പെരിന്തല്‍മണ്ണ: ഹരിത കേരള മിഷന് നടപ്പാക്കാന്‍ നാടാകെ നെട്ടോട്ടമോടുന്ന സിപിഎമ്മിന് നാണക്കേടായി ഏലംകുളം പഞ്ചായത്ത് ഓഫീസ് മാറുന്നു. പഞ്ചായത്ത് രൂപീകരിച്ചത് മുതല്‍ ഇവിടെ ഭരണം കൈയ്യാളുന്നത് സിപിഎമ്മാണ്.
കമ്യൂണിസ്റ്റ് ആചാര്യന് ഇഎംഎസിന്റെ ജന്മദേശംകൂടിയാണിത്. കേരളത്തിലെ ഒട്ടുമിക്ക പഞ്ചായത്ത് ഓഫീസുകളും സ്മാര്‍ട്ട് ഓഫീസുകളായി മാറുമ്പോള്‍ കുപ്പത്തൊട്ടിയായി മാറിയിരിക്കുകയാണ് ഏലംകുളം പഞ്ചായത്ത് ഓഫീസ്. പൊട്ടിയ വാഷ്ബെയിസിനും മാലിന്യം നിറഞ്ഞ പ്ലാസ്റ്റിക് കവറുകളും ചിതറി കിടക്കുന്ന പേപ്പര്‍ കൂമ്പാരങ്ങളും ഓഫീസിന്റെ മുഖമുദ്രയായി മാറി കഴിഞ്ഞു.
പബ്ലിക്ക് ടോയ്ലറ്റുകളെ കടത്തിവെട്ടുന്ന ദുര്‍ഗന്ധം കാരണം പൊതുജനങ്ങള്‍ ഇവിടേക്ക് വരാന്‍ പോലും മടിക്കുകയാണ്. പഞ്ചായത്ത് ഓഫീസ് കൂടാതെ കെഎസ്ഇബി, കൃഷി ഭവന്, ഹോമിയോ ക്ലിനിക് എന്നിവയെല്ലാം ഒരേ കുടക്കീഴില് ആയതിനാല്‍ നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി ഇവിടെ വന്നു പോകുന്നത്.
ഇവര്‍ക്ക് ആവശ്യമായ യാതൊരുവിധ സൗകര്യവും ഒരുക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. മാത്രമല്ല, പഞ്ചായത്ത് അധികൃതരുടെ പിടിപ്പുകേട് കൊണ്ട് നശിക്കുന്നത് ലക്ഷങ്ങളുടെ പൊതുമുതലാണെന്നും ജനങ്ങള്‍ പരാതി പറയുന്നു.
അതേസമയം, ശുചിത്വം എന്താണെന്ന് ഏലംകുളത്തെ സിപിഎം പ്രതിനിധികള്‍ക്ക് പഠിപ്പിച്ചു കൊടുക്കാന്‍ യുവമോര്‍ച്ച തയ്യാറാണെന്ന് മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് അറക്കല്‍ പറഞ്ഞു. സ്വച്ഛ് ഭാരത് മിഷന് ഭാരതം മുഴുവന്‍ നടപ്പാക്കിയപ്പോള്‍ കേവലം രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ പുറംതിരിഞ്ഞു നിന്ന സിപിഎം നേതൃത്വം ജനങ്ങളെയാണ് വഞ്ചിച്ചതെന്നും യുവമോര്‍ച്ച കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: