കണിയാമ്പറ്റ : 37 ാമത് വയനാട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്റ ആതിഥ്യമരുളാന്‍ കണിയാമ്പറ്റ ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ ഒരുങ്ങി. ജനുവരി ഒന്‍പത്, 10, 11 തിയ്യതികളില്‍ 13 വേദികളിലായി 3000ത്തോളം പ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. വേദികള്‍ക്ക് വിവിധ രാഗങ്ങളുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്. സംഘാടകസമിതി കലോത്സവ വേദി പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. 500 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള ഊട്ടുപുരയും 1000 പേര്‍ക്ക് ഒന്നിച്ച് മേള വീക്ഷിക്കാനുള്ള പ്രധാന പന്തലും പൂര്‍ത്തിയായി.
ഒന്‍പതിന് രാവിലെ ഒന്‍പത് മണിക്ക് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.പി.തങ്കം പതാക ഉയര്‍ത്തുന്നതോടെ മേളയ്ക്ക് ഔപചാരിക തുടക്കമാകും. ഉച്ചയ്ക്ക് ശേഷം പ്രധാനവേദിയായ ശ്രീരാഗില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനം കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല് എ സി.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ നിര്‍വഹിക്കും. മാനന്തവാടി നിയോജകമണ്ഡലം എംഎല്‍എ ഒ.ആര്.കേളു ഉപഹാരസമര്‍പ്പണം നടത്തും. മുന്‍ എംഎല്‍എ എം.വി.ശ്രേയാംസ്കുമാര്‍, കൊച്ചിന് മെട്രോ എംഡി ഇ.ശ്രീധരന് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ജനപ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിക്കും.
11ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം എംഎല് എ ഐ.സി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ബി.എസ്.തിരുമേനി മുഖ്യാതിഥിയായിരിക്കും. കെ.എം. ഷാജി എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്മാന് ഉമൈബ മൊയ്തീന്‍കുട്ടി, ബത്തേരി മുനിസിപ്പല്‍ ചെയര്മാന് സി. കെ.സഹദേവന് തുടങ്ങിയവര്‍ സംസാരിക്കും.
പത്രസമ്മേനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.കെ.അസ്മത്ത്, ജില്ലാവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി എ.ദേവകി, ജില്ലാപഞ്ചായത്തംഗങ്ങളായ പി.ഇസ്മായില്‍, സി.ഓമന, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.പി.തങ്കം, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പ്രഭാകരന് , പിടിഎ പ്രസിഡന്റ് അബ്ദു ള്‍ ഗഫൂര്‍ കാട്ടി, പഞ്ചായത്ത് മെമ്പര്‍ കെ.എം.ഫൈസല്‍, പ്രിന്‍സിപ്പാള്‍ കെ.ആര്.മോഹനന്, ഹെഡ്മാസ്റ്റര് എ.ഇ. ജയരാജന്, പബ്ലിസിറ്റി കണ്‍വീനര്‍ വി.ദിനേഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: