കണ്ണിനെ കുളിരണിയിക്കുന്ന കാഴ്ച്ചകളൊരുക്കി ചിത്രരചനക്കായി വ്യത്യസ്ത മാധ്യമങ്ങള്‍ തേടുകയാണ് യുവ കലാകാരി ശ്രീജ കളപ്പുരക്കല്‍. സ്ഥിരം കാഴ്ച്ചയായ കാന്‍വാസ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ രചനകളാണ് ശ്രീജയെ ശ്രദ്ധേയയാക്കുന്നത്. ഇതില്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ് കല്ലിലും തൂവലിലും തീര്‍ത്ത ചിത്രങ്ങള്‍. രാജ്യത്തിനകത്തെ വിവിധ പുഴയോരങ്ങളില്‍ നിന്നും കടലോരങ്ങളില്‍ നിന്നും ശേഖരിച്ച വിവിധ ആകൃതിയിലുള്ള പാറക്കല്ലുകളില്‍ 108 ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. അക്രിലിക് പെയിന്റിലാണ് ഇവ ഒരുക്കിയത്.
ഇന്ത്യയിലെ പരമ്പരാഗത ചിത്രകലാ രീതിയില്‍ ഉണ്ടായിരുന്നതും ആധുനിക രീതിയിലുള്ളതുമായ ചിത്രങ്ങളാണ് കല്ലില്‍ വരച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങളുടേയും രാജകീയമായതും പ്രചാരത്തിലുള്ളതുമായ ശൈലികള്‍ പഴമയും പുതുമയും നഷ്ടപ്പെടാതെ പകര്‍ത്തിയിട്ടുണ്ട്. കല്ല് മാധ്യമമാക്കി ഏറ്റവും കൂടുതല്‍ പരമ്പരാഗത ചിത്രങ്ങള്‍ പകര്‍ത്തിയതിന് യുആര്‍എഫ് ഏഷ്യന്‍ റെക്കോര്‍ഡിനര്‍ഹമായ സൃഷ്ടികള്‍ ലിംക ബുക്ക് ഓഫ് റിക്കോര്‍ഡിന്റെ പരിഗണനയിലാണ്.
ശ്രീജയുടെ സൃഷ്ടികളില്‍ പ്രത്യേകമായ മറ്റൊന്നാണ് തൂവലില്‍ തീര്‍ത്ത ചിത്രങ്ങള്‍. വളര്‍ത്തു പക്ഷികളില്‍ നിന്നായി ശേഖരിച്ച വിവിധ വര്‍ണ്ണങ്ങളിലും ആകൃതിയിലുമുള്ള തൂവലുകള്‍ കൊണ്ട് 108 ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അക്രിലിക് പെയ്ന്റിംഗില് തന്നെ തീര്‍ത്ത ഈ ശേഖരം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി. ഇരുനൂറോളം പക്ഷികളില്‍ നിന്ന് ശേഖരിച്ച തൂവല്‍ കൊണ്ട് ഏകദേശം ഒന്നരവര്‍ഷമെടുത്താണ് ഈ ചിത്രങ്ങള്‍ തീര്‍ത്തത്.
ചിത്രകലയില്‍ പ്രത്യേകിച്ച് പരിശീലനമൊന്നും നേടാതെയാണ് കൊമേഴ്സ് ബിരുദധാരിയായ ശ്രീജ ഈ സൃഷ്ടികള്‍ക്ക് ജീവന്‍കൊടുത്തത്. തേക്കിന്റെ നാടായ നിലമ്പൂരില്‍ നിന്ന് പൂരനഗരിയുടെ മരുമകളായി എത്തിയകാലത്താണ് കലയില്‍ ശ്രീജ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങുന്നത്.പാവകളുടേയും മറ്റു കരകൗശല വസ്തുക്കളുടേയും നിര്മ്മാണത്തിലേര്പ്പെട്ടായിരുന്നു തുടക്കം.
ഭാരതീയ വിദ്യാ ഭവനില്‍ പ്രി-പ്രൈമറി ടീച്ചേഴ്സ് കോഴ്സിനു ചേര്‍ന്ന് ശ്രീജ പ്രൊജക്ടുകളുടെ ഭാഗമായാണ് ചിത്രരചനയില്‍ കൂടുതലായി ഏര്‍പ്പെടുന്നത്. പിന്നീട് അവിടെത്തന്നെ ചിത്രകലാ അദ്ധ്യാപികയായി ചേരുകയായിരുന്നു.
ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നിവയിലും വിവിധ സൃഷ്ടികള്‍ ഇടം നേടിയിട്ടുണ്ട്.കൂടാതെ കേരള വികാസ് കേന്ദ്രത്തിന്റെ സ്ത്രീരത്ന അവാര്‍ഡ്, ഗ്ലോബല്‍ അവാര്‍ഡ്, വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡേഴ്സ് അസോസിയേഷന് അവാര്‍ഡ് എന്നിവയും ശ്രീജയെ തേടിയത്തിയിട്ടുണ്ട്. ലുമിനസ് എന്ന പേരില്‍ ലളിതകലാ അക്കാദമി, തൃശൂര്‍ സിഎംഎസ് സ്കൂള്‍, കൊച്ചി ലുലു മാള്‍, മമ്പാട് എംഇഎസ് കോളേജ് എന്നിവിടങ്ങളില്‍ ചിത്രങ്ങളുടെ പ്രദര്‍ശനവും നടത്തിയിട്ടുണ്ട്.
പുരസ്കാരങ്ങളും റെക്കോഡുകളും തേടിയെത്തുമ്പോഴും ശ്രീജയുടെ മനസില്‍ ഇത്രമാത്രം;പുതിയ മാധ്യമങ്ങളില്‍ വ്യത്യസ്തമായ സൃഷ്ടികള്‍ക്ക് ജീവന് നല്‍കുക ഒപ്പം വളര്ന്നുവരുന്നവരേയും വേണ്ടത്ര പരിഗണന കിട്ടാതെ പോയ കലാകാരന്മാരേയും സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമാകുക. കൂടാതെ ചിത്രരചനയെ സംബന്ധിച്ച പുസ്തക രചനയും പുരോഗമിക്കുന്നു. തൃശൂര്‍ അയ്യന്തോളില്‍ താമസിക്കുന്ന ശ്രീജ, പൂങ്കുന്നം ഹരിശ്രീ വിദ്യാനികേതന്‍ സ്കൂളിലെ ചിത്രകലാ അധ്യാപികയായിണിപ്പോള്. ഭര്‍ത്താവ് സത്യന്. മകന് മഹേശ്വര് വിദ്യാര്‍ത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: