ജക്കാർത്ത: കുരങ്ങന്മാരെ പറ്റിച്ചാൽ എന്താകും അനുഭവമെന്ന് ബ്രിട്ടീഷ് മോഡലായ സോഫിയ ലോങ്ഫോർഡിന് നന്നായി മനസിലായി. ബ്രിട്ടീഷ് സുന്ദരിയും കൂട്ടുകാരും ഇന്തോനേഷ്യയിലെ മനോഹരമായ ക്ഷേത്രങ്ങൾ സന്ദർശിക്കാനായിട്ടെത്തിയതാണ്. ഇവിടെ ഏറ്റവും കൂടുതൽ ഉള്ളവർ ഒരു പക്ഷേ കുരങ്ങന്മാരാണ്.
സോഫിയ തന്റെ കൺമുന്നിൽ കണ്ട ഒരു കുഞ്ഞൻ കുരങ്ങന്റെ ശ്രദ്ധ പിടിച്ചെടുക്കാൻ ശ്രമിച്ചു. സോഫിയ പഴം കഴിച്ചതിനു ശേഷം അതിന്റെ തൊലി ചേർത്തു പിടിച്ച് കുഞ്ഞൻ കുരങ്ങന്റെ മുൻപിലേക്ക് ഇട്ട് കൊടുത്തു. ആർത്തിയോടെ അവൻ അത് എടുത്തെങ്കിലും നിരാശയായിരുന്നു ഫലം.
ഇതിനിടെ സോഫിയ കുഞ്ഞൻ കുരങ്ങനെ പറ്റിക്കുന്നതെല്ലാം അടുത്തിരുന്ന മുതിർന്ന കുരങ്ങൻ വീക്ഷിക്കുന്നുണ്ടായിരുന്നു. പിന്നെ ഒട്ടും താമസിച്ചില്ല കുരങ്ങൻ സോഫിയയുടെ മുതുകിലേക്ക് ചാടിക്കയറുകയാണുണ്ടായത്. ഇതിനു പുറമെ പറ്റിക്കാനായി സോഫിയ കൈയ്യിൽ കരുതിയിരുന്ന പഴത്തൊലി കുരങ്ങച്ചൻ പിടിച്ച് വാങ്ങി ദൂരേക്ക് വലിച്ചെറിയുകയും ചെയ്തു.
ശരീരത്തിൽ നിന്നും ഇറങ്ങിപ്പോകാൻ സോഫിയ കുരങ്ങച്ചനോട് ആക്രോശിച്ചെങ്കിലും പഴത്തൊലി എറിഞ്ഞ് കളഞ്ഞതിനു ശേഷമാണ് കുരങ്ങൻ ചാടി സമീപത്തുണ്ടായിരുന്ന മതിലിലേക്ക് ചാടിക്കയറിയത്. എന്തായാലും കുരങ്ങനാന്നോർത്ത് പഴത്തൊലിയിട്ട് പറ്റിച്ചാൽ ഇങ്ങനെ തിരിച്ചടി കിട്ടുമെന്ന് സോഫിയ ഒരു പക്ഷേ ചിന്തിച്ച് കാണില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: