ബത്തേരി : ബത്തേരിയെ ജില്ലയിലെ ആദ്യ കറന്‍സി രഹിത താലൂക്കായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കറന്‍സിരഹിത ജില്ല പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒരു താലൂക്കിനെ കറന്‍സിരഹിതമായി പ്രഖ്യാപിക്കുന്നത് ആദ്യമായാണ്. ബത്തേരിനഗരസഭ വൈസ്ചെയര്‍പേഴ്സണ്‍ ജിഷാ ഷാജിയാണ് പ്രഖ്യാപനം നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരതയുടെ ഭാഗമായാണ് പ്രഖ്യാപനം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ഒരുവില്ലേജിലെ 40 ഉപഭോക്താക്കളും 10 വ്യാപാരികളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിയാല്‍ ആ വില്ലേജിനെ കറന്‍സിരഹിതമായി പ്രഖ്യാപിക്കാം. ബത്തേരി താലൂക്കിലെ ബത്തേരി നഗരസഭയിലെയും നെന്മേനി, നൂല്‍പ്പുഴ, അമ്പലവയല്‍, പൂതാടി, മീനങ്ങാടി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി വില്ലേജുകളിലെയും പൊതുജനങ്ങള്‍ ഫലപ്രദമായി ഡിജിറ്റല്‍ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്. കറന്‍സിരഹിതമായി സര്‍വ്വീസ് നടത്തുന്ന ബീനാച്ചി ഓട്ടോ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍മാരെ ചടങ്ങില്‍ അനുമോദിച്ചു. ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.ചാമിക്കുട്ടി അധ്യക്ഷനായി. ബത്തേരി തഹസില്‍ദാര്‍ എം. ജെ.സണ്ണി, വാര്‍ഡ് മെമ്പര്‍ ഷബീര്‍ അഹമ്മദ്, ലീഡ് ബാങ്ക് പ്രതിനിധി അവനീഷ് കുമാര്‍, വികാസ് പീഡിയ സംസ്ഥാന കോ-ഓഡിനേറ്റര്‍ സി.വി.ഷിബു, അക്ഷയ കോ-ഓഡിനേറ്റര്‍ ജിന്‍സി ജോസഫ്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓഡിനേറ്റര്‍ കെ.പി.ജയചന്ദ്രന്, ഇ-ഗവേണന്‍സ് ജില്ലാ ഓഫീസര്‍ ജെറിന് സി. ബോബന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: