പ്രൊഫ. സത്യവ്രതശാസ്ത്രി സംസ്കൃത ഭാഷാരംഗത്തെ കുലപതിയാണ്. സംസ്കൃത ഭാഷയില്‍ ജ്ഞാനപീഠ സമ്മാനിതനായ ഇദ്ദേഹത്തിന് 38-ാമത്തെ വയസ്സില്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. അന്തര്‍ദ്ദേശീയവും ദേശീയവുമായ നൂറ്റിനാല്പ്പതോളം പുരസ്കാരങ്ങള്‍ നേടി. മൂന്ന് മഹാകാവ്യങ്ങള്‍, മൂന്ന് ഖണ്ഡകാവ്യങ്ങള്‍ തുടങ്ങി സാഹിത്യ, ഭാഷാശാസ്ത്ര വിമര്‍ശന മേഖലകളില്‍ അദ്വിതീയ സ്ഥാനമാണ് ഇദ്ദേഹത്തിനുള്ളത്.
തായ്ലന്റിലെ റാണി മഹാചക്രി സ്വിരിന്തോണിനെയടക്കം സംസ്കൃതം പഠിപ്പിച്ച ചരിത്രവുമുണ്ട്. പുരിയിലെ ജഗന്നാഥ സംസ്കൃത സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ബാങ്കോങ്, തായ്ലന്റ്, ജര്‍മ്മനി, ബെല്‍ജിയം, ആല്‍ബോര്‍ട്ട, കാനഡ എന്നിവിടങ്ങളിലെ സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസര്‍ തുടങ്ങി വിശേഷണങ്ങളില്‍ അവസാനിക്കാത്തതാണ് സത്യവ്രതശാസ്ത്രിയുടെ അക്കാദമിക മികവ്. സാമൂഹിക വിഷയങ്ങളിലും വിദ്യാഭ്യാസമേഖലയിലും ഇദ്ദേഹം സജീവമായി ഇടപെടുന്നു. കൊച്ചിയിലെ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ ലിറ്റ്ഫെസ്റ്റ് ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം അവസാനമായി കേരളത്തില്‍ വന്നത്. അദ്ദേഹം ജന്മഭൂമിക്കനുവദിച്ച അഭിമുഖത്തില്‍ നിന്ന്:
സംസ്കൃതം ഭാരതത്തിന്റെ ആത്മാവ്
സംസ്കൃതഭാഷ പരിപോഷിപ്പിക്കപ്പെടേണ്ടതുണ്ട്. ഭാരതത്തെ ഏകീകരിക്കുന്നതിനുള്ള ഒരു ഘടകമാണ് സംസ്കൃതഭാഷ. ഇന്ന് ചില സംസ്ഥാനങ്ങളിലെ ഏതാനും ഗ്രാമങ്ങളൊഴിച്ച് ഭാരതത്തിലൊരിടത്തും സംസ്കൃതം സംസാരഭാഷയല്ല. കര്‍ണാടകയിലും മധ്യപ്രദേശിലുമുള്ള ചില ഗ്രാമങ്ങളില്‍ സംസ്കൃതം സംസാരഭാഷയായി നിലനില്‍ക്കുന്നുണ്ട്. മറ്റു പ്രാദേശിക ഭാഷകള്‍ പ്രയോഗിക്കപ്പെടുന്നതുപോലെ സംസ്കൃതം പ്രചാരത്തിലില്ല. എന്നാല്‍ സംസ്കൃതം പ്രചരിപ്പിക്കേണ്ടത് സര്‍ക്കാറിന്റെ മാത്രം ഉത്തരവാദിത്തമല്ല; ജനങ്ങളാണ് ആ ദൗത്യം ഏറ്റെടുക്കേണ്ടത്.
ഭാഷകളുടെ മാതാവ്
സംസ്കൃതത്തിന്റെ ശക്തി എന്താണെന്നാല്‍ അത് ഭാരതീയ ഭാഷകളിലെല്ലാം നിറഞ്ഞുനില്ക്കുന്നു എന്നതാണ്. സംസ്കൃതത്തിന്റെ സ്വാധീനമില്ലാത്ത ഭാരതീയ ഭാഷയില്ല. മറ്റു പ്രാദേശിക ഭാഷകളിലൂടെ സംസ്കൃതം പ്രയോഗിക്കപ്പെടുന്നു എന്നത് നമുക്ക് എല്ലാവര്ക്കും അനുഭവമുള്ളതാണ്. നമ്മുടെ വ്യാവഹാരിക ഭാഷകളില്‍ സംസ്കൃത സ്വാധീനം ഏറെയാണ്. ഒറീസയില്‍ വൈസ് ചാന്‍സലറായിരിക്കെ സെനറ്റ് യോഗത്തില്‍ പങ്കെടുത്തപ്പോള്‍ ഒരനുഭവമുണ്ടായി. രണ്ടു ദിവസങ്ങളിലായി നടന്ന സെനറ്റ് യോഗത്തില്‍ നിരവധി ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളുമുണ്ടായി. സംസ്കൃത സര്‍വകലാശാലയാണെങ്കിലും സെനറ്റ് അംഗങ്ങള്‍ക്കെല്ലാം സംസ്കൃതം അറിയാമായിരുന്നില്ല. രണ്ടാം ദിവസം യോഗത്തിന്റെ അവസാന സെഷനില്‍ എനിക്ക് മറുപടി പറയേണ്ടതുണ്ടായിരുന്നു. അംഗങ്ങള്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളും സ്പര്‍ശിച്ചുകൊണ്ടായിരുന്നു എന്റെ മറുപടി. ഒറിയ ഭാഷ അറിയാമായിരുന്നോ എന്നായിരുന്നു എല്ലാവരുടെയും അന്വേഷണം. ഒറിയ അറിയില്ലെങ്കിലും ഒറിയ ഭാഷയില്‍ അവര്‍ പ്രയോഗിച്ച സംസ്കൃത ഭാഷകളുടെ ആധിക്യം കാരണം എനിക്ക് ഏതാണ്ടെല്ലാം മനസ്സിലായിരുന്നു. കശ്മീരില്‍ പോയപ്പോഴും ഇതേ അനുഭവം എനിക്കുണ്ടായി.
ഭരണഘടനാ രൂപീകരണ സമയത്തുതന്നെ സംസ്കൃത ഭാഷയെ ബന്ധഭാഷയാക്കണമെന്നും ഉദ്ദേശ്യമുണ്ടായിരുന്നു. അംബേദ്കര്‍ തന്നെയാണ് ഇത് മുന്നോട്ടു വച്ചത്. എന്നാല്‍ അത് നടപ്പായില്ല. സംസ്കൃതം രാജ്യത്തിനുള്ളിലെ അതിരുകളില്ലാതാക്കുന്നു. ദേശീയോദ്ഗ്രഥനത്തെ ശക്തിപ്പെടുത്താന്‍ സംസ്കൃതത്തിന് കഴിയും. ഇംഗ്ലീഷ് ബന്ധഭാഷയാകേണ്ടതായിരുന്നില്ല. കാരണം ഇംഗ്ലീഷ് ഇന്ത്യന്‍ ഭാഷയല്ല. എന്നാല്‍ ഇന്ന് നമുക്ക് ഇംഗ്ലീഷിനെ ആശ്രയിക്കേണ്ടിവരുന്നു. ദമയന്തിയുടെ സ്വയംവരസമയത്ത് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് രാജാക്കന്മാര് എത്തിയിരുന്നു. വിവിധ പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കുന്നവര്‍. എന്നാല്‍ പരസ്പരം മനസ്സിലാക്കാന്‍ ഇവര്‍ക്ക് ഇടയില്‍ ബന്ധഭാഷയായി നിലനിന്നത് സംസ്കൃതമാണ്.
എല്ലാ ഭാരതീയ ഭാഷകളും ശക്തിപ്പെടണം. എല്ലാ പ്രാദേശിക ഭാഷകളില്‍ നിന്നും ഉത്തമ സാഹിത്യകൃതികള്‍ മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തണം. ഭാഷയുടെ അതിരുകള്‍ കടന്ന് സംസ്കാരത്തിന്റെ വ്യാപനം നടക്കണം.
മാനുഷിക മൂല്യങ്ങള്‍ തിരിച്ചുപിടിക്കണം
മാനുഷികമൂല്യങ്ങള്‍ തിരിച്ചുപിടിക്കുക എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ ആവശ്യം. ‘മാനുഷിക മൂല്യങ്ങള്‍ നിര്‍വചനങ്ങളും വ്യാഖ്യാനങ്ങളും’ എന്ന പുസ്തകത്തില്‍ ഞാനിത് വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. മാനുഷിക മൂല്യങ്ങളെക്കുറിച്ചുള്ള സംസ്കൃത പദങ്ങളുടെ വ്യാഖ്യാനമാണതിലുള്ളത്. സത്യം എന്ന വാക്ക് എല്ലാ ഭാരതീയ ഭാഷകളിലും പ്രചാരത്തിലുണ്ട്. കേനോപനിഷത്തില് ‘അമായിതി സത്യമിതി’ എന്ന് പറയുന്നു. വാക്കിന്റെയും ശരീരത്തിന്റെയും മനസ്സിന്റെയും സമ്യക്കായ അവസ്ഥയെ ആണ് സത്യം എന്നു പറയുന്നത്. ചരിത്രാതീത കാലത്തുതന്നെയുള്ള വ്യാഖ്യാനമാണിത്. വാക്കും പ്രവര്‍ത്തിയും ഒന്നാകുന്നതിനെ യോഗസൂത്രത്തില്‍ സത്യം എന്ന് വിളിക്കുന്നു. സത്യം ഒന്നേയുള്ളൂവെന്നും അത് പ്രപഞ്ചത്തിലെ ഒന്നിനും അഹിതകരമാകരുതെന്നും പറയുന്നു. സത്യം, ഈശ്വര നന്മയെന്നു തന്നെ പറയാം. ഗുരുനാനാക്കും ഇതുതന്നെയാണ് പറയുന്നത്. എന്നാല്‍ സത്യം അനുശീലിക്കാന്‍ വളരെയധികം പ്രയാസമുണ്ട്. നാമെല്ലാവരും സത്യാന്വേഷണ പരീക്ഷയിലാണ്. ഓരോവാക്കിന്റെയും അര്‍ത്ഥവും വ്യാഖ്യാനവും പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. സ്കന്ദപുരാണത്തില്‍ ആറു തരം ദാനങ്ങളെക്കുറിച്ച് പറയുന്നു. അര്‍ത്ഥദാനം, ഭയദാനം, കാമ്യദാനം, യശോദാനം തുടങ്ങിയവ. ഇത്തരത്തിലുള്ള മൂല്യങ്ങളുടെ സ്ഥാപനം സമൂഹത്തില്‍ ഉണ്ടാവണം.
ധര്‍മ്മം മാനവരാശിയുടെ മോചനമന്ത്രം
ജനജീവിതത്തില്‍ മൂല്യങ്ങള്‍ പ്രകടമാകണം. ഇന്ന് സമൂഹത്തില്‍ അത് അനുപേക്ഷണീയമാണ്. ദയയും സ്നേഹവും സഹവര്‍ത്തിത്വവും ഉണ്ടാകാന്‍ ഇത് ആവശ്യമാണ്.
ധാരണം ചെയ്യുന്നതാണ് ധര്‍മ്മം. ്മഹൗല എന്ന വാക്കിന്റെ വിവര്‍ത്തനമായി ഇതിനെ വിേശഷിപ്പിക്കാം. സമൂഹത്തെ നിലനിര്‍ത്തുന്നതാണ് ധര്‍മ്മം. ധര്‍മ്മമില്ലാതെ സമൂഹത്തിന് നിലനില്ക്കാനാവില്ല. ധര്‍മ്മാചരണം ഒരു വ്യക്തിയില്‍ നിന്ന് ആരംഭിക്കണം. വ്യക്തിയുടെ ധര്‍മ്മനിഷ്ഠ സമൂഹത്തിന്റെ സ്വഭാവമാകുകയും അതില്‍ നിന്ന് രാഷ്ട്രത്തിനും സമ്പൂര്‍ണ മാനവരാശിക്കും ധര്‍മ്മാചരണം സാധ്യമാവുകയും ചെയ്യുന്നു. ധര്‍മ്മാചരണവും ധര്‍മ്മത്തിന്റെ പ്രാധാന്യവും നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമാകണം. അതുവഴി വിദ്യ വിജ്ഞാനത്തിലേക്ക് നയിക്കപ്പെടണം. ‘സ വിദ്യയാ യാ വിമുക്തയേ’ എന്നാണല്ലോ. വിദ്യ വിമോചനത്തിനുള്ള വാതിലാകണം. വിദ്യ മനുഷ്യജീവിതത്തെ നവീകരിക്കുന്നതിനായിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: