-വയലാര്‍ സമരനാളുകള്‍ തൊട്ടേ ടിവി, സിപിയുടെയും ഭരണ വ്യവസ്ഥിതിയുടെയും വിദേ്വഷം വേണ്ടുവോളം പിടിച്ചുപറ്റിയിരുന്നു.
അറസ്റ്റും ജയില്‍ ജീവിതവും പതിവായി. ഒളിവില്‍ കഴിയേണ്ട നാളുകള്‍ പുറമെയും. അതിനിടയില്‍ താന്‍ മുമ്പില്‍ നിന്നാല്‍ തന്നോടുള്ള ശത്രുത അധികാരി വ്യവസ്ഥിതി ‘ഉദയാ’യോടും കാണിച്ചാലോ എന്ന ശങ്കയും. ചലച്ചിത്ര ശ്രമങ്ങള്‍ക്കു അന്യഥാ ലഭിച്ചേക്കാവുന്ന പിന്‍ബലങ്ങള്‍ തന്റെ മുന്‍നിര സാന്നിധ്യംമൂലം നഷ്ടപ്പെടരുത്.
വിന്സന്റിനോടുള്ള മമതയും താന്‍കൂടി ചേര്‍ന്നു വിഭാവനം ചെയ്തു താലോലിച്ചുപോന്ന ചലച്ചിത്ര സ്വപ്നത്തെക്കുറിച്ചുള്ള കരുതലും തന്നെയാണ് ടിവിയെ ഇപ്രകാരമൊരു നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്.
മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായ ടിവിയെയാണ് പിന്നീട് നാം കാണുന്നത്. അപ്പോഴും വിന്‍സന്റിനോടും ഉദയാ പ്രസ്ഥാനത്തോടും അദ്ദേഹം എന്നും പ്രത്യേക താല്പര്യം കാണിച്ചുപോന്നു. സ്റ്റുഡിയോ സ്ഥാപനം കഴിഞ്ഞുള്ള പ്രാരംഭനാളുകളില്‍ ഏതാനും ചിത്രങ്ങള്‍ കനത്ത നഷ്ടം വരുത്തിവയ്ക്കുകയും പങ്കാളികള്‍ കൈവെടിയുകയും മൂലം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ‘ഉദയാ’ ആടിയുലഞ്ഞപ്പോള്‍ അന്നു വ്യവസായവകുപ്പുമന്ത്രിയായിരുന്ന ടി.വി. തോമസ് മുന്കയ്യെടുത്തനുവദിപ്പിച്ച സഹായവായ്പയാണത്രെ ആശ്രയമായത്? മലയാളക്കരയില്‍ സിനിമയെ ഒരു വ്യവസായമായി കാണാന്‍ ഗവണ്മെന്റ് തയ്യാറായതും ആ വ്യവസായത്തിനായി വായ്പ അനുവദിക്കുന്ന കീഴ്വഴക്കമുണ്ടായതും അതാദ്യമായാണെന്നു ചൂണ്ടിക്കാട്ടുന്നു സംവിധായകന് ഫാസില്‍.
മാറിമാറി വന്ന ഭരണകൂടങ്ങള്‍ സിനിമയോടുള്ള സമീപനത്തില്‍ എന്തെങ്കിലും അനുഭാവപൂര്‍വ്വമായ നിലപാടുകള്‍ കൈക്കൊണ്ടിട്ടുണ്ടെങ്കില്‍ അതിന് പ്രേരകമായത് ടി.വി. തോമസിന്റെ ഈ നിറമനസ്സാണെന്ന് ഫാസില്‍ സാക്ഷ്യപ്പെടുത്തുന്നു.
ടി.വി. തോമസ് ശ്രമങ്ങൡ സജീവമല്ലാതെയായതോടെ ചലച്ചിത്ര പദ്ധതിയുടെ ഊര്‍ജം ചോര്‍ന്നു. പങ്കാളികളില്‍ പലരുടെയും ഓഹരി സന്നദ്ധത വാഗ്ദാനത്തിനപ്പുറത്തേക്കു കടന്നിരുന്നില്ല. എങ്കിലും അവര്‍ പൊതുവെയുണ്ടായിരുന്ന ബാഡ്മിന്റണ്‍ കളി താല്പര്യം ഉപയോഗിച്ച് അവരില്‍ സ്ഥലത്തുള്ളവരെയെല്ലാം വിന്‍സന്റ് ലത്തീന്‍ പള്ളിയ്ക്കടുത്തുള്ള ഒരു വീട്ടുമുറ്റത്തോടു ചേര്‍ന്നുള്ള ബാഡ്മിന്റണ്‍ ഗാര്‍ട്ടില്‍ പതിവായി കളിക്കുവാന്‍ വിളിച്ചുവരുത്തിപ്പോന്നു.
കളിയും ആഘോഷസദിരും അതിനിടയില്‍ മരുന്നിനെന്നോണം ചലച്ചിത്രചിന്തയുമായി നാളുകള്‍ നീങ്ങവേ ബാഡ്മിന്റന്‍ കോര്‍ട്ടിനോടു ചേര്‍ന്നുള്ള വീട്ടില്‍ താമസിച്ചിരുന്ന ഒരു യുവവ്യവസായി ഇവരെയും അവര്‍ ഇയാളേയും ശ്രദ്ധിക്കുവാന്‍ തുടങ്ങി. അതൊരു ചങ്ങാത്തമായി. അയാളെക്കൂടി അവര്‍ കളിയില്‍ പങ്കെടുപ്പിച്ചു. അയാള്‍ വലിയ കളിക്കാരനൊന്നുമായിരുന്നില്ല. അവര്‍ പ്രേരിപ്പിച്ചു. സൗഹൃദത്തെ മാനിച്ച് അയാള്‍ കൂട്ടത്തില്‍ ചേര്‍ന്നു. അതിനു പിന്നില്‍ സമര്‍ത്ഥമായി കരുക്കള്‍ നീക്കിയത് വിന്‍സന്റായിരുന്നു. ആ ചെറുപ്പക്കാരന് കയര്‍ വ്യവസായത്തില്‍ ജയിച്ചുകയറി, ബോട്ടുവ്യവസായത്തില് കുടുംബത്തിനുണ്ടായിരുന്ന മേധാവിത്വത്തില്നിന്ന് വിട്ടുപോരാതെ ഓയില്‍ മില്ലു തുടങ്ങി. അതിനുപുറമെ അബ്കാരിയിലും കൈവച്ചു ജേതാവായി കുതിയ്ക്കുന്ന കാലമാണ്. പുതിയ വ്യാപന സാധ്യതകള്‍ തേടി പിടിച്ചടക്കാനുള്ള സാഹസികമായ ത്വര അയാള്‍ക്കു ജന്മസിദ്ധമായുണ്ട്. (കാലവും അയാള്ക്കനുകൂലമാണിപ്പോള്.)
രണ്ടാം ലോകയുദ്ധക്കാലത്ത് കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്പില്‍ വലിയ ഡിമാന്റുണ്ടായതോടെ ആലപ്പുഴ ഭാഗത്ത് കൂണുകള്‍പോലെ കയര്‍ ഫാക്ടറികള്‍ ഉയര്‍ന്നുവന്നു. പാരമ്പര്യരീതികള്‍ അതേപടി തുടര്ന്നുപോന്നവര് പതുങ്ങി പമ്മി നിന്നപ്പോള്‍ സാഹസികമായി കാലത്തിനു മുന്‍പേ സഞ്ചരിക്കുവാന്‍ ചങ്കൂറ്റം കാണിച്ചവര്‍ കുതിച്ചുകയറി. യുദ്ധം കഴിഞ്ഞതോടെ ഒരാവേശത്തിന് മാത്രം ഈ രംഗത്തേക്കു വന്നവര്‍ ഇടറി പിന്‍വാങ്ങി. പാരമ്പര്യരീതിക്കാര് അപ്പോഴും മന്ദശ്രുതിയില്‍ തുടര്‍ന്നു.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ മദ്ധ്യഭാഗത്തായി ചെന്നൈയില്‍നിന്ന് ആലപ്പുഴയിലെത്തിയ ഗ്രെയിസ്ലിമാ എന്ന ആംഗ്ലോ ഇന്ത്യന്‍ യുവതി മുന്‍കൈയെടുത്തിട്ടാണ് ആലപ്പുഴയിലെ വിദ്യാഭ്യാസധാരയില്‍ താരപ്രൗഢിയോടെ മികവാര്‍ന്നു നില്ക്കുന്ന സെന്റ് ജോസഫ് വിദ്യാലയ സമുച്ചയമാരംഭിക്കുന്നത്. ആലപ്പുഴ വന്നശേഷം ഗ്രെയ്സ് ലിമ, സിസ്റ്റര്‍ തെരേസാ ലീമാറോസായി. പിന്നീട് കൊച്ചിയിലേക്കു മാറി. വരാപ്പുഴ കത്തോലിക്കാകസഭ രൂപതയോടു ചേര്‍ന്ന് കോണ്ഗ്രിഗേഷന് ഓഫ് സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസാ (സിഎസ്എസ്ടി) സ്ഥാപിച്ചു. അതിന്റെ തണലില്‍ ഇന്നു കൊച്ചിയിലെ ഏറ്റവും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ സെന്റ് തെരേസാസ് സ്കൂളാരംഭിച്ചു. ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് ജാതിഭേദം കൂടാതെ തുല്യപ്രാമുഖ്യം അനുവദിച്ചുകൊണ്ടാരംഭിച്ച ഈ വിദ്യാലയത്തില്‍ പണ്ഡിറ്റ് കറുപ്പന് ആദ്യനാളുകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൊച്ചി-വരാപ്പുഴ പ്രാന്തപ്രദേശങ്ങളിലെ കായല്ത്തോടുകളിലെ കയര്‍ നിര്‍മ്മാണത്തിന് അനുവര്‍ത്തിച്ചുപോന്ന പ്രാകൃതമായ രീതി പരിഷ്ക്കരിച്ചു കയറുല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് യന്ത്രവല്‍കൃത സംവിധാനങ്ങള്‍ ആദ്യമായി ഏകോപിപ്പിക്കുന്നത് സാമൂഹ്യ നവോത്ഥാന യജ്ഞങ്ങളില്‍ സമര്‍പ്പിത ശ്രദ്ധാലുവായിരുന്ന സിസ്റ്റര്‍ തെരേസലിമായാണ്. കയര്‍ നിര്‍മ്മാണം ആധുനിക സാധ്യതകളുള്ള ഒരു വ്യവസായമായി വ്യവസ്ഥാപിതമാകുവാന് ഇതു സന്ദര്‍ഭമൊരുക്കി. കൊച്ചിയില്‍ നിന്ന് ഈ യന്ത്രവല്‍കൃത രീതി നാടെങ്ങും പരന്നു. സാഹസികമായ പരീക്ഷണങ്ങള്‍ക്ക് മനക്കരുത്തുള്ളവരില് മുമ്പനായിരുന്ന നമ്മുടെ കഥാപുരുഷനും അതിന്റെ ഗുണഭോക്താവായി തുടക്കംതൊട്ടേ.
യുദ്ധം വന്നപ്പോള്‍ ഈ അടിത്തറ അയാളുടെ ഉല്പന്നങ്ങള്ക്കു വൈവിധ്യവും ഗുണമേന്മയും ഏറുന്നതിനു നിമിത്തമായി. അതനുസരിച്ച് ബിസിനസ്സും വളര്‍ന്നു. എണ്‍പതോളം തൊഴിലാളികള്‍ ഇദ്ദേഹത്തിന്റെ ഫാക്ടറിയില്‍ അഹോരാത്രം ജോലിചെയ്യുന്ന അവസ്ഥയായി. അമേരിക്കന്‍ സ്ഥാപനമായ വെര്‍ണര്‍ റഗ്ലീഫ് കമ്പനിക്കാര് അദ്ദേഹത്തിന്റെ ഉല്‍പ്പന്നങ്ങള്‍ മൊത്തം വിലയ്ക്കു വാങ്ങുവാന്‍ തയ്യാറായി. യന്ത്രവല്‍ക്കരണത്തിന്റെ ഭാഗമായി നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും വന്നുകൂടുന്ന ചകിരിത്തടുക്കുകളുടെ മുകള്‍ഭാഗവും അരികുകളും കൃത്യമായി അരിഞ്ഞു ആകൃതപ്പെടുത്തുന്ന ഒരു ഷീയറിങ് ഫാക്ടറി കൂടി അനുബന്ധമായി തുടങ്ങിയതു വന്‍വിജയമായി.
അങ്ങനെ വച്ചടിവച്ചടി ജയിച്ചുകയറിവരുന്ന മാളിയംപുരയ്ക്കല്‍ മാണി ചാക്കോയുടെ മകന് എം.സി. ചാക്കോയെ ബാഡ്മിന്റന്‍ കോര്‍ട്ട് ഒരു വാതിലാക്കി കൂട്ടത്തില്‍ ചേര്‍ത്താല്‍ അദ്ദേഹത്തിന്റെ ശ്രദ്ധയും താല്പര്യവും സ്റ്റുഡിയോയിലേക്കും വ്യാപിക്കുവാന്‍ കഴിഞ്ഞാലോ എന്ന വിന്‍സന്റിന്റെ സ്വപ്നം വ്യര്‍ത്ഥമായില്ല. സമയവും സന്ദര്‍ഭവും നോക്കി വിഷയം അവതരിപ്പിച്ചു. ചലച്ചിത്ര വഴിയില്‍ ഒരുപാട് സാധ്യതകള്‍ ഒളിഞ്ഞിരിക്കുന്നത് മുന്‍കൂട്ടി കാണുവാന്‍ കുഞ്ചാക്കോയ്ക്കു കഴിഞ്ഞു. അദ്ദേഹം ഉത്സുകനായി മുന്നിട്ടിറങ്ങി.
‘ഉദയാ പിക്ചേഴ്സ്’ എന്ന പേരുമാറ്റി ‘ഉദയാ സ്റ്റുഡിയോ’ എന്ന പേരു നിശ്ചയിക്കുന്നത് കുഞ്ചാക്കോയുടെ നിര്‍ദ്ദേശപ്രകാരമാണ്. മുമ്പേ സൂചിപ്പിച്ചതുപോലെ രേഖകളില്‍ മുന്‍പറഞ്ഞവര്‍ കമ്പനിയുടമകളായി. കുഞ്ചാക്കോ തുടക്കഘട്ടത്തില്‍ ഒരു പെയ്ഡ് മാനേജര്‍ മാത്രമായി. മുന്‍പരിചയങ്ങളില്ലാത്ത ഒരു വ്യവസായ മേഖലയുടെ പൂര്‍ണ ഉത്തരവാദിത്തം രേഖാമൂലം ഏറ്റെടുക്കാതിരുന്നതും കുഞ്ചാക്കോയുടെ പ്രായോഗിക ബുദ്ധിയുടെ കരുതല്‍.
ഉദയാ കണ്‍തുറന്നു.
ഇനി?
(അടുത്ത ലക്കത്തില്‍: സംവിധായകനെ തേടി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: