പുലാമന്തോള്‍: വരള്‍ച്ച അതിരൂക്ഷമായതോടെ പുലാമന്തോള്‍, വിളയൂര്‍ പഞ്ചായത്തുകളിലെ നെല്‍കൃഷി ഉണങ്ങുന്നു. വിളയൂരിലെ ഉള്ളാറ്റപ്പാടം പാടശേഖരത്തിലെ മഞ്ചീരിത്തോട് ഭാഗത്താണ് കൂടുതലായി നെല്‍കൃഷി ഉണങ്ങിയിട്ടുള്ളത്. നെല്ല് വിളയാന്‍ ദിവസങ്ങള്‍ ശേഷിക്കവെ വയലുകള്‍ ഉണങ്ങി നശിക്കുന്നത് കര്‍ഷകരെ ദുരിതത്തിലേക്ക് നയിക്കുകയാണ്. ഉണങ്ങിയ വയലുകളിലെ കാര്‍ഷിക വിളകള്‍ കഴിഞ്ഞ ദിവസം വിളയൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കൃഷി ഓഫീസര്‍ പി.വി സിന്ധു സന്ദര്‍ശിച്ചിരുന്നു. അതേസമയം കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്നും കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും കര്‍ഷകര്‍ ആരോപിച്ചു.
വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ആവശ്യമായ നടപടികളൊന്നുമായില്ല. കിണര്‍ റീചാര്‍ജ്ജ് പദ്ധതി കലക്ടറുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു, പക്ഷേ അതിന്റെ ഫലം കണ്ടുതുടങ്ങുന്നതിന് മുമ്പ് കലക്ടറെ മാറ്റി. തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ മുന്നോട്ട് വരുന്നുമില്ല. കൃത്യമായ ആസൂത്രണത്തോടെ വരള്‍ച്ചയെ നേരിട്ടില്ലെങ്കില്‍ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളെ അതിജീവിക്കുകയെന്നത് ശ്രമകരമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: